Sections

ലോണ്‍ ആപ്പുകളുടെ ചതിക്കുഴിയില്‍ ജീവിതം വഴിമുട്ടിയത് നിരവധി പേര്‍ക്ക്

Saturday, Oct 22, 2022
Reported By MANU KILIMANOOR

അന്വേഷണവുമായി ഇ.ഡി; 78 കോടിയുടെ ഡെപ്പോസിറ്റുകള്‍ മരവിപ്പിച്ചു

പേയ്‌മെന്റ് ഗേറ്റ്വേ റേസര്‍പേയിലും ചില ബാങ്കുകളിലും നടത്തിയ റെയ്ഡിനെ തുടര്‍ന്ന് 78 കോടി രൂപയുടെ പുതിയ ഡെപ്പോസിറ്റുകള്‍ മരവിപ്പിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറിയിച്ചു. ചൈനീസ് പൗരന്മാരുടെ നിയന്ത്രണത്തിലുള്ള ലോണ്‍ ആപ്പുകളുടെ അനധികൃത പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ഈ നടപടി.ഒക്ടോബര്‍ 19ന് ബെംഗളൂരുവിലെ അഞ്ച് സ്ഥലങ്ങളില്‍ പരിശോധന നടത്തിയതായി ഇ.ഡി അറിയിച്ചു. മൊബൈല്‍ ആപ്പുകള്‍ വഴി ചെറിയ തുക വായ്പയെടുക്കുന്നവരെ ഉപദ്രവിക്കുന്നതുമായി ബന്ധപ്പെട്ട് ചില സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും എതിരെ ബെംഗളൂരു പോലീസിന്റെ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ 18 എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ.ഡി അന്വേഷണം നടത്തുന്നത്.

ഈ സ്ഥാപനങ്ങള്‍ നിയന്ത്രിക്കുന്നത് ചൈനീസ് പൗരന്മാരാണ്. ഇന്ത്യക്കാരുടെ വ്യാജ രേഖകള്‍ ഉപയോഗിച്ച് അവരെ ഡമ്മി ഡയറക്ടര്‍മാരാക്കി കുറ്റകൃത്യങ്ങളിലൂടെ വരുമാനം ഉണ്ടാക്കുക എന്നതാണ് ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനരീതിയെന്ന് ഇ.ഡി വ്യക്തമാക്കി.പേയ്‌മെന്റ് ഗേറ്റ്വേകളിലും ബാങ്കുകളിലും ഉള്ള വിവിധ മര്‍ച്ചന്റ് ഐഡികള്‍ അക്കൗണ്ടുകള്‍ വഴി പ്രസ്തുത സ്ഥാപനങ്ങള്‍ നിയമവിരുദ്ധ ഇടപാടുകള്‍ നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇ.ഡി അറിയിച്ചു.ഈ സ്ഥാപനങ്ങള്‍ പേയ്‌മെന്റ് ഗേറ്റ്വേകളിലും ബാങ്കുകളിലും ഉള്ള വിവിധ മര്‍ച്ചന്റ് ഐഡികള്‍/അക്കൗണ്ടുകള്‍ വഴി അനധികൃതമായി വരുമാനം ഉണ്ടാക്കുകയായിരുന്നു. കെവൈസി രേഖകളിലും വ്യാജ വിലാസങ്ങളാണ് സമര്‍പ്പിച്ചത്. ചൈനക്കാരുടെ നിയന്ത്രണത്തിലുള്ള ഈ സ്ഥാപനങ്ങളുടെ മര്‍ച്ചന്റ് ഐഡികളിലും ബാങ്ക് അക്കൗണ്ടുകളിലുമായി 78 കോടി രൂപ പിടിച്ചെടുത്തിട്ടുണ്ട്.

കേസില്‍ ആകെ പിടിച്ചെടുത്തത് 95 കോടി രൂപയാണെന്നും ഇഡി പറഞ്ഞു. കേസില്‍ നേരത്തെ 17 കോടി രൂപയുടെ ഡെപ്പോസിറ്റുകള്‍ ഏജന്‍സി പിടിച്ചെടുത്തിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ (പിഎംഎല്‍എ) ക്രിമിനല്‍ വകുപ്പുകള്‍ പ്രകാരമാണ് ഇ.ഡി അന്വേഷണം നടത്തുന്നത്.ലോണ്‍ ആപ്പുകളുടെ ഉപദ്രവം മൂലം നിരവധി പേര്‍ ജീവനൊടുക്കിയത് നേരത്തെ വാര്‍ത്തയായിരുന്നു. ഈ ലോണ്‍ ആപ്പ് (അപ്ലിക്കേഷന്‍) കമ്പനികള്‍ തങ്ങളുടെ ഫോണുകളില്‍ ലഭ്യമായ വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗം ചെയ്താണ് ഉപദ്രവിച്ചിരുന്നത്. ഈ കേസിലെ കുറ്റകൃത്യങ്ങളില്‍ നിന്നുള്ള വരുമാനം ഈ പേയ്‌മെന്റ് ഗേറ്റ്വേകളിലൂടെയാണ് വഴിതിരിച്ചുവിട്ടതെന്ന് ഇഡി പറഞ്ഞിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.