Sections

പുത്തൻ ലുക്കിൽ കൂടുതൽ കരുത്തിൽ റെനോ ഡസ്റ്റർ തിരിച്ചെത്തി

Wednesday, Jan 28, 2026
Reported By Admin
New Renault Duster Launched in India with Hybrid Tech

  • ആധുനികവും സ്റ്റൈലിഷും ഒപ്പം അതിശയകരമായ റൈഡ് & ഹാൻഡ്ലിംഗുമായി റെനോ ഡസ്റ്റർ തിരികെയെത്തുന്നു
  • ടർബോ ടിസിഇ 160, ടർബോ ടിസിഇ 100 എന്നീ രണ്ട് ടർബോ എൻജിനുകളും ഒപ്പം ഇന്ത്യയിൽ ആദ്യമായി 1.8ലിറ്റർ എൻജിനും 1.4കെഡബ്ല്യൂഎച്ച് ബാറ്ററിയും ഉപയോഗിക്കുന്ന ശക്തമായ ഹൈബ്രിഡ് ഇ-ടെക് 160 വേരിയന്റും ലഭ്യമാണ്
  • ഇന്ത്യയിൽ ആദ്യമായി ഗൂഗിൾ പിന്തുയോടെയുള്ള ഓപ്പൺ ആർ ലിങ്ക് മൾട്ടിമീഡിയ സിസ്റ്റം റെനോൾട്ട് അവതരിപ്പിക്കുന്നു
  • ഇന്ത്യയ്ക്കായി രൂപകൽപ്പന ചെയ്ത ഈ വാഹനത്തിന്റെ ഏകദേശം 90% ഘടകങ്ങളും ഈ വാഹനത്തിനായി പ്രത്യേകം വികസിപ്പിച്ചിരിക്കുന്നു. മികച്ച കണക്ടിവിറ്റിയും 5-സ്റ്റാർ സുരക്ഷാ മാനദണ്ഡങ്ങളും
  • റെനോ ഇന്റർനാഷണൽ ഗെയിം പ്ലാൻ 2027 പ്രകാരം ഇന്ത്യയിൽ അവതരിപ്പിക്കുന്ന ആദ്യ ഉൽപ്പന്നമാണ് പുതിയ റെനോൾട്ട് ഡസ്റ്റർ

കൊച്ചി: രാജ്യത്തെ മിഡ്-സൈസ് എസ് യുവി വിപണിയിൽ വിപ്ലവം സൃഷ്ടിച്ച റെനോയുടെ ഐതിസാഹിക മോഡലായ റെനോ ഡസ്റ്റർ വിപണിയിൽ തിരിച്ചെത്തി. റെനോ ഗ്രൂപ്പിന്റെ സഹകമ്പനിയായ റെനോ ഇന്ത്യ ചെന്നൈയിൽ സംഘടിപ്പിച്ച ചടങ്ങിലാണ് പുതുതലമുറ റെനോ ഡസ്റ്റർ പുറത്തിറക്കിയത്.

കരുത്തുറ്റ സാഹസിക സ്വഭാവം നിലനിർത്തിക്കൊണ്ടുള്ള ഈ പുതിയ മോഡൽ ഡിസൈൻ, പവർട്രെയിൻ ടെക്നോളജി, സുരക്ഷ, കംഫർട്ട്, കണക്ടിവിറ്റി തുടങ്ങിയ മേഖലകളിൽ വലിയ മുന്നേറ്റമാണ് ഈ വാഹനം കൈവരിച്ചിരിക്കുന്നത്. കൂടാതെ റെനോയുടെ ഇന്റർനാഷണൽ ഗെയിം പ്ലാൻ 2027 പ്രകാരം ഇന്ത്യയിൽ അവതരിപ്പിക്കുന്ന ആദ്യ വാഹനം കൂടിയാണിത്.

റെനോയുടെ ഇന്റർനാഷണൽ ഗെയിം പ്ലാൻ 2027ന്റെ ഭാഗമായി യൂറോപ്പിന് പുറത്ത് റെനോയുടെ ഏറ്റവും വലിയ പ്രധാന ഇടമായി ഇന്ത്യയെ മാറ്റുകയാണെന്ന് റെനോ ബ്രാന്റ് സിഇഒയും റെനോ ഗ്രൂപ്പ് ചീഫ് ഗ്രോത്ത് ഓഫീസറുമായ ഫാബ്രിസ് കാംബൊലീവ് പറഞ്ഞു. ഡിസൈൻ, എൻജിനീയറിംഗ്, നിർമ്മാണം, ലോക്കൽ ഓപ്പറേഷനുകൾ എന്നിവയടങ്ങിയ ശക്തമായ സംവിധാനങ്ങൾ ചെന്നൈയിൽ ഒരുക്കിയിട്ടുണ്ട്. ഇന്ത്യൻ വിപണിക്ക് അനുയോജ്യമായ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാൻ ഇന്ന് തങ്ങൾക്ക് പൂർണ്ണ ശേഷിയുണ്ടെന്നും പുതിയ ഡസ്റ്റർ ഇന്ത്യയിലെ റെനോയുടെ പുതുതുടക്കത്തിന്റെ ആരംഭമാണെന്നും അദ്ദേഹം പറഞ്ഞു.

