Sections

ഇങ്ങനെ ചെയ്താല്‍ ഓഹരിയില്‍ നിന്നും ഒരു വര്‍ഷത്തിനുള്ളില്‍ വമ്പന്‍ നേട്ടങ്ങള്‍ സ്വന്തമാക്കാം....

Monday, Nov 08, 2021
Reported By Admin
stocks

ഒരു വര്‍ഷംകൊണ്ട് ഇരട്ടി ലാഭം തരുന്ന 6 സ്‌റ്റോക്കുകള്‍ 

 

 

ഇന്ത്യന്‍ ഓഹരി വിപണി പ്രവചനാതീതമായി തുടരുകയാണ്. അടുത്തിടെ സംഭവിച്ച തിരുത്തലിന്റെ ക്ഷീണത്തില്‍ നിന്നും സെന്‍സെക്സും നിഫ്റ്റിയും പതിയെ ഉണരുന്നു. ദീപാവലി മുഹൂര്‍ത്ത വ്യാപാരത്തില്‍ സെന്‍സെക്സ് 60,000 പോയിന്റില്‍ തിരിച്ചെത്തി; നിഫ്റ്റി 18,000 പോയിന്റിന് തൊട്ടരികിലും നില്‍പ്പുണ്ട്.


ഹിന്ദു കലണ്ടര്‍ പ്രകാരമുള്ള സംവത് 2078 വര്‍ഷത്തിനാണ് ഇപ്പോള്‍ തുടക്കമായിരിക്കുന്നത്. അടുത്ത ദീപാവലി കാലമാകുമ്പോഴേക്കും വിപണി 20 മുതല്‍ 30 ശതമാനം വരെയെങ്കിലും ഉയരുമെന്നാണ് പ്രവചനങ്ങള്‍. ഈ അവസരത്തില്‍ അടുത്ത ദീപാവലി എത്തുമ്പോഴേക്കും വലിയ നേട്ടങ്ങള്‍ സമ്മാനിക്കാന്‍ ശേഷിയുള്ള 6 സ്റ്റോക്കുകളെ. 


സ്റ്റോക്കുകളുടെ ഫണ്ടമെന്റല്‍ വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തി ആഭ്യന്തര ബ്രോക്കറേജായ മാര്‍വാഡി ഷെയര്‍സ് ആന്‍ഡ് ഫൈനാന്‍സാണ് ഈ പട്ടിക തയ്യാറാക്കിയത്.

 

 

1. ഹേരന്‍ബ ഇന്‍ഡസ്ട്രീസ് 

ഇന്ത്യയിലെ മുന്‍നിര അഗ്രോകെമിക്കല്‍ കമ്പനികളില്‍ ഒന്നാണ് ഹേരന്‍ബ ഇന്‍ഡസ്ട്രീസ്. അടുത്ത ദീപാവലിയോടെ കമ്പനിയില്‍ 29 ശതമാനം വളര്‍ച്ചാ സാധ്യത ബ്രോക്കറേജ് ഉറ്റനോക്കുന്നു. സ്റ്റോക്കില്‍ 928 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് ഇവര്‍ നിര്‍ദേശിക്കുന്നത്. പുതിയ രണ്ടു കുമിള്‍നാശിനികള്‍, രണ്ടു കളനാശിനികള്‍, ഒരു കീടനാശിനി എന്നിവ വികസിപ്പിക്കുന്ന തിരക്കിലാണ് ഇപ്പോള്‍ ഹേരന്‍ബ ഇന്‍ഡസ്ട്രീസ്. ഗവേഷണ വികസന പരിശോധനകള്‍ പൂര്‍ത്തീകരിച്ചതിന് ശേഷം ഈ ഉത്പന്നങ്ങളെ യൂറോപ്യന്‍ വിപണിയില്‍ മാത്രമായി കമ്പനി അവതരിപ്പിക്കും.


