Sections

ചെങ്കണ്ണ്; ലക്ഷണങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Monday, Sep 11, 2023
Reported By Soumya
Conjunctivitis

കേരളത്തിലാകെ ചെങ്കണ്ണ് രോഗം വ്യാപകമായി കണ്ടുവരുന്നു. അത്ര മാരകമല്ലെങ്കിലും പിടിപെട്ടാൽ രണ്ടാഴ്ചയോളം തീർത്തും അസ്വസ്ഥമാകും. മുൻ കരുതൽ കൊണ്ട് അകറ്റി നിർത്താവുന്ന ചെങ്കണ്ണ് രോഗം പിടിപെട്ടയാളെ കണ്ടാൽ പകരുമെന്ന ധാരണ തെറ്റാണ്. എന്നാൽ, രോഗി ഉപയോഗിച്ച വസ്തുവോ സ്ഥലമോ മറ്റൊരാൾ ഉപയോഗിക്കുക വഴി രോഗം പകരും. സാധാരണയായി ഒരാളിൽ രോഗം പിടിപെട്ടാൽ ഒരാഴ്ച മുതൽ രണ്ടാഴ്ച വരെയാണ് നിലനിൽക്കുക. രോഗാവസ്ഥ ഭേദമാകുന്നതുവരെ അഥവാ കണ്ണിന്റെ ചുവപ്പ് മാറുന്നത് വരെ മറ്റൊരാളിലേക്ക് പകരാൻ സാധ്യതയുമുണ്ട്. വൈറസ് ബാധിച്ചാൽ രണ്ട് മൂന്ന് ദിവസത്തിനകം രോഗബാധയുടെ ലക്ഷണങ്ങൾ പ്രകടമാകും.

എന്താണ് ചെങ്കണ്ണ്

കണ്ണിന്റെ ഏറ്റവും പുറമേയുള്ള നേർത്ത വെളുത്ത ഭാഗമാണ് കൺജങ്ടൈവ. ഇതിനുണ്ടാകുന്ന അണുബാധയും നീർക്കെട്ടുമാണ് കൺജങ്ടിവൈറ്റിസ്. ചെങ്കണ്ണ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതുമൂലം രക്തക്കുഴലുകളിലൂടെയുള്ള രക്തപ്രവാഹം കൂടും. അങ്ങനെയാണ് കണ്ണിന് ചുവന്ന നിറമുണ്ടാകുന്നത്. മദ്രാസ് ഐ., പിങ്ക് ഐ. എന്നും ഇത് അറിയപ്പെടുന്നു. വൈറസും ബാക്ടീരിയയും മൂലം ചെങ്കണ്ണ് ഉണ്ടാകാറുണ്ട്. എന്നാൽ പൊതുവേ വൈറസ് മൂലമാണ് ഈ രോഗം കൂടുതലും ഉണ്ടാകുന്നത്.

ലക്ഷണങ്ങൾ

കണ്ണ് ചുവപ്പ്, അമിത കണ്ണുനീർ, കൺപോളകളിൽ വീക്കം, ചൊറിച്ചിൽ, പഴുപ്പ്, രാവിലെ എഴുന്നേൽക്കുമ്പോൾ പഴുപ്പ് കാരണം കണ്ണ് തുറക്കാൻ പ്രയാസം, പ്രകാശത്തിലേക്ക് നോക്കാൻ പ്രയാസം, വൈറസ് മൂലമുണ്ടാകുന്ന ചെങ്കണ്ണന് പനി, ജലദോഷം കഴല വീക്കം എന്നിവയും ഉണ്ടാകുന്നു. ചെങ്കണ്ണ് ബാധിച്ചാൽ സാധാരണ ഗതിയിൽ 5 മുതൽ 7 ദിവസം വരെ നീണ്ടു നിൽക്കാം. രോഗം സങ്കീർണമായാൽ 21 ദിവസം വരേയും നീണ്ടുനിൽക്കാം. ചെങ്കണ്ണ് ബാധിച്ചാൽ എത്രയും വേഗം നേത്രരോഗ വിദഗ്ധന്റെ നിർദേശ പ്രകാരം ചികിത്സ തേടണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ചെങ്കണ്ണ് വളരെ വേഗത്തിൽ പടർന്നു പിടിക്കാൻ സാധ്യതയുണ്ട്. രോഗം ബാധിച്ച വ്യക്തികളിൽ നിന്നും അകലം പാലിക്കണം. രോഗി ഉപയോഗിക്കുന്ന പേന, പേപ്പർ, പുസ്തകം, തൂവാല, സോപ്പ്, ടവ്വൽ മുതലയാവ മറ്റുള്ളവർ ഉപയോഗിക്കാൻ പാടില്ല. ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം. കൈ വൃത്തിയായി കഴുകുന്നതിന് മുമ്പ് കണ്ണിലോ മൂക്കിലോ വായിലോ ഒരു കാരണവാശാലും തൊടരുത്. കണ്ണിന് ആയാസമുണ്ടാകുന്ന ജോലികൾ ചെയ്യരുത്. ചികിത്സ തേടി വിശ്രമമെടുത്താൽ എത്രയും വേഗം ചെങ്കണ്ണ് ഭേദമാകുന്നതാണ്. കേരളത്തിലാകെ ചെങ്കണ്ണ് രോഗം വ്യാപകമായി കണ്ടുവരുന്നു.

ഭക്ഷണം

ദിവസവും എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. ആഹാരത്തിൽ പച്ചക്കറികൾ കൂടുതൽ ഉൾപ്പെടുത്തുക. വിറ്റാമിൻ എ അടങ്ങിയ ഭക്ഷണമാണ് കണ്ണിന്റെ ആരോഗ്യത്തിന് വേണ്ടത്. അഥവാ മഞ്ഞ നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും ഇതിന് ഉപകരിക്കും. പപ്പായ, മാങ്ങ, ഓറഞ്ച് , കൈതച്ചക്ക, ക്യാരറ്റ് എന്നിവയെല്ലാം ഇതിൽ പെടും.



ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.