പിന്നത്തേക്ക് കാര്യങ്ങൾ മാറ്റിവയ്ക്കുന്ന സ്വഭാവം അഥവാ പ്രക്റാസ്റ്റനേഷൻ ഉള്ളവരാണോ നിങ്ങൾ. ആദ്യം നമ്മൾ മനസ്സിലാക്കേണ്ട കാര്യം നാളെ എന്നൊരു ദിവസമില്ല, ഇന്ന് ചെയ്യേണ്ട കാര്യങ്ങൾ ഇന്ന് തന്നെ ചെയ്യണം. നിങ്ങൾ പിന്നത്തേക്ക് കാര്യങ്ങൾ മാറ്റിവയ്ക്കുന്ന സ്വഭാവമുള്ള ആളാണെങ്കിൽ അതിൽ നിന്നും മാറാൻ നിങ്ങൾക്ക് എന്തൊക്കെ ചെയ്യാൻ സാധിക്കും എന്ന് നോക്കാം.
- നമ്മൾ ഏറ്റെടുക്കുന്ന ജോലിയിൽ ഒരു ഡെഡ് ലൈൻ വയ്ക്കുക. ഉദാഹരണത്തിന് നമ്മുടെ ബിസിനസ്സ് വളർച്ചയ്ക്ക് നിശ്ചിത പ്രവർത്തിയേറ്റെടുത്താൽ ഏറ്റെടുത്ത പ്രവർത്തി ഏത് മാസത്തിനുള്ളിൽ ചെയ്തു തീർക്കും എന്ന് ഒരു ഡെഡ് ലൈൻ വയ്ക്കുക. ഇല്ലെങ്കിൽ നമ്മൾ അതിനുവേണ്ടി പരിശ്രമിക്കുന്നത് പിന്നീടത്തേക്ക് നീട്ടിവയ്ക്കാൻ സാധ്യതയുണ്ട്.
- നീട്ടി വയ്ക്കലിന്റെ പിന്നിലുള്ള കാര്യങ്ങളെക്കുറിച്ച് നിരീക്ഷിക്കുക. നീട്ടി വയ്ക്കാനുള്ള പ്രധാനപ്പെട്ട കാര്യം നമുക്ക് ബുദ്ധിമുട്ടാൻ പ്രയാസമുള്ളതുകൊണ്ടാണ്. എല്ലാ കാര്യവും ഈസിയായി ചെയ്യാൻ ആഗ്രഹിക്കുന്നതുകൊണ്ടാണ് പിന്നീടാവട്ടെ എന്ന് വിചാരിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിനെക്കുറിച്ച് മനസ്സിലാക്കുക എന്നതാണ് ആദ്യം നാം ചെയ്യേണ്ടത്. സ്വയം വിചാരിച്ചാൽ മാത്രമേ നീട്ടി വയ്ക്കൽ മാറ്റാൻ നമുക്ക് സാധിക്കുകയുള്ളൂ.
- നീട്ടിവെക്കുന്ന കാര്യങ്ങളെ ഒരു ശീലമാക്കി മാറ്റാതിരിക്കുക. പല്ലുതേക്കുന്നത് നമുക്കെല്ലാം ഒരു ശീലമാണ് അത് ഒരു നിശ്ചിത സമയത്ത് തന്നെ നമ്മൾ ചെയ്യാറുമുണ്ട്. അത് നമ്മൾ പ്ലാൻ ചെയ്ത് ചെയ്യുന്നതല്ല സ്വാഭാവികമായി സംഭവിക്കുന്നതാണ്. അതിന് കാരണം പല്ല് തേക്കുക എന്നത് നമ്മുടെ ഒരു ശീലമായി മാറിയിരിക്കുന്നു. ഇതേപോലെ വ്യായാമം ചെയ്യാൻ തീരുമാനിച്ചു അത് 21 ദിവസം തുടർച്ചയായി ചെയ്താൽ അത് നമ്മുടെ സ്വഭാവമായി തീരും. ചില ആൾക്കാർക്ക് ഇത് 90 ദിവസം വരെ നീണ്ടുപോകാം. ഭൂരിപക്ഷം ആൾക്കാർക്കും ഇത് 21 ദിവസം തന്നെ ആയിരിക്കും. നമ്മൾ ഇപ്പോൾ ആറുമണിക്കാണ് വ്യായാമം ചെയ്യുന്നതെങ്കിൽ അത് തുടർച്ചയായി 21 ദിവസം ചെയ്യണം എങ്കിൽ അത് നമുക്കൊരു ശീലമാക്കി മാറ്റാൻ സാധിക്കും.
