Sections

കൊച്ചി ബിനാലെ ഫൗണ്ടേഷൻ 'ലെറ്റ്‌സ് ടോക്ക്' ടാറ്റാ ട്രസ്റ്റ്‌സ് സ്റ്റുഡന്റ്‌സ് ബിനാലെ ദേശീയ പുരസ്‌കാര ജേതാക്കൾ പങ്കെടുക്കും

Wednesday, Jul 08, 2026
Reported By Admin
Kochi Biennale Hosts 'Let's Talk' with Student Biennale Winners

കൊച്ചി: ടാറ്റാ ട്രസ്റ്റ്സ് സ്റ്റുഡന്റ്സ് ബിനാലെ ദേശീയ പുരസ്കാരം (2025-26) നേടിയ രെപ്പാൻഡി ലെപ്ച, ദുർഗേഷ് പ്രജാപതി എന്നിവർ പങ്കെടുക്കുന്ന 'ലെറ്റ്സ് ടോക്ക്' പരിപാടിയുമായി കൊച്ചി ബിനാലെ ഫൗണ്ടേഷൻ. കിർലോസ്കറിന്റെ സഹകരണത്തോടെ നടത്തുന്ന ലെറ്റ്സ് ടോക്ക് ജൂലൈ എട്ടിന് വൈകുന്നേരം അഞ്ച് മണിക്ക് മട്ടാഞ്ചേരിയിലെ എസ്.എം.എസ് ഹാളിലാണ് നടക്കുന്നത്.

സിക്കിമിൽ നിന്നുള്ള രെപ്പാൻഡി ലെപ്ച ഭാഷ, ഭൗതികത, പ രിസ്ഥിതി, സാമൂഹിക ബന്ധങ്ങൾ തുടങ്ങിയവയുടെ പരസ്പരബന്ധങ്ങളെയാണ് തന്റെ സൃഷ്ടികളിലൂടെ അനാവരണം ചെയ്യുന്നത്. അന്യംനിന്നുപോകുന്ന ലെപ്ച ഭാഷ, സാംസ്കാരിക സ്വത്വം, പാരിസ്ഥിതിക ഓർമ്മകൾ എന്നിവ തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് രെപാൻഡിയുടെ ഗവേഷണം. സ്റ്റുഡന്റ്സ് ബിനാലെയുടെ ഭാഗമായി അംഗ ആർട്ട് കളക്ടീവ് ക്യൂറേറ്റ് ചെയ്ത രെപ്പാൻഡിയുടെ 'ഷിഫ്റ്റിംഗ് ലാൻഡ്സ്കേപ്സ്' എന്ന പ്രോജക്റ്റ് മട്ടാഞ്ചേരിയിലെ വി.കെ.എൽ വെയർഹൗസിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

ഉത്തർപ്രദേശിലെ കുംഭാര സമുദായത്തിന്റെ പരമ്പരാഗത മൺപാത്ര നിർമ്മാണ രീതികളിലൂടെ വൈവിധ്യമാർന്ന സാധ്യതകളെയാണ് വിശ്വഭാരതി സർവ്വകലാശാലയിൽ ശില്പകലയിൽ എം.എഫ്.എ ചെയ്യുന്ന ദുർഗേഷ് പ്രജാപതി പഠിക്കുന്നത്. പരമ്പരാഗതമായ ഇത്തരം മൺപാത്ര നിർമ്മാണ ശൈലികളെ സമകാലിക കലയിൽ എങ്ങനെ പുനർനിർമ്മിക്കാം എന്നതിനെക്കുറിച്ചാണ് അദ്ദേഹത്തിന്റെ ഗവേഷണം. ഈ കരകൗശല വിദ്യയ്ക്ക് പുതിയ സാധ്യതകൾ തുറന്നുനൽകുന്നതോടൊപ്പം, പരമ്പരാഗത തൊഴിലാളി സമൂഹങ്ങളുടെ ഉപജീവനമാർഗ്ഗത്തെ പിന്തുണയ്ക്കാനും ഈ ഗവേഷണം സഹായിക്കുന്നു.

ഗാബ ക്യൂറേറ്റ് ചെയ്ത ദുർഗേഷിന്റെ 'എക്സ്പ്രഷൻ ഓഫ് ഫ്രജിലിറ്റി' എന്ന വർക്ക് ഫോർട്ട് കൊച്ചിയിലെ 'അർത്ഥശില'യിലാണ് അവതരിപ്പിച്ചത്.

രാജ്യത്തെ മികച്ച യുവ കലാപ്രതിഭകളെ കണ്ടെത്തുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ളതാണ് ടാറ്റാ ട്രസ്റ്റ്സ് സ്റ്റുഡന്റ്സ് ബിനാലെ ദേശീയ പുരസ്കാരം. മട്ടാഞ്ചേരിയിൽ നടക്കുന്ന റെസിഡൻസി പ്രോഗ്രാമിലൂടെ പുരസ്കാര ജേതാക്കൾക്ക് ആവശ്യമായ പിന്തുണയും കൊച്ചി ബിനാലെ ഫൗണ്ടേഷൻ നൽകി വരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.