Sections

ക്രിപ്‌റ്റോ കറന്‍സി ബില്ല് മന്ത്രിസഭയുടെ അംഗീകാരത്തിന് ?; എന്താണ് ഈ ക്രിപ്‌റ്റോ ?

Tuesday, Aug 17, 2021
Reported By admin
crypto

ഇന്ത്യയില്‍ ഏറ്റവും വ്യാപകമായി ചര്‍ച്ച ചെയ്യുന്ന  ക്രിപ്‌റ്റോ കറന്‍സികള്‍ എന്താണ് ?

 

കഴിഞ്ഞ കുറച്ചധികം കാലമായി ഇന്ത്യയില്‍ ഏറ്റവും വ്യാപകമായി ചര്‍ച്ച ചെയ്യുന്ന വിഷയമാണ് ക്രിപ്‌റ്റോ കറന്‍സികള്‍.സര്‍ക്കാര്‍ ക്രിപ്‌റ്റോകളെ സംശയത്തോടെ വീക്ഷിക്കാന്‍ ആരംഭിച്ചതോടൈ ഇന്ത്യ മറ്റ് വിദേശരാജ്യങ്ങളിലെ ക്രിപ്‌റ്റോ നിക്ഷേപസാധ്യതകളെ നോക്കിയിരിക്കേണ്ട സ്ഥിതിയായി.ഇപ്പോഴിതാ വിഷയത്തില്‍ വീണ്ടും അനക്കവുമായി ക്രിപ്റ്റോ കറന്‍സികളുടെ ഇന്ത്യയിലെ ഭാവി നിശ്ചയിക്കുന്ന ക്രിപ്റ്റോ കറന്‍സി ബില്ല് മന്തിസഭയുടെ അംഗീകരത്തിനായി സമര്‍പ്പിച്ചിരിക്കുകായാണ്.കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ആണ് ഇക്കാര്യം തുറന്നു പറഞ്ഞത്.ക്രിപ്‌റ്റോകറന്‍സികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച സാമ്പത്തികകാര്യ സെക്രട്ടറി ചെയര്‍മാനായുള്ള പാനല്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചതായും അവര്‍ വ്യകതമാക്കി. ആര്‍.ബി.ഐ. ഔദ്യോഗികമായി പുറത്തിറക്കുന്ന ഡിജിറ്റല്‍ കറന്‍സിയൊഴികേ മറ്റെല്ലാ ഡിജിറ്റല്‍ കോയിനുകളുടേയും പ്രവര്‍ത്തനം ഇന്ത്യയില്‍ വിലക്കിയേക്കുമെന്നാണു സൂചന. 

അതേസമയം നിലവില്‍ വിപണിയിലുള്ള ക്രിപ്റ്റോ കറന്‍സികളിലും അവയിലെ ഇന്ത്യക്കാരുടെ നിക്ഷേപങ്ങളിലും ആര്‍.ബി.ഐ. ആശങ്ക ഉന്നയിച്ചിട്ടുണ്ട്.
ക്രിപ്റ്റോ കറന്‍സികളുടെ കാര്യത്തില്‍ കേന്ദ്രത്തിന്റെ തീരുമാനം തന്നെയാണ് ആര്‍.ബി.ഐക്കെന്നും സാമ്പത്തിക സ്ഥിരത കൈവരിക്കേണ്ടതുണ്ടെന്നും ആര്‍.ബി.ഐ. ഗവര്‍ണര്‍ ശക്തികാന്താ ദാസ് വ്യക്തമാക്കി. സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്നു ക്രിപ്റ്റോ കറന്‍സികളിലെ നിക്ഷേപങ്ങള്‍ വിലക്കിക്കൊണ്ടുള്ള 2018ലെ സര്‍ക്കുലര്‍ ആര്‍.ബി.ഐ. അടുത്തിടെ പിന്‍വലിച്ചിരുന്നു.


