Sections

ലോകത്തെ വളര്‍ന്നുവരുന്ന നേതാക്കളുടെ പട്ടികയിലെ ഏക ഇന്ത്യക്കാരനായി ആകാശ് അംബാനി

Friday, Sep 30, 2022
Reported By admin
anand ambani

2017-ല്‍ ജിയോഫോണ്‍ പുറത്തിറക്കുന്നതിലും ആകാശ് അംബാനി വലിയ പങ്കുവഹിച്ചെന്ന് കമ്പനി പറയുന്നു


ലോകത്തെ വളര്‍ന്നുവരുന്ന നേതാക്കളുടെ പട്ടികയില്‍ ഇടം നേടുന്ന ഏക ഇന്ത്യന്‍ വ്യവസായിയായി ആകാശ് അംബാനി. ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ മകനും ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സ്ഥാപനമായ ജിയോയുടെ തലവനുമായ ആകാശ് അംബാനി 'ടൈം100 നെക്സ്റ്റ്' പട്ടികയില്‍ ആണ് ഇടം നേടിയത്. ഇന്ത്യന്‍ വംശജനായ എന്നാല്‍ അമേരിക്കന്‍ വ്യവസായിയായ അമ്രപാലി ഗാനും പട്ടികയിലുണ്ട്. 
അംബാനി കുടുംബത്തിലെ  പിന്‍ഗാമിയായി വളര്‍ന്നു വരുന്ന ആകാശ് അംബാനി കഠിനാധ്വാനത്തിലൂടെ തീര്‍ച്ചയായും ബിസിനസ്സില്‍ കാലുറപ്പിക്കുമെന്നാണ് ടൈം നല്‍കുന്ന റിപ്പോര്‍ട്ട്. 

ബിസിനസ്സ്, വിനോദം, കായികം, രാഷ്ട്രീയം, ആരോഗ്യം, ശാസ്ത്രം എന്നീ മേഖലകളുടെ ഭാവി നിര്‍ണയിക്കാന്‍ സാധ്യതയുള്ള വളര്‍ന്ന് വന്നുകൊണ്ടിരിക്കുന്ന നേതാക്കളുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. അമേരിക്കന്‍ ഗായിക എസ്ഇസഡ്എ, നടി സിഡ്നി സ്വീനി, ബാസ്‌ക്കറ്റ്ബോള്‍ താരം ജാ മൊറന്റ്, സ്പാനിഷ് ടെന്നീസ് താരം കാര്‍ലോസ് അല്‍കാരാസ്, നടനും ടെലിവിഷന്‍ വ്യക്തിയുമായ കെകെ പാമര്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ ഫാര്‍വിസ ഫര്‍ഹാന്‍ തുടങ്ങിയവരാണ് പട്ടികയില്‍ മുന്‍ നിരയില്‍ ഉള്ളത്. 

2022 ജൂണില്‍ ആണ് ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ജിയോയുടെ ചെയര്‍മാനായി ആകാശ് അംബാനി ചുമതലയേല്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഡിജിറ്റല്‍ മേഖലയില്‍ ജിയോ നടത്തിയ പ്രധാന ചുവടുവെയ്പുകളിലെല്ലാം  നേതൃത്വം നല്‍കിയത് ആകാശ് അംബാനിയാണ്. 2017-ല്‍ ജിയോഫോണ്‍ പുറത്തിറക്കുന്നതിലും ആകാശ് അംബാനി വലിയ പങ്കുവഹിച്ചെന്ന് കമ്പനി പറയുന്നു.

മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മൂന്ന് മക്കളില്‍ മൂത്തയാളാണ് ആകാശ് അംബാനി. 31 കാരനായ ആകാശ് അംബാനി ബ്രൗണ്‍ സര്‍വകലാശാലയില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടി.  2020ല്‍ അദ്ദേഹം ശ്ലോക മേത്തയെ വിവാഹം കഴിച്ചു. പൃഥ്വി എന്ന മകനുണ്ട് ഈ ദമ്പതികള്‍ക്ക്. ഇഷ അംബാനിയും അനന്ത് അംബാനിയും സഹോദരങ്ങളാണ്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.