Sections

അട്ടക്കുളങ്ങര ഫ്ളൈഓവര്‍: ഭൂമി ഏറ്റെടുക്കലിന്റെ പ്രാരംഭ പ്രവൃത്തി തുടങ്ങി

Saturday, Oct 08, 2022
Reported By MANU KILIMANOOR

ഫ്ളൈ ഓവര്‍ ശ്രീവരാഹത്ത് നിന്ന്  കിഴക്കേക്കോട്ട രാമചന്ദ്ര ടെക്സ്റ്റയില്‍സിന് സമീപം വരെ


തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ അട്ടക്കുളങ്ങര ജംഗ്ഷനിലെ ഗതാഗത സ്തംഭനത്തിന് ശാശ്വത പരിഹാരമായ ഫ്ളൈഓവര്‍ നിര്‍മാണത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന്റെ പ്രാരംഭ പ്രവൃത്തി തുടങ്ങി. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കാനായി സംസ്ഥാന ഗതാഗത മന്ത്രി ആന്റണി രാജു വെള്ളിയാഴ്ച രാവിലെ അഴീക്കോട്ട ജംഗ്ഷന്‍ സന്ദര്‍ശിച്ചു.1200 മീറ്റര്‍ നീളത്തില്‍ വിഭാവനം ചെയ്തിട്ടുള്ള അട്ടക്കുളങ്ങര ഫ്ളൈഓവര്‍ ശ്രീവരാഹം അഴീക്കോട്ട ജംഗ്ഷനില്‍ തുടങ്ങി കിഴക്കേക്കോട്ട രാമചന്ദ്ര ടെക്സ്റ്റയില്‍സിന് സമീപം. അവസാനിക്കുമെന്ന് മന്ത്രി പറഞ്ഞു. നിരന്തരം ഗതാഗതം സ്തംഭിക്കുന്ന ജംഗ്ഷനിലെ പ്രശ്ന പരിഹാരത്തിനുള്ള ശാശ്വത നടപടിയാണ് ഫ്ളൈഓവര്‍. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് കേരള (ആര്‍.ബി.സി.ഡി.കെ) യ്ക്കാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ചുമതല. ഒന്നര വര്‍ഷത്തില്‍ ഭൂമി ഏറ്റെടുക്കലും അടുത്ത ഒന്നര വര്‍ഷത്തില്‍ നിര്‍മാണവും നടത്തി മൂന്ന് വര്‍ഷം കൊണ്ട് ഫ്ളൈഓവര്‍ യാഥാര്‍ഥ്യമാകുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആകെ 180 കോടി രൂപയാണ് കിഫ്ബിയില്‍ വകയിരുത്തിയിട്ടുള്ളത്. ഇതില്‍ 100 കോടിയോളം ഭൂമി ഏറ്റെടുക്കലിനാണ്. നിര്‍ദിഷ്ട ഫ്ളൈഓവറിന്റെ ഇടത് ഭാഗം പുരാവസ്തു വകുപ്പിന്റെ അധീനതയിലായതിനാല്‍ വലത് വശത്തുള്ള ഭൂമിയായിരിക്കും ഏറ്റെടുക്കുക. ഏകദേശം 300 കടകള്‍ സ്ഥിതി ചെയ്യുന്ന ഭൂമി ഏറ്റെടുക്കേണ്ടതായി വരും. സമീപത്തെ തിരക്കേറിയ മറ്റൊരു പ്രധാന ജംഗ്ഷനായ ഈഞ്ചക്കലില്‍ ഫ്ളൈഓവര്‍ നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ 159 കോടി അനുവദിച്ചതായി ഗതാഗത മന്ത്രി പറഞ്ഞു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയെ സന്ദര്‍ശിച്ച് വിഷയം ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണിത്.ഭൂമി ഏറ്റെടുക്കുന്നതിനായി സ്ഥലം അടയാളപ്പെടുത്തുന്ന പ്രവൃത്തിയാണ് വെള്ളിയാഴ്ച തുടങ്ങിയത്. കിഴക്കേക്കോട്ടയില്‍ പുതുതായി നിര്‍മിച്ച ആകാശ നടപ്പാത ജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി ഗതാഗതകുരുക്ക് ഒഴിവാക്കുന്നതില്‍ സഹകരിക്കണമെന്ന് മന്ത്രി ആന്റണി രാജു അഭ്യര്‍ഥിച്ചു. ഇക്കാര്യം ബോധവല്‍ക്കരിക്കാന്‍ മാധ്യമങ്ങളും തയ്യാറാകണം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.