ഈ സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടി ഉപയോക്താക്കള്‍ക്കു ക്രിപ്റ്റോ കറന്‍സികളിലെ നിക്ഷേപം വിലക്കരുതെന്നു ബാങ്കുകള്‍ക്കു നിര്‍ദേശവും നല്‍കിയിരുന്നു. ഇതിനുശേഷം ക്രിപ്റ്റോ കറന്‍സി നിക്ഷേപങ്ങളില്‍ വന്‍ വര്‍ധനയാണു രേഖപ്പെടുത്തിയത്.100 രൂപ മുതല്‍ ഉപയോക്താക്കള്‍ക്കു നിക്ഷേപത്തിന് അവസരമുണ്ടെന്നതും ക്രിപ്റ്റോ കറന്‍സികളുടെ പ്രചാരം വര്‍ധിപ്പിക്കുന്നുണ്ട്. 

ക്രിപ്റ്റോ കറന്‍സികള്‍ വിലക്കി കൊണ്ടുള്ള ബില്ല് സര്‍ക്കാര്‍ അവതരിപ്പിച്ചാല്‍ വിഷയം വീണ്ടും കോടതി കയറുമെന്ന് ഉറപ്പാണ്. ക്രിപ്റ്റോ പ്രേമികള്‍ക്കായി ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുമെന്ന് ആര്‍.ബി.ഐ. നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇവയുടെ ഉപയോഗതലം വ്യക്തമല്ല. ഈ വര്‍ഷം അവസാനത്തോടെ ആര്‍.ബി.ഐയുടെ ഡിജിറ്റല്‍ കറന്‍സികള്‍ അവതരിപ്പിക്കുമെന്നാണു വിലയിരുത്തല്‍. അതേസമയം ഈ കോയിനുകള്‍ക്കു പ്രമുഖ കോയിനുകളായ ബിറ്റ്കോയിന്‍ പേലെയോ ഏതേറിയം പോലെയോ വരുമാനം ഉപയോക്താക്കള്‍ക്കു സമ്മാനിക്കാനുകുമോയെന്ന കാര്യത്തിലും ആശങ്കയുണ്ട്.


ആര്‍.ബി.ഐ. കോയിനുകള്‍ക്കൊപ്പം തന്നെ മറ്റു കോയിനുകളേയും ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കണമെന്നാണു ക്രിപ്റ്റോ പ്രേമികളുടെ ആവശ്യം. ഇതു സാധ്യമായാല്‍ കടുത്ത മത്സരത്തിനു വിപണി സാക്ഷ്യം വഹിക്കും. മറ്റു കോയിനുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കടുത്ത നിയന്ത്രണവും വേണ്ടിവരും.

എന്താണ് ക്രിപ്‌റ്റോ കറന്‍സിയെന്നും അതിനെ ചൊല്ലി രാജ്യത്ത് ഇത്രയധികം ചര്‍ച്ച ചെയ്യേണ്ട കാര്യമുണ്ടോ എന്നും തിരിച്ചറിയാത്ത ന്യൂനപക്ഷം ആളുകള്‍ നമുക്കിടയില്‍ ഉണ്ടെന്നത് സത്യം തന്നെ അറിയാം ക്രിപ്‌റ്റോ കറന്‍സിയെ കുറിച്ച് കൂടി.

ക്രിപ്‌റ്റോ കറന്‍സികളില്‍ ആദ്യം തരംഗമായി മാറിയത് ബിറ്റ്‌കോയിന്‍ ആയിരുന്നു.പിന്നാലെ എതേറിയം,കാര്‍ഡാനം,ഡോജ്‌കോയിന്‍,റിപ്പിള്‍ തുടങ്ങി നിരവധി ക്രിപ്‌റ്റോ നാണയങ്ങല്‍ പുറത്തിറങ്ങി.കഴിഞ്ഞ 12 മാസക്കാലമായി ക്രിപ്‌റ്റോ നാണയങ്ങള്‍ വളരെ മുന്നേറ്റത്തിലുമാണ്.