എല്ലാ വര്‍ഷവും മുടങ്ങാതെ നാലോ അഞ്ചോ ഉത്പന്നങ്ങള്‍ പുതുതായി വികസിപ്പിക്കുന്ന പതിവ് ഹേരന്‍ബ ഇന്‍ഡസ്ട്രീസിനുണ്ട്. വൈവിധ്യമാര്‍ന്ന ഉത്പന്നനിര അടിസ്ഥാനപ്പെടുത്തി മുന്നോട്ടുള്ള നാളുകളില്‍ കമ്പനിയുടെ മാര്‍ജിന്‍ പ്രൊഫൈല്‍ മെച്ചപ്പെടുമെന്നാണ് ബ്രോക്കറേജിന്റെ പ്രതീക്ഷ. അടുത്ത മൂന്നു വര്‍ഷം കൊണ്ട് 18 മുതല്‍ 20 ശതമാനം വരെ സിഎജിആര്‍ വരുമാന വളര്‍ച്ചയാണ് മാനേജ്മെന്റ് ലക്ഷ്യമിടുന്നത്. 2018-2021 സാമ്പത്തിക വര്‍ഷത്തില്‍ 18 ശതമാനം സിഎജിആര്‍ വളര്‍ച്ച കുറിക്കാന്‍ ഹേരന്‍ബ ഇന്‍ഡസ്ട്രീസിന് സാധിച്ചിരുന്നു.


നിലവില്‍ 740.45 രൂപയാണ് കമ്പനിയുടെ ഓഹരി വില (നവംബര്‍ 4). കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 4.76 ശതമാനം ഉയര്‍ച്ചയും ഒരു മാസത്തിനിടെ 8.95 ശതമാനം ഇടിവും സ്റ്റോക്ക് രേഖപ്പെടുത്തുന്നുണ്ട്. ആറു മാസം കൊണ്ട് 4.56 ശതമാനം നേട്ടമാണ് കമ്പനി നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. ഇതേസമയം, ഈ വര്‍ഷം ഇതുവരെയുള്ള കണക്കില്‍ 8.88 ശതമാനം തകര്‍ച്ച ഹേരന്‍ബ ഇന്‍ഡസ്ട്രീസ് നേരിടുന്നുണ്ട്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 945 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 602.10 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്.

 


2. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് 

ഇന്ത്യയിലെ പ്രമുഖ പുതുതലമുറ ബാങ്കാണ് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്. ഒരു വര്‍ഷം കൊണ്ട് 21 ശതമാനം വളര്‍ച്ച ഇന്‍ഡസ്ഇന്‍ഡ് ബാങ്കില്‍ മാര്‍വാഡി ഷെയര്‍സ് ആന്‍ഡ് ഫൈനാന്‍സ് പ്രവചിക്കുന്നു. 1,423 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് ബ്രോക്കറേജ് നിര്‍ദേശിക്കുന്നതും. റീടെയില്‍ ബിസിനസ് മേഖലയില്‍ കൂടുതല്‍ കച്ചവടം പിടിക്കുക, ഡെപ്പോസിറ്റ് ഫ്രാഞ്ചൈസികള്‍ മെച്ചപ്പെടുത്തുക - ഇവ രണ്ടുമാണ് മാനേജ്മെന്റിന്റെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍.


നിലവില്‍ ലോണ്‍ ബുക്കിന്റെ 56 ശതമാനം റീടെയിലും 44 ശതമാനം കോര്‍പ്പറേറ്റുകളുമാണ് സമര്‍പ്പിക്കുന്നത്. റീടെയില്‍ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുക വഴി ഉയര്‍ന്ന മാര്‍ജിനുകള്‍ കണ്ടെത്തുന്നതിനൊപ്പം റിസ്‌ക് കുറയ്ക്കാനും ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് സാധിക്കും. കോര്‍പ്പറേറ്റ് പുനഃക്രമീകരണം വലിയ തോതില്‍ നടന്ന പശ്ചാത്തലത്തില്‍ ഇനിയങ്ങോട്ട് ബാങ്കിന്റെ ബിസിനസിന് ദൃഢപ്പെടുമെന്നാണ് ബ്രോക്കറേജിന്റെ പക്ഷം. കഴിഞ്ഞ പാദത്തില്‍ കളക്ഷന്‍ മികവ് മെച്ചപ്പെട്ടതായി ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് അറിയിച്ചിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷം ആസ്തികളുടെ നിലവാരം ഉയരുമെന്നും പ്രതീക്ഷയുണ്ട്.


