Sections

എന്താണ് ഡിജിറ്റല്‍ കറന്‍സി?

Thursday, Jul 15, 2021
Reported By
digital currency

ഡിജിറ്റല്‍ കറന്‍സി പ്രോത്സാഹിപ്പിക്കാന്‍ ഒരുങ്ങി റഷ്യയും ചൈനയും

 

ഡിജിറ്റല്‍ കറന്‍സി പ്രോത്സാഹിപ്പിക്കാന്‍ ഒരുങ്ങി റഷ്യയും ചൈനയും. ബീജിംഗ് നിവാസികള്‍ക്ക് 62 ലക്ഷം ഡോളര്‍ ഡിജിറ്റല്‍ കറന്‍സി ലോട്ടറി സമ്മാനമായി ലഭ്യമാക്കാനാണ് ചൈനയുടെ പദ്ധതി. ചൈനീസ് തലസ്ഥാനത്തെ താമസക്കാര്‍ക്ക് രണ്ട് ബാങ്കിംഗ് ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് 200 യുവാന്‍ വീതമുള്ള ലോട്ടറിയുടെ ഭാഗമായി 200,000 റെഡ് പാക്കറ്റുകള്‍ നേടുന്നതിനായി അപേക്ഷിക്കാം. 

2014 മുതല്‍ ചൈന വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ യുവാന്‍ ഇതുവരെ രാജ്യവ്യാപകമായി പ്രചരിപ്പിക്കാനുള്ള ശ്രമം ചൈന നടത്തിയിട്ടില്ല, പകരം രാജ്യത്തുടനീളമുള്ള ലോട്ടറികളുടെ രൂപത്തിലുള്ള ഡിജിറ്റല്‍ കറന്‍സി പരീക്ഷണാര്‍ത്ഥം  പരിചയപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്.ലോട്ടറി രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി ജൂണ്‍ 7 അര്‍ദ്ധരാത്രിയാണ്. 

സെന്‍ട്രല്‍ ബാങ്കിന്റെ ഈ പൈലറ്റ് പ്രോജക്റ്റുകള്‍ ഡിജിറ്റല്‍ കറന്‍സിയുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുമെന്നും 2022 ബീജിംഗ് വിന്റര്‍ ഒളിമ്പിക്‌സില്‍ വിദേശ സന്ദര്‍ശകര്‍ക്ക് ഡിജിറ്റല്‍ കറന്‍സി ഉപയോഗിക്കാന്‍ അനുവദിക്കുമെന്നും പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന (പിബിഒസി) ഡെപ്യൂട്ടി ഗവര്‍ണര്‍ ലി ബോ പറഞ്ഞു.

സമ്പദ്വ്യവസ്ഥ ഓണ്‍ലൈനില്‍ നീങ്ങുമ്പോള്‍, ഡിജിറ്റല്‍ കറന്‍സികള്‍ സാമ്പത്തിക വ്യവസ്ഥകളുടെ ഭാവി ആയിരിക്കും എന്ന് റഷ്യയുടെ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ എല്‍വിറ നബിയൂലിന അഭിപ്രായപ്പെട്ടു. ഒക്ടോബറില്‍ ഒരു ഡിജിറ്റല്‍ റൂബിളിനെക്കുറിച്ച് മോസ്‌കോ കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ പ്രസിദ്ധീകരിച്ചിരുന്നു. 2021 അവസാനത്തോടെ ഒരു ഡിജിറ്റല്‍ കറന്‍സി തയ്യാറാക്കാന്‍ ലക്ഷ്യമിടുന്നുവെന്നും 2022ല്‍ അത് ജനങ്ങളിലേക്ക് എത്തിക്കുമെന്നും എല്‍വിറ പറഞ്ഞു.

ലോകമെമ്പാടുമുള്ള പല സെന്‍ട്രല്‍ ബാങ്കുകളും ഡിജിറ്റല്‍ കറന്‍സികള്‍ വികസിപ്പിച്ചെടുക്കുന്നതില്‍ താല്പര്യം കാണിക്കുണ്ട്. ഇത് സാമ്പത്തിക ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനും രാജ്യാന്തര ഇടപാടുകള്‍ എളുപ്പമാക്കാനും കഴിയുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

എന്താണ് ഡിജിറ്റല്‍ കറന്‍സി?

ഡിജിറ്റല്‍ കറന്‍സി എന്ന് കേള്‍ക്കുമ്പോള്‍ ബിറ്റ്‌കോയിന്‍, ക്രിപ്‌റ്റോ കറന്‍സി പോലുള്ള കറന്‍സി ആണെന്ന് തെറ്റിദ്ധരിക്കേണ്ട. ബിറ്റ്‌കോയിന്‍ പോലുള്ള കറന്‍സികള്‍ റഷ്യ, ചൈന, ഇന്ത്യയടക്കമുള്ള ഭൂരിഭാഗം  രാജ്യങ്ങള്‍ ഇടപാടുകള്‍ക്കായി അംഗീകരിച്ചിട്ടില്ല. അതാത് രാജ്യത്തെ സര്‍ക്കാരിന്റെ അംഗീകാരത്തോടെ സെന്‍ട്രല്‍ ബാങ്കുകള്‍ പുറത്തിറക്കുന്ന ഇലക്ട്രോണിക് രൂപത്തിലുള്ള കറന്‍സികളാണ് ഡിജിറ്റല്‍ കറന്‍സി.  


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.