Sections

സെക്രട്ടറിയേറ്റില്‍ പുത്തന്‍ പരിഷ്‌ക്കാരങ്ങള്‍

Thursday, Dec 01, 2022
Reported By MANU KILIMANOOR

മന്ത്രിമാര്‍ക്കും മറ്റ് വി.ഐ.പിമാര്‍ക്കും പഞ്ചിംഗ് ബാധകമല്ല

സെക്രട്ടേറിറ്റ്  ജീവനക്കാര്‍ക്ക് ജോലി സമയത്ത് പുറത്ത് പോകുന്നതില്‍ നിയന്ത്രണം വരുന്നു.ജോലി സമയത്ത് പുറത്ത് പോയാല്‍ ശമ്പളം മുടങ്ങും. പഞ്ച് ചെയ്തശേഷം ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണത്തിന് അനുവദിച്ചിരിക്കുന്ന 45 മിനിട്ട് അടക്കം നാല് മണിക്കൂര്‍ വരെ സ്വകാര്യ ആവശ്യങ്ങള്‍ക്ക് പുറത്തു പോകാം.4 മണിക്കൂറിന് മുകളിലായാല്‍ ഒരുദിവസത്തെ ശമ്പളവും രണ്ടേകാല്‍ മണിക്കൂര്‍ കഴിഞ്ഞാല്‍ അര ദിവസത്തെ ശമ്പളവും നഷ്ടമാവും. ഇതിനായി അക്‌സസ് സംവിധാനത്തെ ശമ്പള വിതരണ സോഫ്റ്റ് വെയറായ സ്പാര്‍ക്കുമായി ബന്ധിപ്പിക്കും.ഓഫീസില്‍ നിന്ന് മുങ്ങുന്ന ജീവനക്കാരുടെ ശമ്പളം പിടിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന അക്‌സസ് കണ്‍ട്രോള്‍ സംവിധാനംനടപ്പാക്കുന്നതിന് ശമ്പളം കട്ട് ചെയ്യുന്നതടക്കമുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കഴിഞ്ഞ ദിവസമാണ് തയ്യാറായത്. അതേസമയം മന്ത്രിമാര്‍ക്കും മറ്റ് വി.ഐ.പിമാര്‍ക്കും പഞ്ചിംഗ് ബാധകമല്ലെന്ന് കരട് മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.

പുതിയ സംവിധാനം പ്രാബല്യത്തിലാകുന്നതോടെ ജീവനക്കാര്‍ക്ക് താമസിച്ചു വരുന്നതിനും നേരത്തെ പോകുന്നതിനും അനുവദിച്ചിരിക്കുന്ന പ്രതിമാസ ഗ്രേസ് ടൈം 300ല്‍ നിന്ന് 1200 മിനിട്ടായി വര്‍ദ്ധിപ്പിക്കും. അര/ഒരു ദിവസത്തെ ലീവ് ആകുകയാണെങ്കില്‍ ആ ദിവസത്തെ ഗ്രേസ് ടൈം തിരികെ ലഭിക്കും.പഞ്ചിംഗിന് ശേഷം പുറത്തുപോയാല്‍ സീറ്റില്‍ തിരികെ എത്തുന്നതുവരെ ഹാജരല്ലെന്ന് കണക്കാക്കും. ഔദ്യോഗികാവശ്യത്തിനായി മെയിന്‍ ബ്‌ളോക്ക്, അനക്‌സ് 1, 2 എന്നിവിടങ്ങളില്‍ പോകുന്നത് ഡ്യൂട്ടിയായി കണക്കാക്കും. ഇതിന് 10 മിനിട്ട് നല്‍കും. എന്നാല്‍ ഒരു ദിവസം മൂന്നുതവണയേ ഇങ്ങനെ പോകാനാവൂ. ഓഫീസ് സമയത്തിന് ശേഷം ജീവനക്കാര്‍ എത്രസമയം അധികം ജോലി ചെയ്താലും പരമാവധി രണ്ട് മണിക്കൂര്‍ മാത്രമെ ഗ്രേസ് ടൈമായി അനുവദിക്കൂ.

ജീവനക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ചേ സെക്രട്ടേറിയറ്റില്‍ പ്രവേശിക്കാവൂ. കാര്‍ഡ് എടുക്കാന്‍ മറന്നാല്‍ ഔദ്യോഗിക പെന്‍ നമ്പര്‍ ഉപയോഗിക്കാം. അക്‌സസ് കണ്‍ട്രോള്‍ ദുരുപയോഗം തടയുന്നതിന് നിരീക്ഷണ കാമറകള്‍ സ്ഥാപിക്കും. സെക്രട്ടേറിയറ്റിലെത്തുന്നവര്‍ സന്ദര്‍ശക കേന്ദ്രത്തില്‍ പേരും തിരിച്ചറിയല്‍ രേഖയും നല്‍കണം. തുടര്‍ന്ന് അധികൃതര്‍ മറ്റൊരു തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും.ആവശ്യം കഴിഞ്ഞ് മടങ്ങുമ്പോള്‍ ഈ കാര്‍ഡ് സന്ദര്‍ശക കേന്ദ്രത്തില്‍ മടക്കിനല്‍കിയാലേ വ്യക്തിയുടെ തിരിച്ചറിയല്‍ രേഖ തിരിച്ചുനല്‍കൂ. സെക്രട്ടേറിയറ്റില്‍ നിന്ന് നല്‍കുന്ന ഐ.ഡി കാര്‍ഡ് നഷ്ടപ്പെട്ടാല്‍ 500 രൂപ പിഴ അടയ്ക്കണം. മുന്‍കൂര്‍ അപ്പോയിന്റ്‌മെന്റ് എടുക്കുന്ന സന്ദര്‍ശകര്‍ ക്യു ആര്‍ കോഡുള്ള പാസ് സന്ദര്‍ശക കേന്ദ്രത്തില്‍ കാണിക്കണം.അപ്പോള്‍ സെക്രട്ടേറിയറ്റിലേക്ക് പ്രവേശിക്കാനുള്ള ഐ.ഡി കാര്‍ഡ് നല്‍കും. എന്നാല്‍ പുതിയ തീരുമാനത്തിനെതിരെ ഇടത് സംഘടനകള്‍ ഉള്‍പ്പെടെ രംഗത്തുള്ളതിനാല്‍ കരട് നിര്‍ദ്ദേശം ചര്‍ച്ച ചെയ്യാന്‍ 9ന് സംഘടനകളുടെ യോഗം സര്‍ക്കാര്‍ വിളിച്ചിട്ടുണ്ട്. എതായാലും നടപടിയുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.