Sections

സഹകരണ മേഖലയെ തകർക്കാനാകില്ല, പ്രശ്നങ്ങൾ ഒറ്റക്കെട്ടായി പരിഹരിക്കും: മന്ത്രി വി.എൻ. വാസവൻ

Thursday, Oct 12, 2023
Reported By Admin
Cooperative Sector Problems

സാധാരണക്കാരന് താങ്ങായ കേരളത്തിലെ സഹകരണ മേഖലയെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുമെന്നും ആര് വിചാരിച്ചാലും ഈ മേഖലയെ തകർക്കാനോ തളർത്താനോ കഴിയില്ലെന്നും സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ. ജനകീയാടിത്തറയുള്ള പ്രസ്ഥാനമാണ് കേരളത്തിലെ സഹകരണ മേഖലയെന്നും സഹകരണ വകുപ്പ് ഗാന്ധിപ്പാർക്കിൽ സംഘടിപ്പിച്ച സഹകരണ സംരക്ഷണ സദസിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു. താത്കാലികമായി ഉണ്ടായ ചില പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകാൻ പറ്റിയ നേതൃത്വവും അതിന് പിന്തുണ നൽകുന്ന സംസ്ഥാന സർക്കാരും ഇവിടെയുണ്ട്. സഹകരണ മേഖലയിലുണ്ടായ ചില പ്രശ്നങ്ങൾ ഒറ്റക്കെട്ടായി പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു

കാർഷിക മേഖലയുമായി സഹകരിച്ച് സഹകരണ പ്രസ്ഥാനങ്ങൾ നടത്തിയ പ്രവർത്തനങ്ങളിലൂടെ ഗ്രാമീണ - നഗര മേഖലകളിൽ വന്ന ഗുണപരമായ മാറ്റങ്ങൾ ആർക്കും അവഗണിക്കാൻ കഴിയില്ല. ഏത് പ്രശ്നങ്ങൾക്കും സാധാരണക്കാർക്ക് ഓടിയെത്താൻ പറ്റുന്ന ഇടങ്ങളിലൊന്നാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങൾ. സഹകരണ ബാങ്കുകളിൽ നിന്ന് വായ്പയെടുക്കുന്നവർക്ക് നിരവധി ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. സാധാരണക്കാരിൽ നിന്നും സ്വീകരിക്കുന്ന നിക്ഷേപങ്ങൾ സഹകരണ ബാങ്കുകൾ ജനങ്ങളുടെ നന്മക്കായി ഉപയോഗിക്കുമ്പോൾ വാണിജ്യ ബാങ്കുകൾ കോർപറേറ്റുകൾക്ക് നൽകുന്ന കോടിക്കണക്കിന് രൂപയുടെ വായ്പ കിട്ടാക്കടമായി ഒടുവിൽ എഴുതിത്തള്ളുകയാണ്. രണ്ടരലക്ഷം കോടിയുടെ നിക്ഷേപമാണ് നിലവിൽ കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളിലുള്ളത്. സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ച ഒരു രൂപ പോലും നിക്ഷേപകന് നഷ്ടമാകില്ല. ഏതെങ്കിലും ബാങ്കിന് പ്രതിസന്ധിയുണ്ടായാൽ അത് പരിഹരിക്കാനും അത്തരം വീഴ്ചകൾ തടയാനുമുള്ള ഭേദഗതികൾ ഉൾപ്പെട്ട സഹകരണ ഭേദഗതി ബിൽ സംസ്ഥാന സർക്കാർ പാസാക്കിയിട്ടുണ്ട്. ഇത് ഗവർണർ ഒപ്പിട്ട് നിയമമാകുന്നതോടെ സഹകരണ മേഖലയിലെ തട്ടിപ്പുകൾ തടയുന്നതിനുള്ള ചട്ടങ്ങൾ രൂപീകരിക്കാൻ കഴിയും. 56 ഭേദഗതികൾ ഉൾപ്പെടുന്ന ബിൽ നിയമമാകുന്നതോടെ സഹകരണ സ്ഥാപനങ്ങളിൽ കൃത്യമായ ഓഡിറ്റിംഗ് കൊണ്ടുവരാനും പുനരുദ്ധാരണ നിധി രൂപീകരിക്കാനും കഴിയുമെന്നും മന്ത്രി പറഞ്ഞു. സഹകരണ മേഖലയെ സംരക്ഷിക്കാൻ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ സഹകരണ സംരക്ഷണ സദസുകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിപാടിയോടനുബന്ധിച്ച് വിവിധ കലാപരിപാടികളും 'കേരള വികസനത്തിൽ സഹകരണ പ്രസ്ഥാനത്തിന്റെ പങ്ക്' എന്ന വിഷയത്തിൽ സംവാദവും നടത്തി. ജില്ലയിൽ മികച്ച പ്രകടനം കാഴ്ചവച്ച വിവിധ സഹകരണ സംഘങ്ങൾക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. വി.കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷനായ ചടങ്ങിൽ എം.എൽ.എമാരായ വി.ജോയ്, കടകംപള്ളി സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്കുമാർ, സഹകരണ പ്രസ്ഥാനങ്ങളിലെ പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.