- Trending Now:
കൊച്ചി: രാജ്യത്തെ അടുത്ത തലമുറയിലെ സംരംഭകരെയും നൂതനാശയക്കാരെയും കണ്ടെത്തി ശാക്തീകരിക്കുന്നതിനായി ആരംഭിച്ച വന്ദേ ഭാരതം എന്ന ദേശീയ സംരംഭത്തിന് രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും വൻ പ്രതികരണം ലഭിക്കുന്നു.
അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെ 64-ാം ജന്മദിനത്തോടനുബന്ധിച്ചാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽ നിന്നും 8 കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും ഇതിനകം തന്നെ പദ്ധതിയിലേക്ക് അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഇതിനുപുറമേ അമേരിക്ക, യുകെ, യുഎഇ, കാനഡ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്ന് ലഭിക്കുന്ന പങ്കാളിത്തം ഈ പദ്ധതിയുടെ ആഗോള ജനപ്രീതി വ്യക്തമാക്കുന്നു.
ഭാവിയിലെ കണ്ടുപിടുത്തങ്ങളെ സ്വാധീനിക്കുന്ന ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡീപ് ടെക്നോളജി എന്നീ മേഖലകളിൽ നിന്നാണ് ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചിരിക്കുന്നത്. വിവിധ വ്യവസായങ്ങളിലെയും സമൂഹങ്ങളിലെയും യഥാർത്ഥ വെല്ലുവിളികൾ പരിഹരിക്കാൻ സഹായിക്കുന്ന ഒട്ടനവധി വേറിട്ട ആശയങ്ങളാണ് ഈ വിഭാഗത്തിൽ ലഭിച്ചിരിക്കുന്നത്.
ഇവ കൂടാതെ കൃഷി, ഭക്ഷ്യ-ഗ്രാമീണ സമ്പദ്വ്യവസ്ഥ, ആരോഗ്യം-ഫാർമ, വിദ്യാഭ്യാസം, റീട്ടെയിൽ, കൊമേഴ്സ്, മാനുഫാക്ചറിംഗ് & ഇൻഡസ്ട്രി 4.0 തുടങ്ങിയ പ്രധാന സാമ്പത്തിക മേഖലകളിൽ നിന്നും വിപുലമായ പങ്കാളിത്തമുണ്ട്. വനിതാ സംരംഭകർ, ഗ്രാമീണ മാറ്റങ്ങൾക്ക് നേതൃത്വം നൽകുന്നവർ, സുസ്ഥിര വികസനത്തിന് മുൻഗണന നൽകുന്ന നൂതനാശയക്കാർ എന്നിവരുടെ ശക്തമായ സാന്നിധ്യം ഈ സംരംഭത്തിന്റെ പ്രത്യേകതയാണ്.
ഇന്ത്യയെ മാറ്റിമറിക്കാൻ പോകുന്ന അടുത്ത വലിയ ആശയം സാധാരണയായി ഉയർന്നുവരുന്ന ഇടങ്ങളിൽ നിന്നായിരിക്കില്ല വരുന്നത്. ഈ രാജ്യത്തെ ഓരോ സംസ്ഥാനത്തു നിന്നും ലോകമെമ്പാടുമുള്ള ആളുകളിൽ നിന്നും ലഭിച്ച പ്രതികരണം തങ്ങളുടെ വിശ്വാസത്തെ കൂടുതൽ ദൃഢമാക്കുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ ചരിത്രം എഴുതപ്പെടുന്നത് കോർപ്പറേറ്റ് ബോർഡ് റൂമുകളിലല്ല മറിച്ച് സാധാരണക്കാരായ ആളുകളിലൂടെയാണെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പറഞ്ഞു.
താല്പര്യമുള്ള നൂതനാശയക്കാർക്കും സംരംഭകർക്കും 2026 ജൂലൈ 19 വരെ vandebharatam.org എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. പുതിയ ആശയങ്ങൾ, പ്രോട്ടോടൈപ്പുകൾ, പ്രാരംഭ ഘട്ടത്തിലുള്ള സംരംഭങ്ങൾ അല്ലെങ്കിൽ നിലവിലുള്ള ബിസിനസുകൾ ഉള്ള ആർക്കും ഇതിലേക്ക് എൻട്രികൾ അയക്കാവുന്നതാണ്.
നവീകരണം, ബിസിനസ്സ് സാധ്യതകൾ, സാമൂഹിക സ്വാധീനം, വളർച്ചാ സാധ്യതകൾ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും അപേക്ഷകൾ വിലയിരുത്തുക.
സംസ്ഥാന, പ്രാദേശിക തലത്തിലുള്ള മൂല്യനിർണ്ണയത്തിന് ശേഷം തിരഞ്ഞെടുക്കപ്പെടുന്ന 75 ഫൈനലിസ്റ്റുകളെ അഹമ്മദാബാദിലേക്ക് ക്ഷണിക്കും. അവിടെ അവർക്ക് പ്രമുഖ വ്യവസായ പ്രമുഖരുമായും നിക്ഷേപകരുമായും സംവദിക്കാനും മികച്ച മെന്റർഷിപ്പ് നേടാനുമുള്ള അവസരം ലഭിക്കും. ഇവർക്കുള്ള സമ്മാനത്തുകയും മറ്റ് അംഗീകാരങ്ങളും പിന്നീട് പ്രഖ്യാപിക്കും. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചായിരിക്കും ഈ പദ്ധതിയുടെ ഗ്രാൻഡ് ഫിനാലെ നടക്കുക.
പ്രശസ്ത നടനും ടെലിവിഷൻ അവതാരകനും സംരംഭകനുമായ രാജീവ് ഖണ്ഡേൽവാൽ ആണ് വന്ദേ ഭാരതം പദ്ധതിയുടെ ഔദ്യോഗിക അംബാസഡറും ഹോസ്റ്റും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.