Sections

രാജ്യത്തെ പുതിയ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളിൽ പകുതിയും പുതുതലമുറ: ഗ്രാമീണ മേഖലകളിൽ ഉപയോഗം വർധിക്കുന്നു

Thursday, Jul 09, 2026
Reported By Admin
Half of New Credit Card Users in India Are Youth: CIBIL

കൊച്ചി: രാജ്യത്ത് പുതുതായി ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാൻ തുടങ്ങുന്നവരിൽ പകുതിയും യുവാക്കളാണെന്ന് ട്രാൻസ്യൂണിയൻ സിബിലിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. 'ബിയോണ്ട് ദി സൈ്വപ്പ് 2026' എന്ന പേരിലിറക്കിയ റിപ്പോർട്ട് പ്രകാരം, മെട്രോ നഗരങ്ങളെക്കാൾ അർദ്ധ-നഗര, ഗ്രാമീണ മേഖലകളിലേക്കും ക്രെഡിറ്റ് കാർഡിന്റെ ഉപയോഗം കൂടുതൽ വ്യാപിച്ചിട്ടുണ്ട്.

2026-ൽ രാജ്യത്ത് ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളുടെ എണ്ണം 5.2 കോടി കടന്നു. 2016-നെ അപേക്ഷിച്ച് ഇത് 3.6 ഇരട്ടി വളർച്ചയാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ (2016-2026) ക്രെഡിറ്റ് കാർഡ് കുടിശ്ശിക 8.3 ഇരട്ടി വർധിച്ച് 3.1 ലക്ഷം കോടി രൂപയായി. 2026 മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം പുതിയ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളിൽ 50 ശതമാനം പേരും 30 വയസ്സോ അതിൽ താഴെയോ പ്രായമുള്ളവരാണ്. 2022 മാർച്ചിൽ ഇത് 43 ശതമാനമായിരുന്നു.

പുതിയ ഉപഭോക്താക്കളിൽ 46 ശതമാനം പേർ അർദ്ധ-നഗര, ഗ്രാമീണ മേഖലകളിൽ നിന്നുള്ളവരാണ് 2022-ൽ ഇത് 42 ശതമാനം ആയിരുന്നു. രാജ്യത്തെ ക്രെഡിറ്റ് കാർഡ് ഉപഭോഗം 25 ശതമാനം ആണ്. യുകെ (70 ശതമാനം), കൊളംബിയ (62 ശതമാനം), ഹോങ്കോംഗ് (98 ശതമാനം) തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇത് വളരെ കുറവാണെങ്കിലും, കൂടുതൽ വളർച്ചയ്ക്കുള്ള സാധ്യതയാണ് ഇത് കാണിക്കുന്നത്.

കാർഡുടമകളുടെ എണ്ണം 1.4 കോടിയിൽ നിന്ന് 3.6 ഇരട്ടി വർധിച്ചു 5.2 കോടിയായി. ആക്ടീവ് ക്രെഡിറ്റ് കാർഡുകളുടെ എണ്ണം 2.1 കോടിയിൽ നിന്ന് 5 ഇരട്ടി വളർന്ന് 10.7 കോടിയായി. ഒരു ഉപഭോക്താവിന്റെ ശരാശരി കാർഡ് ബാലൻസ് 31,000 രൂപയിൽ നിന്നും 65,000 രൂപയായി ഉയർന്നിട്ടുണ്ട്.

വായ്പകളുടെ കാര്യത്തിലും ഉപഭോക്താക്കളുടെ ശീലങ്ങൾ മാറിയിട്ടുണ്ട്. ക്രെഡിറ്റ് കാർഡ് മാത്രം ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ എണ്ണം 2016-ലെ 50 ശതമാനത്തിൽ നിന്നും 2026-ൽ 33 ശതമാനമായി കുറഞ്ഞു. പകരം മറ്റു വായ്പകളും ഉപയോഗിക്കുന്നവർ 16 ശതമാനത്തിൽ നിന്നും 32 ശതമാനമായി വർധിച്ചു. മൂന്നോ അതിലധികമോ ക്രെഡിറ്റ് കാർഡുകൾ ഉള്ളവർ 12 ശതമാനത്തിൽ നിന്ന് 22 ശതമാനമായി ഉയർന്നു.

പുതുതലമുറയുടെ വായ്പാ രീതികളിൽ വലിയ മാറ്റങ്ങളാണ് ഉള്ളത്. മുമ്പ് യുവാക്കൾ ആദ്യമായി എടുക്കുന്ന വായ്പാ സൗകര്യം ക്രെഡിറ്റ് കാർഡുകളായിരുന്നുവെങ്കിൽ ഇന്നത് മാറിയിട്ടുണ്ട്.

2024-ൽ ആദ്യമായി കാർഡ് എടുക്കുന്ന പുതിയ തലമുറ ഉപഭോക്താക്കളിൽ 31 ശതമാനം പേർക്കും ഇതിനകം തന്നെ രണ്ടോ അതിലധികമോ മറ്റ് വായ്പാ അക്കൗണ്ടുകൾ ഉണ്ടായിരുന്നു. ആദ്യത്തെ കാർഡ് എടുത്തതിന് ശേഷം 12 മാസത്തിനുള്ളിൽ മറ്റൊരു ക്രെഡിറ്റ് ഉൽപ്പന്നം കൂടി ഉപയോഗിക്കാൻ തുടങ്ങിയവർ പുതിയ തലമുറ വിഭാഗത്തിൽ 69 ശതമാനമാണ്. 2018-ലെ മില്ലേനിയൽ വിഭാഗത്തിൽ ഇത് വെറും 55 ശതമാനം മാത്രമായിരുന്നു. ആദ്യത്തെ 3 മാസത്തിനുള്ളിൽ തന്നെ 25,000 രൂപയ്ക്ക് മുകളിൽ ബാലൻസ് ഉള്ളവർ പുതിയ തലമുറ ഉപഭോക്താക്കളിൽ 28 ശതമാനമാണ്. 2018-ൽ ഇത് 20 ശതമാനം ആയിരുന്നു.

ചെറുകിട വ്യക്തിഗത വായ്പകൾ, കൺസ്യൂമർ ഡ്യൂറബിൾ ലോണുകൾ തുടങ്ങിയ മറ്റ് വായ്പകൾക്കൊപ്പമാണ് പലരും ഇന്ന് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നതെന്നും രാജ്യത്തെ ക്രെഡിറ്റ് കാർഡ് വിപണിയുടെ വളർച്ച കൂടുതൽ വിപുലവും സജീവവുമായ ഒരു ഉപഭോക്തൃ സമൂഹത്തെയാണ് കാണിക്കുന്നതെന്നും ട്രാൻസ്യൂണിയൻ സിബിൽ എംഡി & സിഇഒ ഭവേഷ് ജെയിൻ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.