ഏകദേശം 90 ശതമാനം ഘടകങ്ങളും ഇന്ത്യയ്ക്കായി രൂപകൽപ്പന ചെയ്ത ഈ പുതിയ റെനോ ഡസ്റ്റർ റോനോ ഗ്രൂപ്പ് മോഡുലാർ പ്ലാറ്റ്ഫോമിലാണ് നിർമിച്ചിട്ടുള്ളത്. കടുത്ത കാലാവസ്ഥയും റോഡ് സാഹചര്യങ്ങളും നേരിടാൻ തയ്യാറാക്കിയ ഈ പ്ലാറ്റ്ഫോം, 5-സ്റ്റാർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് നിർമിച്ചിട്ടുള്ളത്.

ടർബോ ടിസിഇ 160, ടർബോ ടിസി 100 എന്നീ ടർബോ പെട്രോൾ എഞ്ചിനികളും ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ച സ്ട്രോങ് ഹൈബ്രിഡ് ഇ ടെക് 160 എഞ്ചിനുമാണ് വിവിധ മോഡലുകൾക്ക് കരുത്ത് പകരുന്നത്. ടർബോ ടിസിഇ 160 എഞ്ചിന് 163 പിഎസ് പവറും 280 എൻഎം ടോർക്കും നൽകും. 6 സ്പീഡ് ഡിസിറ്റി വെറ്റ് ക്ലച്ച്, മാനുവൽ ട്രാൻസ്മിഷനുകളിൽ ലഭ്യമാണ്.

1.8 ലിറ്റർ എൻജിനും 1.4കെഡബ്ല്യൂഎച്ച് ബാറ്ററിയുമുള്ള ഹൈബ്രിഡ് ഇ ടെക് 160 എഞ്ചിൻ നഗര യാത്രകളിൽ 80 ശതമാനം വരെ ഇവി മോഡിൽ ഉപയോഗിക്കാൻ സാധിക്കും. ഈ സെഗ്മെന്റിലെ തന്നെ ഏറ്റവും കാര്യക്ഷമമായ ഹൈബ്രിഡ് സിസ്റ്റങ്ങളിലൊന്നാണിത്. റെനോ ഫോറെവർ പ്രോഗ്രാമിന്റെ ഭാഗമായി പുതിയ ഡസ്റ്ററിന് ഏഴ് വർഷം അല്ലെങ്കിൽ ഒന്നര ലക്ഷം കിലോമീറ്റർ വരെ വാറന്റിയും ലഭിക്കും.

'പുതിയ റെനോ ഗ്രൂപ്പ് മോഡുലാർ പ്ലാറ്റ്ഫോമിനൊപ്പം അഡ്വാൻസ്ഡ് ഹൈബ്രിഡ് ടെക്നോളജിയും അധിക സുരക്ഷാ എൻജിനീയറിംഗും റെനോ അവതരിപ്പിക്കുന്നുണ്ടെന്ന് റെനോ ഗ്രൂപ്പ് ഇന്ത്യ സിഇഒ സ്റ്റെഫാൻ ഡെബ്ലെയ്സ് പറഞ്ഞു. റെനോ ഫോറെവർ പ്രോഗ്രാമിന്റെ ഭാഗമായി പുതിയൊരു ഉടമസ്ഥാനുഭവമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. റെനോയുടെ ഇന്ത്യയിലെ പുതിയ യാത്രയുടെ തുടക്കമാണിതെന്നും അദ്ദേഹം പറഞ്ഞു.

ഒരു ഇതിഹാസത്തിന്റെ പുനർ ജന്മമാണ് പുതിയ ഡസ്റ്ററെന്ന് റെനോ ഗ്രൂപ്പിന്റെ ചീഫ് ഡിസൈൻ ഓഫീസറായ ലോറൻസ് വാൻ ഡെൻ അക്കർ പറഞ്ഞു.

