Sections

കേരളത്തിന്റെ റയില്‍വേ വികസനത്തിന് ബജറ്റില്‍ തുക അനുവദിക്കണം

Tuesday, Feb 01, 2022
Reported By admin
Budget

തിരുവനന്തപുരം, എറണാകുളം, ഷൊർണൂർ, കോഴിക്കോട് റെയിൽവേ സ്റ്റേഷനുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന നടപടിയും വേഗത്തിലാക്കണം

 

ബജറ്റിൽ കേരളത്തിലെ റെയിൽവേ വികസനത്തിന് ആവശ്യമായ തുക അനുവദിക്കണമെന്ന് മന്ത്രി വി അബ്ദുറഹിമാൻ. നേരത്തേ റെയിൽവേ ബജറ്റിൽ സംസ്ഥാനങ്ങൾക്ക് പ്രത്യേകം തുക അനുവദിക്കുമായിരുന്നു. എന്നാൽ, ഇപ്പോൾ ഓരോ മേഖലയ്ക്കുമാണ് തുക അനുവദിക്കുന്നത്. ദക്ഷിണ റെയിൽവേയ്ക്ക് അനുവദിക്കുന്ന തുക പരിഗണിക്കുമ്പോൾ ആ മേഖലയ്ക്ക് കീഴിലെ സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന തുക തീരെ കുറവാണ്. ഈ പോരായ്മ പരിഹരിക്കണമെന്നും മന്ത്രി പറഞ്ഞു.

നേമം യാർഡ് വികസനം, കൊച്ചുവേളി ടെർമിനൽ വികസനം തുടങ്ങിയ പ്രവൃത്തികൾ അതിവേഗം നടപ്പാക്കിയാൽ മാത്രമേ കേരളത്തിൽ റെയിൽവേ വികസനം സാധ്യമാകൂ. കന്യാകുമാരി- തിരുവനന്തപുരം, അമ്പലപ്പുഴ-എറണാകുളം, ഏറ്റുമാനൂർ- ചിങ്ങവനം പാതകളുടെ ഇരട്ടിപ്പിക്കൽ വേഗത്തിലാക്കണം. തിരുവനന്തപുരം, എറണാകുളം, ഷൊർണൂർ, കോഴിക്കോട് റെയിൽവേ സ്റ്റേഷനുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന നടപടിയും വേഗത്തിലാക്കണം.

തലശ്ശേരി- മൈസൂരു, നിലമ്പൂർ- നഞ്ചങ്കോട് പാതകൾക്കുള്ള സർവെ നടത്താൻ കർണാടക സർക്കാരിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. റെയിൽവേ മന്ത്രാലയത്തിന്റെ തത്വത്തിലുള്ള അംഗീകാരവും ലഭിക്കണം. ഇക്കാര്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകണം. മരവിപ്പിച്ച അങ്കമാലി-ശബരി റെയിൽവേ പദ്ധതി പുനരുജ്ജീവിപ്പിക്കണം. പുതിയ എസ്റ്റിമേറ്റ് പ്രകാരം, കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ മുഖേന പദ്ധതി നടപ്പാക്കാനുള്ള അനുമതിയും ആവശ്യമായ തുകയും ലഭ്യമാക്കണമെന്നും വി അബ്ദു റഹിമാൻ ആവശ്യപ്പെട്ടു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.