- Trending Now:
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ മേഖലായ ബാങ്കുകളിൽ ഒന്നായ ആക്സിസ് ബാങ്ക് നടപ്പു സാമ്പത്തിക വർഷത്തിൻറെ മൂന്നാം ത്രൈമാസത്തിൽ 6490 കോടി രൂപ അറ്റാദായത്തോടെ പ്രവർത്തന ഫലങ്ങൾ പ്രഖ്യാപിച്ചു. ബാങ്കിൻറെ അറ്റ പലിശ വരുമാനം വാർഷികാടിസ്ഥാനത്തിൽ അഞ്ചു ശതമാനവും ത്രൈമാസാടിസ്ഥാനത്തിൽ നാലു ശതമാനവും വളർച്ചയോടെ 14,287 കോടി രൂപ എന്ന നിലയിലെത്തി. അറ്റ പലിശ മാർജിൻ മൂന്നാം ത്രൈമാസത്തിൽ 3.64 ശതമാനമാണ്. ത്രൈമാസ ശരാശരി ബാലൻസ് അടിസ്ഥാനത്തിൽ ആകെ നിക്ഷേപം ത്രൈമാസാടിസ്ഥാനത്തിൽ അഞ്ചു ശതമാനവും വാർഷികാടിസ്ഥാനത്തിൽ 12 ശതമാനവും വർധിച്ചിട്ടുണ്ട്. 2025 ഡിസംബർ 31-ലെ കണക്കു പ്രകാരം ബാങ്ക് റിപോർട്ട് ചെയ്തിട്ടുള്ള ആകെ നിഷ്ക്രിയ ആസ്തികൾ 1.40 ശതമാനവും അറ്റ നിഷ്ക്രിയ ആസ്തികൾ 0.42 ശതമാനവും ആയി മെച്ചപ്പെട്ടിട്ടുണ്ട്. 2025 സെപ്റ്റംബർ 30-ന് ഇവ യഥാക്രമം 1.46 ശതമാനവും 0.44 ശതമാനവും ആയിരുന്നു. മൂന്നാം ത്രൈമാസത്തിൽ ഫീസ് വരുമാനം 12 ശതമാനം വാർഷിക വളർച്ചയോടെ 6,100 കോടി രൂപയിലെത്തി. റീട്ടെയിൽ ഫീസ് 12 ശതമാനം വളർച്ച കൈവരിച്ച് ബാങ്കിൻറെ ആകെ ഫീസ് വരുമാനത്തിൻറെ 71 ശതമാനം എന്ന നിലയിലെത്തി. ആകെ മൂലധന പര്യാപ്തതാ അനുപാതം 16.55 ശതമാനത്തിലാണ്. സിഇടി 1 അനുപാതം ത്രൈമാസാടിസ്ഥാനത്തിൽ ഏഴു അടിസ്ഥാന പോയിൻറുകൾ വളർന്ന് 14.50 ശതമാനത്തിലുമാണ്.
ബാങ്കിൻറെ വെൽത്ത് മാനേജുമെൻറ് ബിസിനസ് ഇന്ത്യയിലെ ഏറ്റവും വലിയവയിൽ ഒന്നെന്ന നിലയിൽ 6,87,738 കോടി രൂപയുടെ ആസ്തികളാണ് കൈകാര്യം ചെയ്യുന്നതെന്ന് 2025 ഡിസംബർ 31-ലെ കണക്കുകൾ സൂചിപ്പിക്കുന്നു. വാർഷികാടിസ്ഥാനത്തിൽ എട്ടു ശതമാനവും ത്രൈമാസാടിസ്ഥാനത്തിൽ ഏഴു ശതമാനവും വളർച്ചയാണിതു സൂചിപ്പിക്കുന്നത്. ബാങ്കിൻറെ ആഭ്യന്തര സബ്സിഡിയറികൾ 1490 കോടി രൂപയുടെ അറ്റാദായവുമായി സുസ്ഥിര പ്രകടനമാണു കാഴ്ച വെച്ചത്. ഇത് വാർഷികാടിസ്ഥാനത്തിൽ ആറു ശതമാനം ഉയർച്ചയും സൂചിപ്പിക്കുന്നു.
ബാങ്കിൻറെ 3315 കേന്ദ്രങ്ങളിലായി ആകെ 6,110 ആഭ്യന്തര ശാഖകളും എക്സ്ടെൻഷൻ കൗണ്ടറുകളും 281 ബിസിനസ് കറസ്പോണ്ടൻറ് ബാങ്കിങ് ഔട്ട്ലെറ്റുകളും ആണുള്ളതെന്ന് 2025 ഡിസംബർ 31-ലെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. 2024 ഡിസംബർ 31-ന് 3122 കേന്ദ്രങ്ങളിലായി 5706 ആഭ്യന്തര ശാഖകളും എക്സ്ടെൻഷൻ കൗണ്ടറുകളും 202 ബിസിനസ് കറസ്പോണ്ടൻറ് ബാങ്കിങ് ഔട്ട്ലെറ്റുകളുമാണ് ഉണ്ടായിരുന്നത്.
അർത്ഥവത്തായ സേവനങ്ങൾ സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെയാണ് ഈ ത്രൈമാസത്തിലെ തങ്ങളുടെ നേട്ടങ്ങൾ പ്രതിഫലിപ്പിക്കുന്നതെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ആക്സിസ് ബാങ്ക് മാനേജിങ ഡയറക്ടറും സിഇഒയുമായ അമിതാഭ് ചൗധരി പറഞ്ഞു. വായ്പകളുടെ ലഭ്യത ലളിതവൽക്കരിക്കുക, ഡിജിറ്റൽ ബാങ്കിങിനു പുതിയ രൂപം നൽകുക, ഭാവിക്കു രൂപം നൽകുന്ന കഴിവുകളിലും ആശയങ്ങളിലും നിക്ഷേപിക്കുക എന്നിവയാണിലൂടെയാണിതു സാധ്യമായത്. തങ്ങളുടെ സേവന സംവിധാനങ്ങൾ ആധുനീകവൽക്കരിക്കുകയും തങളുടെ ടീമിനെ ശക്തമാക്കുകയും ഉപഭോക്താക്കളുടെ രീതികൾ മാറുന്നതിനും മുന്നേ തന്നെ സ്മാർട്ടും വിപ്ലവകരവുമായ സേവനങ്ങൾ ലഭ്യാക്കുകയും ചെയ്ത് മൽസരക്ഷമമായ തങ്ങളുടെ കഴിവുകൾ കൂടുതൽ ശക്തമാക്കി മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.