ഇന്ത്യയിലും ക്രിപ്‌റ്റോ വലിയ സ്വാധീനം ചെലുത്തി.നിരവധി എക്‌സ്‌ചേഞ്ച് പ്ലാറ്റ് ഫോമുകള്‍ നിക്ഷേപകര്‍ക്ക് ക്രിപ്‌റ്റോ കറന്‍സികള്‍ വാങ്ങാനും വില്‍ക്കാനും അവസരം നല്‍കുന്നുണ്ട്.കോയിന്‍ ഡിസിഎക്‌സ് ഈ രംഗത്തെ ഇന്ത്യന്‍ സംഭാവനയാണ്.ഈ വളര്‍ച്ച കണ്ട് തന്നെയാണ് ക്രിപ്‌റ്റോയെ കുറിച്ചുള്ള ആശങ്കകളും ഉയരുന്നത്.

പേരു സൂചിപ്പിക്കുന്നത് പോലെ ക്രിപ്‌റ്റോ കറന്‍സികള്‍ ശരിക്കും ഡിജിറ്റല്‍ പണം തന്നെയാണ് ഇവ കാണാനോ സ്പര്‍ശിക്കാനോ കഴിയില്ല.എന്നാല്‍ മികച്ച മൂല്യവുമുണ്ട്. ബാങ്ക് പോലെ ഒരു ധനകാര്യ അതോറിറ്റിയുടെ മേല്‍നോട്ടം ഇല്ലാത്തതിനാല്‍ ഇടപാടുകളുടെ ട്രാക്കുകള്‍ സൂക്ഷിക്കാന്‍ കമ്പ്വൂട്ടര്‍ ശൃംഖലയെ ആശ്രയിക്കുന്ന ബ്ലോക്ക് ചെയിന്‍ ടെക്‌നോളജിയാണ് ക്രിപ്‌റ്റോ വിനിമയത്തെ പിന്തുണയ്ക്കുന്നത്.

ക്രിപ്‌റ്റോകള്‍ പുതിയ ആശയം ആയതു കൊണ്ട് തന്നെ ഇവയുടെ കൃത്യമായ ഉപയോഗം ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.സ്വര്‍ണ്ണം റിയല്‍എസ്‌റ്റേറ്റ് പോലുള്ള ആസ്തികളില്‍ മൂല്യത്തിന്റെ സ്‌റ്റോറായി ഇതിനെ താരമ്യപ്പെടുത്താം.ഭാവിയില്‍ കൂടുതല്‍ ആളുകള്‍ ക്രിപ്‌റ്റോ സൂക്ഷിക്കാന്‍ തുടങ്ങുമ്പോള്‍ ഇവയുടെ മൂല്യവും ഉപയോഗവും ഉയരും.

ക്രിപ്‌റ്റോയുടെ ഏറ്റവും വലിയ പ്രത്യേകത ഇവയെ മറ്റെതങ്കിലും പണമായി മാറ്റാന്‍ സാധിക്കും എന്നതാണ്.എക്‌സ്‌ചേഞ്ച് പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ഏത് ക്രിപ്‌റ്റോ കറന്‍സിയും രൂപയിലോക്ക് ഡോളറിലേക്കോ മറ്റേത് കറന്‍സിയേലേക്കോ മാറാം.

എക്‌സ്‌ചേഞ്ച് പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് ക്രിപ്‌റ്റോകറന്‍സികള്‍ വാങ്ങേണ്ടതും.നിക്ഷേപകര്‍ക്ക് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ് സ്റ്റോറില്‍ നിന്നോ ഇതുമായി ബന്ധപ്പെട്ട ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.ആപ്പുകള്‍ സൈന്‍ അപ് ചെയ്ത് കെവൈസി നല്‍കി വാലറ്റിലേക്ക് പണം മാറ്റി താല്‍പര്യമുള്ള ക്രിപ്‌റ്റോ കോയിനുകള്‍ വാങ്ങാം.ഇന്ത്യയില്‍ കോയിന്‍സ്വിച്ച് കുബെര്‍,കോയിന്‍ഡിസി എക്‌സ് ഗോ,വാസിര്‍ എക്‌സ് തുടങ്ങിയ വിനിമയ രംഗങ്ങള്‍ ഏറെ പ്രശസ്തമാണ്.ഇതിലൂടെ ബിറ്റ്‌കോയിന്‍ അടക്കമുള്ള ഏത്് ക്രിപ്‌റ്റോയും നിക്ഷേപകര്‍ക്ക് സ്വന്തമാക്കാം.

