- Trending Now:
തിരുവനന്തപുരം: പ്രമേഹ പരിചരണത്തിലെ ശാസ്ത്രീയതയും നൂതന ആശയങ്ങളും ചർച്ചചെയ്യുന്നതിനായി ജ്യോതിദേവ്സ് പ്രൊഫഷണൽ എജ്യുക്കേഷൻ ഫോറം (ജെപിഇഎഫ്-2026) സംഘടിപ്പിക്കുന്ന 14-ാമത് ത്രിദിന വാർഷിക ഗ്ലോബൽ ഡയബറ്റിസ് കൺവെൻഷന് വെള്ളിയാഴ്ച (ജൂലൈ 10) കോവളത്ത് തുടക്കമാകും. ത്രിദിന സമ്മേളനം ജൂലൈ 11 ന് വൈകിട്ട് 4 ന് കോവളം ഉദയസമുദ്രയിൽ ആരോഗ്യമന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും.
ദേശീയ, അന്തർദേശീയ തലത്തിൽ നിന്നുള്ള ആരോഗ്യ വിദഗ്ധരും ഡോക്ടർമാരും പങ്കെടുക്കുന്ന കൺവെൻഷൻ പ്രമേഹ പരിചരണം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ശാസ്ത്രീയ തെളിവുകൾ, ക്ലിനിക്കൽ വൈദഗ്ദ്ധ്യം, നൂതനാശയങ്ങൾ എന്നിവ പങ്കിടുന്നതിനുള്ള സുപ്രധാന വേദിയാകും.
'പരിചരണത്തിൽ ഏറ്റവും മികച്ചത് തിരഞ്ഞെടുക്കാൻ നിങ്ങളെ സഹായിക്കൽ' (Helping You Choose the Best in Care) എന്നതാണ് ഈ വർഷത്തെ കൺവെൻഷൻറെ പ്രമേയം. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ചികിത്സകളുടെയും സാങ്കേതികവിദ്യകളുടെയും കാലത്ത് ചികിത്സാ തീരുമാനങ്ങൾ എടുക്കുന്നതിന് ആവശ്യമായ അറിവും പ്രായോഗിക ഉപകരണങ്ങളും പ്രയോജനപ്പെടുത്തി ആരോഗ്യ സംരക്ഷണ വിദഗ്ധരെ ശാക്തീകരിക്കുന്നതിനുള്ള പ്രതിബദ്ധത ഇത് പ്രതിഫലിപ്പിക്കുന്നു.
ഡോക്ടർമാർ, ഗവേഷകർ, പ്രമേഹരോഗ വിഭാഗ അധ്യാപകർ, ഹെൽത്ത് കെയർ ഇന്നൊവേറ്റർമാർ എന്നിവർക്ക് ആശയങ്ങൾ കൈമാറുന്നതിനും തെളിവുകൾ പ്രായോഗികമാക്കുന്നതിനും പ്രമേഹ പരിചരണത്തിൻറെ ഭാവി രൂപപ്പെടുത്തുന്നതിനും ഈ ഫോറം ഇടമൊരുക്കും.
ആരോഗ്യ വിദഗ്ദ്ധരുടെ പ്രഭാഷണങ്ങൾ, പാനൽ ചർച്ചകൾ, ഡിബേറ്റ്, മെഡിക്കൽ ക്വിസ്, രോഗികളുമായുള്ള തത്സമയ ഇടപെടലുകൾ, ഹാൻഡ്സ്-ഓൺ സിജിഎം, ഇൻസുലിൻ പമ്പ് വർക്ക് ഷോപ്പ്, ഡയബറ്റിസ് ടെക്നോളജി എക്സ്പോ, പോസ്റ്റർ പ്രസൻറേഷൻ എന്നിവയാണ് ത്രിദിന സമ്മേളനത്തിലെ പ്രധാന പരിപാടികൾ.
കൺവെൻഷൻ ഓർഗനൈസിങ് സെക്രട്ടറി ഡോ. ജ്യോതിദേവ് കേശവദേവ്, ഓർഗനൈസിങ് ചെയർമാൻ ഡോ. അരുൺ ശങ്കർ, കോൺഫറൻസ് ചീഫ് ഓർഗനൈസറും ഡയറക്ടറുമായ സുനിത ജ്യോതിദേവ്, സയൻറിഫിക് കോർനിനേറ്റർ അഞ്ജന ബസന്ത് എന്നിവർ ത്രിദിന സമ്മേളനത്തിന് നേതൃത്വം നൽകും.