1,189 രൂപയാണ് ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ ഇപ്പോഴത്തെ ഓഹരി വില (നവംബര്‍ 4). കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 4.44 ശതമാനവും ഒരു മാസത്തിനിടെ 1.91 ശതമാനവും നേട്ടം കുറിക്കാന്‍ സ്റ്റോക്കിന് സാധിച്ചു. ആറു മാസം കൊണ്ട് 28.37 ശതമാനം നേട്ടമാണ് നിക്ഷേപകര്‍ക്ക് തിരിച്ചുകിട്ടിയത്. ഈ വര്‍ഷം ഇതുവരെ 32.09 ശതമാനം ഉയര്‍ച്ച ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 1,242 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 707 രൂപ വരെയുള്ള താഴ്ച്ചയ്ക്കും ബാങ്ക് സാക്ഷിയാണ്.

 


3. ജ്യോതി  ലാബ്സ് 

ഇന്ത്യയിലെ മുന്‍നിര എഫ്എംസിജി കമ്പനിയാണ് ജ്യോതി ലബോറട്ടറീസ്. അടുത്ത ദീപാവലിയോടെ ജ്യോതി ലാബ്സ് 29 ശതമാനം വരെ ഉയരുമെന്ന് ബ്രോക്കറേജ് നിരീക്ഷിക്കുന്നു. സ്റ്റോക്കില്‍ 198 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് ഇവര്‍ അറിയിക്കുന്നത്. ഡീലര്‍ ബോര്‍ഡുകള്‍, ഇന്‍-ഷോപ്പ് ബോര്‍ഡുകള്‍ പോലുള്ള മാര്‍ക്കറിങ് നീക്കങ്ങളിലൂടെ പ്രധാന ഉത്പന്നമായ ഹെന്‍കോയുടെ പ്രചാരം കൂട്ടാനുള്ള ശ്രമത്തിലാണ് ജ്യോതി ലാബ്സ് ഇപ്പോള്‍. പുതിയ വാഷിങ് മെഷീനുകള്‍ക്കൊപ്പം ഹെന്‍കോയുടെ സൗജന്യ സാംപിള്‍ നല്‍കുന്നതിനായി വിവിധ ഇലക്ട്രോണിക്സ് സ്ഥാപനങ്ങളുമായും കമ്പനി ധാരണയിലെത്തി. ബ്രാന്‍ഡ് വിപുലീകരണം മുന്‍നിര്‍ത്തി അടുത്ത രണ്ടു വര്‍ഷം കൊണ്ട് ജ്യോതി ലാബ്സ് ഏറ്റവും ഉയര്‍ന്ന ഒറ്റയക്ക സംഖ്യയില്‍ വളര്‍ച്ച കണ്ടെത്തുമെന്നാണ് ബ്രോക്കറേജിന്റെ പ്രവചനം.


ആദ്യമായി അറ്റ കടങ്ങള്‍ പൂര്‍ണമായും ഒടുക്കിയാണ് ജ്യോതി ലാബ്സ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം പിന്നിട്ടത്. അലക്കുപൊടി, സോപ്പ് ഉത്പന്നങ്ങള്‍ക്ക് 2 മുതല്‍ 3 ശതമാനം വരെ വിലവര്‍ധനവ് കമ്പനി നടപ്പിലാക്കിയിട്ടുണ്ട്. നിലവില്‍ വിപണിയിലെ വിവിധ സെഗ്മന്റുകളില്‍ ജ്യോതി ലാബ്സിന്റെ മാര്‍ക്കറ്റ് ഷെയര്‍ കൂടിയതും കാണാം. 158.25 രൂപയാണ് ജ്യോതി ലാബ്സിന്റെ ഇപ്പോഴത്തെ ഓഹരി വില (നവംബര്‍ 4). കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 3.09 ശതമാനം ഉയര്‍ച്ചയും ഒരു മാസത്തിനിടെ 5.10 ശതമാനം ഇടിവും സ്റ്റോക്ക് രേഖപ്പെടുത്തുന്നുണ്ട്. ആറു മാസം കൊണ്ട് 7.62 ശതമാനം നേട്ടമാണ് കമ്പനി നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. ഈ വര്‍ഷം ഇതുവരെയുള്ള കണക്കിലും 7.62 ശതമാനം ഉയര്‍ച്ച ജ്യോതി ലാബ്സ് കണ്ടെത്തുന്നുണ്ട്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 187 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 132.30 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്.