- ജോലിയുടെ ഭാരം കൂടിയതാണെങ്കിൽ ചിലപ്പോൾ നമ്മൾ നീട്ടിവയ്ക്കാറുണ്ട്. ജോലിയെ പല ഘട്ടങ്ങളായി തിരിച്ച് അതിനെ ഓർഡർ അനുസരിച്ച് ചെയ്യുക. ഉദാഹരണം പരീക്ഷയ്ക്ക് പഠിക്കുന്ന വിദ്യാർത്ഥി പഠിക്കാൻ കൂടുതലായിട്ടുണ്ടെങ്കിൽ അതിനെ ചിലപ്പോൾ നീട്ടിവയ്ക്കാൻ സാധ്യതയുണ്ട്. പഠിക്കേണ്ട വിഷയം പല പാർട്ട് പാർട്ടായി തിരിച്ച് കുറച്ചു കുറച്ചായി പഠിക്കുക. ഇത് ഏത് കാര്യത്തിലും നോക്കാവുന്നതാണ്.
- നമുക്ക് കിട്ടുന്ന ജോലി അല്ലെങ്കിൽ ഒരു പ്രവൃത്തി പ്രയാസമാണെന്ന് കരുതി ചില ആൾക്കാർ നീട്ടി വയ്ക്കാറുണ്ട്. ഇതിന് നമ്മൾ ചെയ്യേണ്ടത് ഏത് ജോലി തിരഞ്ഞെടുക്കുന്നുവോ അതുമായി ബന്ധപ്പെട്ട സ്കിൽ വർദ്ധിപ്പിക്കുക. അതുപോലെ തന്നെ ആ ജോലി നമുക്ക് ബുദ്ധിമുട്ടാണെന്ന് തോന്നുകയാണെങ്കിൽ അതിൽ എക്സ്പെർട്ടായ ആൾക്കാരുമായി ബന്ധപ്പെടുകയും അവരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്യുക. ഇത് നമ്മുടെ ജോലി എളുപ്പമാക്കുന്നതിന് സഹായിക്കും.
- പലർക്കും ഒരു ജോലി ഏറ്റെടുത്ത് കഴിഞ്ഞാൽ അത് തുടങ്ങുന്നതിനാണ് ബുദ്ധിമുട്ട്. ശുഭസ്യ ശീഘ്രം എന്ന ആപ്തവാക്യം നമ്മൾ സാധാരണ കേൾക്കാറുണ്ട്. നമുക്ക് ചെയ്യേണ്ടത് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണെങ്കിൽ അത് എത്രയും വേഗം ചെയ്തു തീർക്കാൻ ശ്രമിക്കണം.
- എല്ലാ കാര്യവും കുറ്റമറ്റതായി ചെയ്യാൻ സാധിക്കണം, പരിപൂർണ്ണമായാലേ നമ്മൾ ചെയ്യുകയുള്ളൂ എന്നിങ്ങനെ വിചാരിച്ച് മാറ്റിവയ്ക്കരുത്. അങ്ങനെ ആർക്കും ചെയ്യാൻപറ്റിയതായി വരില്ല. ഏതു കാര്യം ചെയ്യുമ്പോഴും കുറ്റവും കുറവുകളും ഉണ്ടാവുക എന്നത് മനുഷ്യസഹജമായ ഒരു കാര്യമാണ്. അതിനെ അംഗീകരിച്ചുകൊണ്ട് നമ്മുടെ കഴിവിനനുസരിച്ച് ചെയ്യാൻ ശ്രമിക്കണം. അതുമാത്രമാണ് നമുക്ക് ചെയ്യാൻ കഴിയുന്നത് എന്ന കാര്യം മനസ്സിലാക്കി നമ്മൾ ഏറ്റെടുത്ത കാര്യം ചെയ്തു തീർക്കാൻ വേണ്ടി ശ്രമിക്കാവുന്നതാണ്.
- വേറെ ഒരു കൂട്ടർ നീട്ടി വയ്ക്കുന്നത് പരാജയഭീതിയുള്ളത് കൊണ്ടാണ്. എഡിസൺ ബൾബ് കണ്ടുപിടിച്ചത് ആയിരത്തോളം പരീക്ഷണങ്ങൾ ചെയ്തതിനുശേഷമാണ്. പരാജയം വിജയത്തിന്റെ വിപരീതപദമല്ല, പരാജയമെന്നത് വിജയിക്കാനുള്ള ഒരു വഴിയാണ്.
