- Trending Now:
തിരുവനന്തപുരം: പുഷ്പങ്ങളുടെയും ദീപാലങ്കാരങ്ങളുടെയും വർണ്ണക്കാഴ്ചയുമായി പുതുവർഷത്തെ വരവേൽക്കാൻ അനന്തപുരി ഒരുങ്ങുന്നു. ടൂറിസം വകുപ്പ് കനകക്കുന്നിൽ സംഘടിപ്പിക്കുന്ന 'വസന്തോത്സവം-2025' പുഷ്പമേളയ്ക്കും ദീപാലങ്കാരത്തിനും ഡിസംബർ 23 ന് തുടക്കമാകും. ജനുവരി 2 വരെയാണ് മേള.
ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും (ഡിടിപിസി) ചേർന്നൊരുക്കുന്ന ഈ വർഷത്തെ പുഷ്പോത്സവം ക്യൂറേറ് ചെയ്യുന്നത് പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആണ്.
വസന്തോത്സവത്തിൽ പുഷ്പ സസ്യങ്ങൾ അലങ്കാര സസ്യങ്ങൾ, ബോൺസായി, ഓർക്കിഡുകൾ, ആന്തൂറിയം, അഡീനിയം, കാക്റ്റസ് തുടങ്ങി എഴുപതോളം ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. വ്യക്തികൾ, നഴ്സറികൾ, സർക്കാർ, സർക്കാർ ഇതര സ്ഥാപനങ്ങൾ എന്നിവയ്ക്ക് മത്സര വിഭാഗത്തിൽ പങ്കെടുക്കാവുന്നതാണ്. ഓരോ ഇനത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെയും ഓരോ വിഭാഗത്തിലും ഓവറോൾ ചാമ്പ്യൻമാരെയും തിരഞ്ഞെടുക്കും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഡിസംബർ 12 ന് വൈകുന്നേരം 5 മണിക്ക് മുൻപായി വെള്ളയമ്പലത്തെ ഡിടിപിസി ഓഫീസിൽ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
വ്യത്യസ്തവും അപൂർവ്വവുമായ പൂക്കളുടെ ശേഖരം ആകർഷകമായി പ്രദർശിപ്പിച്ചു കൊണ്ടാണ് വസന്തോത്സവം സന്ദർശകരെ വരവേൽക്കുക. വൈവിധ്യമാർന്ന ഇലുമിനേഷനുകളും ഇൻസ്റ്റലേഷനുകളും കൊണ്ട് കനകക്കുന്ന് കൊട്ടാരവളപ്പിനെ അലങ്കരിക്കുന്ന തരത്തിൽ ദീപാലങ്കാരങ്ങളും ഒരുക്കും.
മത്സര വിഭാഗത്തിൽ ഏകദേശം 15,000 ചെടികൾക്കു പുറമേ 25000-ത്തിലധികം പൂച്ചെടികളും ഈ വർഷത്തെ വസന്തോത്സവത്തിന് മാറ്റുകൂട്ടും. ചെടികൾ വാങ്ങുന്നതിനായി വിവിധ നഴ്സറികളുടെ സ്റ്റാളുകൾ പ്രവർത്തിക്കും.
ക്രിസ്മസിനെയും പുതുവത്സരത്തെയും വരവേൽക്കുവാനായി 1.18 കോടി രൂപ ചെലവഴിച്ച് ഒരുക്കുന്ന ലൈറ്റ് ഷോ തിരുവനന്തപുരം നഗരത്തെ പ്രകാശപൂരിതമാക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.