4. കന്‍സായി നെറോലാക് 

ഇന്ത്യയിലെ ഏറ്റവും വലിയ വ്യാവസായിക പെയിന്റ് കമ്പനിയും ഏറ്റവും വലിയ മൂന്നാമത്തെ ഡെക്കറേറ്റീവ് പെയിന്റ് കമ്പനിയുമെന്ന വിശേഷണങ്ങള്‍ കന്‍സായി നെറോലാക്കിനുണ്ട്. ഒരു വര്‍ഷം കൊണ്ട് കന്‍സായി നെറോലാക് 34 ശതമാനം വരെ വളര്‍ച്ച കുറിക്കുമെന്നാണ് ബ്രോക്കറേജിന്റെ കണക്കുകൂട്ടല്‍. സ്റ്റോക്കില്‍ 727 രൂപയുടെ ടാര്‍ഗറ്റ് വിലയും ഇവര്‍ നിര്‍ദേശിക്കുന്നു. നിലവില്‍ കമ്പനിയുടെ വരുമാനത്തില്‍ 55 ശതമാനം ഡെക്കറേറ്റീവ് പെയിന്റ് രംഗമാണ് സമര്‍പ്പിക്കുന്നത്; 45 ശതമാനം വ്യാവസായിക പെയിന്റ് മേഖലയും സംഭാവന ചെയ്യുന്നു.


572 രൂപയാണ് കന്‍സായി നെറോലാക്കിന്റെ ഇപ്പോഴത്തെ ഓഹരി വില (നവംബര്‍ 4). കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 5.33 ശതമാനം ഉയര്‍ച്ച സ്റ്റോക്ക് രേഖപ്പെടുത്തുന്നു. ഇതേസമയം, ഒരു മാസം കൊണ്ട് 10.66 ശതമാനവും ആറു മാസം കൊണ്ട് 3.26 ശതമാനവും താഴേക്കാണ് കമ്പനിയുടെ ഓഹരി വില ചെല്ലുന്നത്. ഈ വര്‍ഷം ഇതുവരെയുള്ള കണക്കിലും കാണാം 9.83 ശതമാനം ഇടിവ്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 680 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 493.30 രൂപ വരെയുള്ള താഴ്ച്ചയ്ക്കും കന്‍സായി നെറോലാക് സാക്ഷിയാണ്.

 


5. ടാറ്റ മോട്ടോര്‍സ് 

ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളാണ് ടാറ്റ മോട്ടോര്‍സ്. അടുത്ത ദീപാവലി ആകുമ്പോഴേക്കും ടാറ്റ മോട്ടോര്‍സ് 33 ശതമാനം ഉയര്‍ച്ച കൈവരിക്കുമെന്നാണ് ബ്രോക്കറേജ് പറയുന്നത്. സ്റ്റോക്കില്‍ 638 രൂപയുടെ ടാര്‍ഗറ്റ് വിലയും ഇവര്‍ അറിയിക്കുന്നു. വൈദ്യുത വാഹന ബിസിനസില്‍ ശക്തമായി ചുവടുവെയ്ക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ കമ്പനി. ഇവി സെഗ്മന്റില്‍ അടുത്ത അഞ്ച് വര്‍ഷം കൊണ്ട് 2 ബില്യണ്‍ ഡോളര്‍ നിക്ഷേപം ടാറ്റ നടത്തും. വൈദ്യുത വാഹനങ്ങളുടെ പ്ലാറ്റ്ഫോം, ഡ്രൈവ്ട്രെയിന്‍, ചാര്‍ജിങ് ടെക്നോളജി തുടങ്ങിയ വികസിപ്പിക്കാന്‍ വേണ്ടിയാണിത്. 2026 ഓടെ 10 പുതിയ വൈദ്യുത കാറുകള്‍ വിപണിയില്‍ പുറത്തിറക്കുകയാണ് ടാറ്റയുടെ ലക്ഷ്യം.