- ടോക്സിക്കായിട്ടുള്ള ആൾക്കാർ, നെഗറ്റീവായിട്ടുള്ള ആൾക്കാർ നമ്മുടെ സമയത്തിലും നമ്മുടെ ചിന്തയിലും വളരെയധികം പ്രശ്നമുണ്ടാകുന്നു. ഇത്തരക്കാരിൽ നിന്ന് മാറിനിന്ന് വളരെ പോസിറ്റീവായ ആളുകളുമായി ചേർന്ന് പ്രവർത്തിച്ചാൽ ഈ മാറ്റിവയ്ക്കുന്ന പ്രവണത മാറാൻ സാധ്യതയുണ്ട്.
- നമ്മൾ ചെയ്യുന്ന പ്രവർത്തിയിൽ ഒരു കമ്മിറ്റ്മെന്റ് കൊണ്ടുവരിക. ഉദാഹരണത്തിന് നമ്മൾ ഭാരം കുറയ്ക്കാൻ തീരുമാനിച്ചു, ഈ കാര്യങ്ങൾ നമ്മുടെ അടുത്ത ബന്ധുക്കളോ, ഭാര്യയോ, മക്കളോ, അല്ലെങ്കിൽ അച്ഛനമ്മമാരോട് പറയാവുന്നതാണ്. നമ്മളോട് ആ കാര്യം ചെയ്തോ ഇല്ലയോ എന്ന് അവർ അന്വേഷിക്കാൻ സാധ്യതയുണ്ട്. അങ്ങനെ വരുമ്പോൾ നമുക്ക് ആ പ്രവർത്തി ചെയ്തേ തീരും എന്ന സാഹചര്യം വരാം.
- പ്രധാനപ്പെട്ട കാര്യങ്ങൾ നീട്ടിവയ്ക്കുന്ന സ്വഭാവമുള്ള ആൾക്കാർ നമ്മൾ ചെയ്യുന്ന പ്രവൃത്തിയിൽ പണിഷ്മെന്റുകളോ റിവാർഡുകളോ വയ്ക്കാവുന്നതാണ്. ഉദാഹരണത്തിന് നാം തുടർച്ചയായി വ്യായാമം ചെയ്യുകയാണെങ്കിൽ ആഴ്ചയിൽ ഒരു ദിവസം ഐസ്ക്രീം കഴിക്കുക അല്ലെങ്കിൽ ഒരു ദിവസം നല്ല ആഹാരം കഴിക്കുക ഇങ്ങനെ ഒരു റിവാർഡ് സെറ്റ് ചെയ്യണം. അല്ലെങ്കിൽ ഒരു ദിവസം വ്യായാമം മുടങ്ങിയാൽ ആ ദിവസം ഫാസ്റ്റിംഗ് എടുക്കുക ഇങ്ങനെയുള്ള പണിഷ്മെന്റ് നമുക്ക് ചെയ്യാം. അങ്ങനെയാകുമ്പോൾ ആ പ്രവൃത്തികൾ മാറ്റിവയ്ക്കുന്നത് നമ്മൾ ഒഴിവാക്കും.
- വളരെ പ്രധാനപ്പെട്ട ഒരു സ്റ്റെപ്പ് ആണ് 2 മിനിറ്റ് റൂൾസ്. ഉദാഹരണത്തിന് വ്യായാമം ചെയ്യാൻ ആദ്യ നാളുകളിൽ നമുക്ക് മടിയായിരിക്കും. അപ്പോൾ നമ്മൾ ചെയ്യേണ്ടത് രണ്ട് മിനിറ്റ് മാത്രം വ്യായാമം ചെയ്യുക. ഇങ്ങനെ മൂന്ന് നാല് ദിവസം തുടർച്ചയായി ഇത് ചെയ്യുമ്പോൾ ഇത് നമ്മുടെ ശീലമായി മാറും. ഒരുപാട് സമയം ചെയ്യുന്ന കാര്യങ്ങളാവില്ല നമ്മുടെ ശീലങ്ങൾ. കൃത്യമായി എല്ലാ ദിവസവും ചെയ്യുമ്പോഴാണ് അത് ഒരു ശീലമായി മാറുന്നത്.
നമ്മുടെ മാറ്റിവയ്ക്കൽ എന്ന പ്രശ്നം മാറുന്നതിന് ഈ കൊടുത്തിരിക്കുന്ന സ്റ്റെപ്പുകൾ പരിശോധിച്ച് അതിൽ നമുക്ക് അനുയോജ്യമായ സ്റ്റെപ്പുകൾ ഏതൊക്കെയാണെന്ന് കണ്ടുപിടിച്ച് അത് പ്രാക്ടീസ് ചെയ്യുക. ഇത് നമ്മുടെ മാറ്റിവയ്ക്കൽ എന്ന സ്വഭാവരീതി മാറുന്നതിന് കാരണമാകും.

എന്തുകൊണ്ട് സെൽഫ് ഇമേജ് ഇല്ലാതാകുന്നു... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.