Sections

കെഎസ് യുഎമ്മിൻറെ ഡിജിറ്റൽ ഫാബ് മെഷീൻ വർക്ക് ഷോപ്പ്: അപേക്ഷ ക്ഷണിക്കുന്നു

Wednesday, Jul 08, 2026
Reported By Admin
KSUM Invites Applications for MakerSprint 2.0 Workshop

ജൂലൈ 13 ന് ആരംഭിക്കും

തിരുവനന്തപുരം: ഡിജിറ്റൽ ഫാബ്രിക്കേഷൻ മെഷീനുകളിൽ പ്രായോഗിക പരിചയം നൽകുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ് യുഎം) സംഘടിപ്പിക്കുന്ന മേക്കർസ്പ്രിൻറിൻറെ രണ്ടാം പതിപ്പിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ടെക്നോപാർക്കിലെ ഫാബ് ലാബിൽ ജൂലൈ 13 ന് ആരംഭിക്കുന്ന ആറ് ദിവസത്തെ വർക്ക് ഷോപ്പ് 18 ന് സമാപിക്കും.

'6 ദിവസത്തിനുള്ളിൽ 5 ഉപകരണങ്ങൾ' എന്ന പഠനമാതൃകയെ അടിസ്ഥാനമാക്കിയാണ് വർക്ക് ഷോപ്പ് സംഘടിപ്പിക്കുന്നത്. ഫാബ്രിക്കേഷൻ വിഷയങ്ങളിൽ അറിവ് നേടുന്നതിനൊപ്പം പുത്തൻ ആശയങ്ങളെ പ്രോട്ടോടൈപ്പുകളാക്കി മാറ്റുന്നതിനുള്ള പ്രായോഗിക പരിശീലനം ഇതിലൂടെ ലഭിക്കും.

ഒരു ഉത്പന്നത്തെ പ്രാരംഭ ആശയ ഘട്ടത്തിൽ നിന്ന് പ്രവർത്തനപരമായ പ്രോട്ടോടൈപ്പ് തലത്തിലേക്ക് കൊണ്ടുപോകുക എന്നതാണ് വർക്ക് ഷോപ്പിൻറെ പ്രാഥമിക ലക്ഷ്യം. വ്യവസായസംരംഭങ്ങളുമായി ബന്ധപ്പെട്ട സാങ്കേതിക വൈദഗ്ധ്യമുള്ളവരെ ശാക്തീകരിക്കാനും പരിശീലനം ലക്ഷ്യമിടുന്നു.

ഫാബ് ലാബ് കേരളയുമായി സഹകരിച്ചുള്ള വർക്ക് ഷോപ്പിൽ പത്ത് പേർക്കാണ് പ്രവേശനം ലഭിക്കുക. വിദ്യാർത്ഥികൾ, സംരംഭകർ, പ്രൊഫഷണൽസ് എന്നിങ്ങനെ ഫാബ്രിക്കേഷൻ വിഷയങ്ങളിൽ അറിവ് നേടാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് ഇതിൻറെ ഭാഗമാകാം. മെയ് മാസത്തിൽ നടത്തിയ മേക്കർസ്പ്രിൻറിൻറെ ഒന്നാംപതിപ്പ് വിജയകരമായിരുന്നു.

വർക്ക് ഷോപ്പിൽ പങ്കെടുക്കുന്നവർക്ക് ത്രിഡി പ്രിൻററുകൾ, ലേസർ കട്ടറുകൾ, കമ്പ്യൂട്ടർ ന്യൂമറിക്കൽ കൺട്രോൾ (സിഎൻസി) റൂട്ടറുകൾ, പ്രിൻറഡ് സർക്യൂട്ട് ബോർഡ് മില്ലിംഗ് (പിസിബി), സ്ക്രീൻ പ്രിൻറിംഗ് എന്നിവയുൾപ്പെടെയുള്ള ഡിജിറ്റൽ മെഷീനുകൾ, ഡിജിറ്റൽ ഫാബ്രിക്കേഷൻ, ഡിസൈൻ സോഫ്റ്റ് വെയറുകൾ, അവശ്യ ടൂളുകൾ എന്നിവയിൽ പ്രായോഗിക പരിചയം ലഭിക്കും.

യുഎസ്എയിലെ ബോസ്റ്റണിലുള്ള സെൻറർ ഫോർ ബിറ്റ്സ് ആൻഡ് ആറ്റംസ്, എംഐടിയുമായി ഫാബ് ലാബ് കേരള അഫിലിയേറ്റ് ചെയ്തിട്ടുണ്ട്.

രജിസ്ട്രേഷന്: https://startupmission.kerala.gov.in/fablab/maker-sprint


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.