- Trending Now:
തിരുവനന്തപുരം: രാജ്യത്ത് സെമികണ്ടക്ടർ മേഖലയിലെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിൻറെ ഭാഗമായി, സെമികണ്ടക്ടർ ഉപകരണങ്ങൾക്കുള്ള നിയന്ത്രണ സംവിധാനങ്ങൾ രൂപകൽപ്പന ചെയ്യുന്ന കായ്സെമി കൺട്രോൾ സിസ്റ്റംസ് ടെക്നോപാർക്കിൽ ഓഫീസ് തുറന്നു.
ടെക്നോപാർക്ക് ഫേസ് വണ്ണിലെ കല്ലായി ബിൻഡിംഗിൻറെ ഒന്നാം നിലയിൽ 5000 ചതുരശ്രയടി വിസ്തീർണ്ണത്തിൽ പ്രവർത്തനമാരംഭിച്ച പുതിയ ഓഫീസ് ഐടി, സ്റ്റാർട്ടപ്പ്, വ്യവസായ വകുപ്പ് മന്ത്രി പി. കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ഇലക്ട്രോണിക്സ് ആൻഡ് ഐടി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു, ടെക്നോപാർക്ക് സിഇഒ സന്ദീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
സംസ്ഥാനത്ത്, പ്രത്യേകിച്ച് തലസ്ഥാന നഗരത്തിൽ ലഭ്യമായ മികച്ച യുവപ്രതിഭകളുടെ സേവനം പ്രയോജനപ്പെടുത്തണമെന്ന് കായ്സെമിയുടെ ഉദ്യോഗസ്ഥരുമായും വിദേശ ക്ലയൻറുകളുമായും നടത്തിയ കൂടിക്കാഴ്ചയിൽ മന്ത്രി നിർദേശിച്ചു. സെമികണ്ടക്ടർ മേഖലയിലെ പുത്തൻ പ്രവണതകളെക്കുറിച്ചും ആഗോള അവസരങ്ങൾ സംസ്ഥാനത്തിൻറെ ഐടി മേഖല പ്രയോജനപ്പെടുത്തേണ്ടത് എങ്ങനെയെന്നത് സംബന്ധിച്ചും മന്ത്രി ആരാഞ്ഞു.
ടെക്നോപാർക്കിലെ ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും യുവാക്കളുടെ വൈദഗ്ധ്യവുമാണ് കമ്പനിയുടെ വളർച്ചയ്ക്ക് കരുത്തായതെന്ന് കിംഗ്സ്റ്റൺ സെമികണ്ടക്ടർ സ്ഥാപകനും കായ്സെമിയുടെ മാനേജിംഗ് ഡയറക്ടറുമായ ജെഫ് ബോക്കർ പറഞ്ഞു.
അനു ജോസഫ്, ഫഹദ് അബ്ദുൾ സലാം, എജൻറീവ്-എക്സ് സിഇഒ ടോണി ജോസഫ് എന്നിവരാണ് കമ്പനിയുടെ ഡയറക്ടർമാർ.
ടെക്നോപാർക്ക് സിടിഒ മാധവൻ പ്രവീൺ, കേരള ഐടി പാർക്കുകളുടെ സിഎഫ്ഒ വിപിൻ കുമാർ എസ്, ടെക്നോപാർക്ക് ഡെപ്യൂട്ടി വൈസ് പ്രസിഡൻറ് (മാർക്കറ്റിംഗ് ആൻഡ് കസ്റ്റമർ റിലേഷൻഷിപ്പ്) വസന്ത് വരദ, അസിസ്റ്റൻറ് വൈസ് പ്രസിഡൻറ് (അഡ്മിനിസ്ട്രേഷൻ ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസ്) അഭിലാഷ് ഡി എസ്, ജിടെക് സെക്രട്ടറിയും ടാറ്റ എൽക്സി സെൻറർ ഹെഡുമായ വി. ശ്രീകുമാർ എന്നിവരും പങ്കെടുത്തു.
ചിപ്പ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന അയോണിക് ഇംപ്ലാൻറർ പോലുള്ള സങ്കീർണ യന്ത്രങ്ങൾ നിയന്ത്രിക്കുന്ന ലോകോത്തര സോഫ്റ്റ് വെയറുകളാണ് കമ്പനി വികസിപ്പിക്കുന്നത്. റോബോട്ടിക് സംവിധാനങ്ങൾ, വാൽവ് നിയന്ത്രണം, ബീം നിയന്ത്രണം, ബീം ട്യൂണിങ് തുടങ്ങിയ പ്രവർത്തനങ്ങൾ കൃത്യമായി നിയന്ത്രിക്കാൻ ഈ സോഫ്റ്റ് വെയറുകൾ സഹായിക്കുന്നു.
സ്മാർട്ട്ഫോണുകൾ, കാറുകൾ, റോക്കറ്റുകൾ, പ്രതിരോധ ഉപകരണങ്ങൾ തുടങ്ങി ആധുനിക സാങ്കേതിക സംവിധാനങ്ങളുടെ പ്രധാന ഘടകമാണ് സെമികണ്ടക്ടർ ചിപ്പുകൾ. തായ് വാൻ, അമേരിക്ക, ദക്ഷിണ കൊറിയ എന്നിവയാണ് നിലവിൽ ഈ രംഗത്തെ മുൻനിര രാജ്യങ്ങൾ. കോവിഡ് കാലത്ത് ചിപ്പുകളുടെ ക്ഷാമം രാജ്യത്തെ ഓട്ടോമൊബൈൽ വ്യവസായത്തെ സാരമായി ബാധിച്ചിരുന്നു. ചിപ്പ് ഉത്പാദനത്തിൽ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ആഭ്യന്തര ഉത്പാദനത്തിന് പ്രോത്സാഹനവും ധനസഹായവും നൽകുന്നു.
സിംഗപ്പൂർ, ദക്ഷിണ കൊറിയ, ചൈന, വിയറ്റ്നാം തുടങ്ങിയ ഫാബ്രിക്കേഷൻ യൂണിറ്റുകളിലേക്കാണ് നിലവിൽ കായ്സെമി സോഫ്റ്റ് വെയർ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നത്. അടുത്ത ഘട്ടത്തിൽ സ്വന്തം മെഷീൻ വികസന സംവിധാനം സ്ഥാപിക്കാനാണ് കമ്പനിയുടെ പദ്ധതി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.