കരുത്തും സ്റ്റൈലും ഒത്ത് ചേർന്ന് ആ പഴയ ഡിഎൻഎയിലുള്ള ഡിസൈനിനൊപ്പം 212എംഎം ഗ്രൗണ്ട് ക്ലിയറൻസ്, 26.9 ഡിഗ്രി അപ്രോച്ച് ആംഗിൾ, 34.7 ഡിഗ്രി ഡിപ്പാർച്ചർ ആംഗിൾ എന്നിവയോടെ ഏതു ഭൂപ്രദേശവും ആത്മവിശ്വാസത്തോടെ കീഴടക്കാൻ കഴിയുന്ന തരത്തിലാണ് പുതിയ ഡസ്റ്ററിന്റെ രൂപകൽപ്പന.

എൽഇഡി ഹെഡ്, ടെയിൽ ലാംപുകളും പിന്നിലെ എൽഇഡി ലൈറ്റ് ബാറും വാഹനത്തിന് പ്രീമിയം ലുക്ക് നൽകുന്നു. വിൽ ആർച്ചുകൾ, ഡോർ സൈഡ് പ്രൊട്ടക്ഷൻ, 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ എന്നിവയും വാഹനത്തിലുണ്ട്. 4,346 മില്ലിമീറ്ററാണ് നീളം. 1,815 മില്ലിമീറ്റർ വീതിയും 1,703 മില്ലിമീറ്റർ ഉയരവും 2,657 മില്ലിമീറ്റർ വീൽ ബേസുമാണ് വാഹനത്തിലുള്ളത്. ഹിമാലയൻ വനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള മൗണ്ടൻ ജാഡ് ഗ്രീൻ നിറം പ്രത്യേക ആകർഷണമാണ്.

ഡ്രൈവർ കേന്ദ്രീകൃതമായി രൂപകൽപ്പന ചെയ്ത അകത്തളങ്ങൾ ഫൈറ്റർ-ജെറ്റ് കാബിനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതാണ്. ഉയർന്ന സെൻട്രൽ കൺസോൾ, ഇ-ഷിഫ്റ്റർ, പ്രീമിയം ലെതറെറ്റ് സീറ്റുകൾ, കാർബൺ ഫൈബർ ഡാഷ്ബോർഡ്, പനോരമിക് സൺറൂഫ് എന്നിവ ഉൾഭാഗത്തുണ്ട്.

ഗൂഗിൾ സപ്പോർട്ടോടു കൂടിയ 10.1 ഇഞ്ചിന്റെ ഓപ്പൺ ആർ ലിങ്ക് മൾട്ടിമീഡിയ ഇൻഫോടെയിൻമെന്റ് സംവിധാനത്തിൽ റിയൽ ടൈം ട്രാഫിക്, ഗൂഗിൾ മാപ്പ്, ഗൂഗിൾ അസിസ്റ്റന്റ്, പ്ലേ സ്റ്റോർ എന്നിവയ്ക്കൊപ്പം 60-ലധികം കണക്ടഡ് ഫീച്ചറുകളും ലഭ്യമാണ്. ഇത് കൂടാതെ 10.25 ഇഞ്ചിന്റെ ടിഎഫ്ടി ഡ്രൈവർ ഡിസ്പ്ലേയും 17 അഡാസ് ഫീച്ചറുകളും ഈ വാഹനത്തിലുണ്ട്. എക്കോ, കംഫർട്ട് ഡ്രൈവ് മോഡുകളുമുണ്ട്.

റെനോയുടെ മികച്ച ആർ അന്റ് ഡി വിഭാഗത്തിന്റേയും എഞ്ചിനീയറിംഗ് മികവിന്റേയും തെളിവാണ് ഈ പുതിയ ഡസ്റ്ററെന്ന് റെനോ എഞ്ചിനീയറിംഗ് ചീഫ് വെള്ളാണ്ടി വിക്രമൻ പറഞ്ഞു.

21,000 രൂപ വിലയുള്ള ആർ പാസ് വാങ്ങി പുതിയ ഡസ്റ്റർ പ്രീ ബുക്ക് ചെയ്യാം. മാർച്ച് പകുതിയോടെ വില പ്രഖ്യാപിക്കും. ഏപ്രിൽ മുതലാണ് വാഹനത്തിന്റെ ഡെലിവെറി. ദീപാവലി മുതലാണ് ഹൈബ്രിഡ് മോഡലിന്റെ ഡെലിവറി. ആർ പാസുള്ളവർക്ക് പ്രത്യേക പ്രാരംഭ വില, മുൻഗണന ഡെലിവറി, കോംപ്ലിമെന്ററി ഗാങ് ഓഫ് ഡസ്റ്റേഴ്സ് മെർക്കണ്ടൈസ്, ഡസ്റ്ററിന്റെ ഫാക്ടറി വിസിറ്റ് എന്നിവയും ലഭിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.