- Trending Now:
'ഗോർബി'യെ യുഡബ്ല്യആർ ഉണ്ടാക്കിയത് രണ്ട് ദിവസം കൊണ്ട്
കോഴിക്കോട്: കേരള ലിറ്റററി ഫെസ്റ്റിവലിൽ സ്റ്റെം ടോക് പ്രഭാഷണത്തിനെത്തിയ സുനിത വില്യംസിന് ആതിഥേയരായ യുണീക് വേൾഡ് റോബോട്ടിക്സ്(യുഡബ്ല്യആർ) ചെറിയൊരു സമ്മാനപ്പൊതി നൽകി. ഏറെ കൗതുകത്തോടെ അത് തുറന്നു നോക്കിയ ലോകപ്രശസ്ത ബഹിരാകാശ സഞ്ചാരിയ്ക്ക് സന്തോഷം അടക്കാനായില്ല. തന്റെ പ്രിയപ്പെട്ട ഗോർബി എന്ന നായുടെ പേരുള്ള ഒരു റോബോട്ട് നായ്ക്കുട്ടിയായിരുന്നു ആ സമ്മാനം.
കൈവള്ളയിലൊതുങ്ങുന്ന ഗോർബിയുടെ തലയിൽ തലോടിയാൽ അവന്റെ സ്നേഹത്തോടെയുള്ള കുര കേൾക്കാം. റോബോട്ടിക് മേഖലയിൽ നിർമ്മിത ബുദ്ധിയുടെ സംയോജനത്തോടെ ഉണ്ടായ വിപ്ലവകരമായ മാറ്റങ്ങളെക്കുറിച്ച് സുനിത വേദിയിൽ സംസാരിച്ച ശേഷം തന്നെയാണ് ഈ 'സർപ്രൈസ്' സംഭവിച്ചത്. കേരളത്തിലെ സ്റ്റാർട്ടപ്പ് രംഗം എത്രമാത്രം ഭാവനാപൂർണമായാണ് പ്രവർത്തിക്കുന്നതെന്നതിന്റെ തെളിവാണ് ഇതെന്ന് യുഡബ്ല്യുആർ സ്ഥാപകൻ ബൻസൻ തോമസ് ജോർജ്ജ് പറഞ്ഞു. കേരള സ്റ്റാർട്ടപ്പ് മിഷനിൽ രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പാണ് യുഡബ്ല്യുആർ.
സുനിത വില്യംസിന്റെ ഏറ്റവും പ്രിയപ്പെട്ട ലാബ്രഡോർ റിട്രീവർ ഇനത്തിൽപ്പെട്ട നായ്ക്കളായിരുന്നു ഗോർബിയും ഗണ്ണറും. സുനിതയ്ക്കൊപ്പം വിവിധ ടെലിവിഷൻ പരിപാടികളിലും ഗോർബി മുഖം കാണിച്ചിട്ടുമുണ്ട്. ഗോർബിയുടെ ചിത്രമാണ് അവരുടെ കൈയിലെ ടാറ്റൂ വരച്ചിരിക്കുന്നത്.
കേരള ലിറ്റററി ഫെസ്റ്റിവലിനോടനുബന്ധിച്ച് നടത്തിയ സ്റ്റെം ടോക്സ് (എസ് ടി ഇ എം- സയൻസ്, ടെക്നോളജി, എൻജിനീയറിംഗ്, മാത്ത്മാറ്റിക്സ്) ലാണ് സുനിത വില്യംസിന് യുഡബ്ല്യുആർ ആതിഥേയരായത്. സ്റ്റെം റോബോട്ടിക് ലാബുകൾ സ്ഥാപിക്കുകയും അതിലൂടെ വിദ്യാർത്ഥികൾക്ക് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നതിലൂടെ വിദ്യാർഥികൾക്ക് ഏറെ പ്രോത്സാഹനവും നൂതന കാഴ്ചപ്പാടുകളും ലഭിക്കാൻ സഹായിക്കുമെന്നും സുനിത വില്യംസ് പറഞ്ഞു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്ത് 500 ഓളം സ്റ്റെം ലാബുകൾ വഴി പത്ത് ലക്ഷം വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുമെന്ന് ബൻസൻ തോമസ് ചൂണ്ടിക്കാട്ടി.
ദിവ്യ എസ് അയ്യർ, ബൻസൻ തോമസ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ എഫ്ഐആർഎസ്ടി(ഫസ്റ്റ്) എന്ന പേരിലുള്ള അന്താരാഷ്ട്ര കമ്മ്യൂണിറ്റിയുടെ ചാപ്റ്ററിന് സുനിത വില്യംസ് തുടക്കം കുറിച്ചു. അതിനോടൊപ്പം കൊച്ചിയിലും ബംഗളുരുവിലും പ്രത്യേകം റോബോട്ടിക്സ് പരിശീലന പരിപാടി നടത്തുവാൻ 5000 ചതുരശ്രയടിയിൽ അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ലാബുകളും, പരിശീലന കേന്ദ്രങ്ങളും സുനിതയുടെ സാന്നിദ്ധ്യത്തിൽ ആരംഭിച്ചു. ഫസ്റ്റ് ടെക് ചലഞ്ച്, നാസ സ്പേസ് ആപ്സ് ചാൾവിംഗ്, ഫസ്റ്റ് ലെഗോ ചലഞ്ച്, വേൾഡ് റോബോട്ടിക് ഒളിമ്പ്യാഡ് എന്നിവയാണ് നടത്തുന്ന പ്രധാന മത്സരയിനങ്ങൾ.
വേൾഡ് റോബോട്ടിക് ഒളിമ്പ്യാഡിൽ ദേശീയ തലത്തിൽ വിജയിച്ച ബംഗളുരു ഇൻഡസ് സ്കൂൾ വിദ്യാർഥി, എട്ടുവയസുകാരൻ ഗുരാൻശും സുനിതയുമായി ആശയവിനിമയം നടത്തി. ഗുരാൻശിന്റെ ടീം ആയ ഭൂമി ഹീറോസ് അവർ വികസിപ്പിച്ചെടുത്ത മൂൺ റോവർ പ്രൊജക്ടും ചടങ്ങിൽ പ്രദർശിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.