ദീര്‍ഘകാല നിക്ഷേപം എന്ന നിലയിലും ഉപയോഗിക്കാവുന്ന ക്രിപ്‌റ്റോകള്‍ ഭാവിയില്‍ വലിയ നേട്ടം കൊണ്ടുവരുമെന്ന പ്രതീക്ഷയാണ് നിക്ഷേപകര്‍ക്ക്.ഉദാഹരണത്തിന് ബിറ്റ്‌കോയിന്‍ ഇന്നത്തെ നിലവാരത്തിലേക്ക് എത്താന്‍ ഏകദേശം ഒരു പതിറ്റാണ്ട് സമയം എടുത്തിട്ടുണ്ട്.അതിനൊപ്പം ക്രിപ്‌റ്റോ വിപണികള്‍ അസ്ഥിരമാണ്.മറ്റ് ധനകാര്യ മാര്‍ക്കറ്റുകളെക്കാള്‍ വേഗത്തില്‍ ചാഞ്ചാടാം.

ക്രിപ്‌റ്റോയുമായി ബന്ധപ്പെട്ട പല വിവരങ്ങളും ഭാവിയില്‍ വലിയ തോതിലുള്ള ഉപയോഗത്തിലൂടെ മാത്രമെ പുറത്തറിയാന്‍ സാധിക്കു.അതുപോലെ ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ നിയന്ത്രണങ്ങള്‍ക്ക് കീഴിലുമല്ല എക്‌സ്‌ചേഞ്ച് പ്ലാറ്റ്‌ഫോമോ കോയിനോ തട്ടിപ്പിലൂടെ നിര്‍മ്മിക്കാനും അതിലൂടെ നിക്ഷേപകരെ വഞ്ചിട്ട് പണം തട്ടാനും അവസരം തുറന്നു കിടക്കുന്നുണ്ട്.

ക്രിപ്‌റ്റോകറന്‍സികള്‍ ഉപയോഗിച്ചുള്ള ഇടപാടും വിനിമയവും ഇന്ത്യയില്‍ പ്രോത്സാഹിപ്പിക്കുന്നില്ല.അതുകൊണ്ട് ഇവിടെ ക്രിപ്‌റ്റോ വാങ്ങാന്‍ അനുവദിക്കുന്ന കമ്പനികളോ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളോ പ്രവര്‍ത്തിക്കുന്നില്ല.നിയമ വിരുദ്ധമായി കണക്കാക്കുന്നില്ലെങ്കിലും ഇന്ത്യയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍പ്പെടാത്തതിനാല്‍ നിക്ഷേപകര്‍ക്ക് ആശങ്കപ്പെടേണ്ട സാഹചര്യം നിലനില്‍ക്കുന്നുണ്ട്.

ബാങ്കുകളെയും സര്‍ക്കാരിനെയും ആശ്രയിക്കുന്നത് കുറച്ച് അധികാരം ജനങ്ങളുടെ കൈകളില്‍ സൂക്ഷിക്കുക എന്ന ആശയത്തിലൂന്നിയാണ് 2008ലെ സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ ക്രിപ്‌റ്റോ കറന്‍സികള്‍ സൃഷ്ടിക്കപ്പെട്ടത്.ഭാവിയിലും പണത്തിന് പകരം ആകാന്‍ ബുദ്ധിമുട്ടാണെങ്കിലും ആധുനിക ആശയം എനന് രീതിയില്‍ രാജ്യം മുഖം തിരിക്കരുതെന്നാണ് ക്രിപ്‌റ്റോ ആരാധകരുടെ ആവശ്യം.

നിലവില്‍ ക്രിപ്‌റ്റോയിലേക്ക് നിക്ഷേപിക്കും മുന്‍പ് ആ കോയിന്റെ ചരിത്രമടക്കം പഠിച്ച് വിശദമായി ചിന്തിച്ച ശേഷം മാത്രമെ നിക്ഷേപം നടത്താന്‍ പാടുള്ളു.പുതിയ ബില്ലോടെ ക്രിപ്‌റ്റോയുടെ കാര്യത്തില്‍ ഇന്ത്യയില്‍ എന്തെങ്കിലും തീരുമാനമായേക്കും. 


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.