വൈദ്യുത വാഹനങ്ങള്‍ക്ക് കേന്ദ്രം നല്‍കുന്ന ആനുകൂല്യങ്ങളുടെ പ്രധാന ഗുണഭോക്താവാകാന്‍ ടാറ്റ മോട്ടോര്‍സിന് കഴിയുമെന്നാണ് പ്രതീക്ഷ. ഉയരുന്ന ഇന്ധനച്ചെലവുകളും മലിനീകരണ ചട്ടങ്ങളും മുന്‍നിര്‍ത്തി പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ കൊണ്ടുനടക്കുക വലിയ കാശുചിലവുള്ള കാര്യമായി മാറും. ഈ അവസരത്തില്‍ വരുംഭാവിയില്‍ വൈദ്യുത വാഹനങ്ങള്‍ക്കായിരിക്കും ഡിമാന്‍ഡ് കൂടുകയെന്ന് ബ്രോക്കറേജ് അറിയിക്കുന്നു. നടപ്പു വര്‍ഷം വൈദ്യുത വാഹന വ്യവസായം 2.5 മുതല്‍ 2.7 മടങ്ങ് വളര്‍ച്ച കുറിക്കാനിരിക്കുകയാണ്. നിലവില്‍ ടാറ്റയുടെ ഇവി ബിസിനസ് 5 മുതല്‍ 6 ബില്യണ്‍ രൂപയാണ് പ്രതിവര്‍ഷം കണ്ടെത്തുന്നുന്നതും.


490.05 രൂപയാണ് ടാറ്റ മോട്ടോര്‍സിന്റെ ഇപ്പോഴത്തെ ഓഹരി വില (നവംബര്‍ 4). കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 2.55 ശതമാനവും ഒരു മാസത്തിനിടെ 30.16 ശതമാനവും നേട്ടം രേഖപ്പെടുത്താന്‍ സ്റ്റോക്കിന് സാധിച്ചു. ആറു മാസം കൊണ്ട് 61.87 ശതമാനം നേട്ടമാണ് കമ്പനി നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കിയത്. ഈ വര്‍ഷം ഇതുവരെ 162.76 ശതമാനം ഉയര്‍ച്ചയും സ്റ്റോക്ക് രേഖപ്പെടുത്തുന്നു. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 530 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 137.65 രൂപ വരെയുള്ള താഴ്ച്ചയ്ക്കും ടാറ്റ മോട്ടോര്‍സ് സാക്ഷിയാണ്.


6. യുണൈറ്റഡ് സ്പിരിറ്റ്സ് 

ഇന്ത്യയിലെ പ്രമുഖ മദ്യ നിര്‍മാതാക്കളാണ് യുണൈറ്റഡ് സ്പിരിറ്റ്സ്. വില്‍പ്പന അടിസ്ഥാനപ്പെടുത്തി ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്പിരിറ്റ് കമ്പനിയെന്ന വിശേഷണവും യുണൈറ്റഡ് സ്പിരിറ്റ്സിനുണ്ട്. 37 -ലധികം രാജ്യങ്ങളില്‍ കമ്പനി ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ഒമ്പത് ബ്രാന്‍ഡുകളുണ്ട് യുണൈറ്റഡ് സ്പിരിറ്റ്സിന് കീഴില്‍. ഈ ബ്രാന്‍ഡുകള്‍ ഓരോന്നും പ്രതിവര്‍ഷം 10 ലക്ഷത്തില്‍പ്പരം കെയ്സുകളാണ് വില്‍ക്കുന്നതും. ഒരു വര്‍ഷം കൊണ്ട് 20 ശതമാനം വളര്‍ച്ചയാണ് യുണൈറ്റഡ് സ്പിരിറ്റ്സില്‍ ബ്രോക്കറേജ് വിലയിരുത്തുന്നത്. സ്റ്റോക്കില്‍ 995 രൂപയുടെ ടാര്‍ഗറ്റ് വിലയും ഇവര്‍ നിര്‍ദേശിക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.