പ്രമേഹം, അമിതവണ്ണം, കാർഡിയോമെറ്റബോളിക് കെയർ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, വളർന്നുവരുന്ന ചികിത്സാ രീതികൾ, കണ്ടുപിടുത്തങ്ങൾ, ഡയബറ്റിക് ടെക്നോളജി എന്നിവയിലെ പുതിയ പ്രവണതകൾ പ്രശസ്തരായ അന്താരാഷ്ട്ര, ദേശീയ ഫാക്കൽറ്റികൾ കൺവെൻഷനിൽ ചർച്ചചെയ്യുമെന്ന് ഡോ. ജ്യോതിദേവ് പറഞ്ഞു. തുടർച്ചയായ ഗ്ലൂക്കോസ് നിരീക്ഷണത്തിലെ പുരോഗതി, എഐ നിയന്ത്രിത വ്യക്തിഗത പരിചരണം, ഓട്ടോമേറ്റഡ് ഇൻസുലിൻ ഡെലിവറി മാർഗങ്ങൾ, സ്റ്റെം സെൽ ഗവേഷണം, ടൈപ്പ് 1 പ്രമേഹത്തിനുള്ള ടെപ്ലിസുമാബ്, ബേസൽ ഇൻസുലിൻ, ഇൻഹേൽഡ് ഇൻസുലിൻ, ജെറിയാട്രിക് ഡയബറ്റിസ് മാനേജ്മെൻറ് എന്നിവയുമായി ബന്ധപ്പെട്ട സെഷനുകൾ പരിപാടിയുടെ പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉദ്ഘാടന സമ്മേളനത്തിൽ പി.കേശവദേവ് ജെപിഇഎഫ് യങ് റിസർച്ചർ അവാർഡ്, ജെപിഇഎഫ് സ്റ്റാൾവാർട്ട് ഫിസിഷ്യൻ അവാർഡ്, ജെപിഇഎഫ് സയൻറിഫിക് എക്സലൻസ് അവാർഡ്, ജെപിഇഎഫ്-യുഎസ് വി ടെക്നോളജി അവാർഡ്സ്-2026 എന്നിവ സമ്മാനിക്കും. സമ്മേളനത്തിൽ അവതരിപ്പിച്ച പ്രബന്ധങ്ങളടങ്ങിയ ഐജെഡിടി-ജെപിഇഎഫ് ഗവേഷണ അബ്സ്ട്രാക്ട് പുസ്തകത്തിൻറെ പ്രകാശനം മന്ത്രി നിർവ്വഹിക്കും.
പ്രമേഹ രോഗവും പരിചരണവും ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട വിവിധ സെഷനുകൾ സമ്മേളനത്തിലുണ്ടാകും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 ന് ആദ്യ സെഷൻ ആരംഭിക്കും. ഉദയസമുദ്രയിലെ മൂന്ന് വേദികളിലായി സമാന്തര സെഷനുകൾ നടക്കും. രണ്ടാം ദിവസം രാവിലെ 8.30 മുതൽ സെഷനുകൾ ആരംഭിക്കും. ഓസ്ട്രിയ, സിംഗപ്പൂർ, മലേഷ്യ, ഈജിപ്റ്റ്, ഒമാൻ, നേപ്പാൾ, ദുബായ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രമേഹ രോഗ വിദഗ്ധർ ജെപിഇഎഫ്-2026 ൽ വിവിധ സെഷനുകളിൽ പങ്കെടുക്കും. ഇതിനു പുറമേ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആരോഗ്യ വിദഗ്ധൻമാരും സമ്മേളനത്തിൻറെ ഭാഗമാകും.
അത്യാധുനിക ശാസ്ത്രം, പ്രാക്ടിക്കൽ വർക്ക് ഷോപ്പ്, സഹകരണ പഠനം എന്നിവയിലൂടെ പ്രമേഹ പരിചരണം മെച്ചപ്പെടുത്തുന്നതിനും പ്രമേഹരോഗികളായ ദശലക്ഷക്കണക്കിന് ആളുകൾക്ക് ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി സമർപ്പിച്ചിരിക്കുന്ന രാജ്യത്തെ മുൻനിര അക്കാദമിക് ഒത്തുചേരലുകളിൽ ഒന്നായി ജെപിഇഎഫ് 2026 മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.