- Trending Now:
കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ വേദിയായ ആസ്പിൻവാൾ ഹൗസിൽ കായലിനോട് അഭിമുഖമായിരിക്കുന്ന സ്ഥലത്താണ് ബെർലിനിൽ നിന്നുള്ള ആന്യ ഈബ്ഷിന്റെ കലാപ്രതിഷ്ഠ ഉള്ളത്. സ്വന്തം ശരീരം തന്നെയാണ് അവരുടെ കലാപ്രതിഷ്ഠയുടെ കാതൽ. എല്ലാദിവസവും ഒരുപോലെയല്ല, ദിവസവും അത് മാറിക്കൊണ്ടിരിക്കുന്നു.
ജീവിതത്തിലെ ഒന്നും സ്ഥിരമല്ലെന്നും മാറ്റങ്ങൾ മാത്രമാണ് ശാശ്വതമെന്ന സന്ദേശമാണ് ഇതിലൂടെ ആന്യ പ്രേക്ഷകർക്ക് നൽകുന്നത്. 'ഞാൻ ഒന്നിനും എതിരല്ല' എന്ന് വളരെ ശാന്തമായി അഞ്ജു പറയുന്നു. സാധാരണ കലാരൂപങ്ങൾ പോലെ ഒരു ചുവരിൽ ഉറപ്പിച്ചു വെച്ച ഒന്നല്ല അവരുടെ ഇൻസ്റ്റലേഷൻ. ഓരോ ദിവസവും അവർ അതിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്നു. ചിലപ്പോൾ ചെറിയ മാറ്റങ്ങളാണെങ്കിൽ മറ്റ് ചിലപ്പോൾ അത് വലിയ മാറ്റങ്ങളായിരിക്കും. അതുകൊണ്ട് തന്നെ അടുത്തടുത്ത ദിവസങ്ങളിൽ ബിനാലെ സന്ദർശിക്കുന്നവർക്ക് ഒരേ കലാരൂപം വ്യത്യസ്തമായ രീതിയിലാണ് അനുഭവപ്പെടുക.
1993 മുതൽ കലാരംഗത്ത് സജീവമായ ആന്യ സ്വന്തം ശരീരം കൂടി ഉപയോഗിച്ചാണ് തന്റെ സൃഷ്ടികൾ ഒരുക്കുന്നത്. കഠിനമായ ശാരീരിക അധ്വാനവും വേദനയും ഈ പ്രക്രിയയുടെ ഭാഗമാകാറുണ്ട്. കാണികളിൽ ചിലപ്പോൾ ഇത് അസ്വസ്ഥത ഉണ്ടാക്കിയേക്കാമെങ്കിലും, മനുഷ്യശരീരം എങ്ങനെയെല്ലാം മാറാൻ സാധ്യതയുണ്ടെന്ന് അവർ ഈ കലാസൃഷ്ടിയിലൂടെ കാണിച്ചുതരുന്നു.
കൊച്ചിയിലെ ചരിത്രപരമായ പശ്ചാത്തലത്തിൽ ഈ മാറ്റങ്ങൾ വലിയ അർത്ഥങ്ങൾ നൽകുന്നുണ്ട്. ബിനാലെ വേദിയിലെ വെളിച്ചവും വായുവിലെ ഈർപ്പവും സ്ഥലപരിമിതിയും വരെ തന്റെ കലാരൂപത്തെ സ്വാധീനിക്കുന്നുണ്ടെന്ന് അവർ പറയുന്നു. തന്റെ കലയെ പൂർണ്ണതയിൽ കാണുന്നതിന് പകരം, കാലത്തിനനുസരിച്ച് മാറുന്ന ഒന്നായാണ് അവർ അവതരിപ്പിക്കുന്നത്.
അടുത്ത ദിവസത്തേക്കുള്ള മാറ്റങ്ങൾക്കായി വളരെ ക്ഷമയോടെയാണ് ആന്യ തയ്യാറെടുപ്പുകൾ നടത്തുന്നത്. തന്നെ കാണാൻ എത്തുന്ന സന്ദർശകരോട് സംസാരിക്കാനും അവർ സമയം കണ്ടെത്തുന്നു. നൈരന്തര്യങ്ങളിൽ നിർലീനമാണ് കല എന്നു വിശ്വസിക്കാനാണ് ആന്യയ്ക്കിഷ്ടം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.