- Trending Now:
കൊച്ചി: വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ കടമക്കുടിയിലെ ടൂറിസം വികസനത്തിന് 7,70,90,000 രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. എറണാകുളം ജില്ലയിൽ വേമ്പനാട്ട് കായലിന് നടുവിലായി സ്ഥിതിചെയ്യുന്ന ഹരിതാഭമാർന്ന ചെറു ഗ്രാമമായ കടമക്കുടി, തിരക്കുകളിൽ നിന്ന് വിട്ടൊഴിഞ്ഞ് ഗ്രാമക്കാഴ്ചകളുടെ വശ്യഭംഗി ശാന്തമായി ആസ്വദിക്കാൻ പറ്റിയ ഇടമാണ്.
കായൽ സൗന്ദര്യവും ദേശാടന പക്ഷികളുടെ സാന്നിധ്യവും കൊണ്ട് പ്രശസ്തമായ കടമക്കുടിയിൽ ഗ്രാമീണ കായൽ ടൂറിസം വികസന പദ്ധതി പ്രകാരം അടിസ്ഥാന സൗകര്യങ്ങളും മറ്റ് അനുബന്ധ സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനായാണ് തുക അനുവദിച്ചിരിക്കുന്നത്.
പദ്ധതിയിലൂടെ പ്രദേശത്തിന്റെ പ്രകൃതിസൗന്ദര്യം കൂടുതൽ ആകർഷകമാക്കുകയും ആധുനിക സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
പദ്ധതി പൂർത്തിയാകുന്നതോടെ മനോഹരമായ കടമക്കുടിക്ക് ശ്രദ്ധേയമായ മാറ്റം കൈവരുമെന്നും അവിടെയുള്ള ജലപാതകളും ശാന്തമായ അന്തരീക്ഷവും വിനോദസഞ്ചാരികൾക്ക് മറക്കാനാകാത്ത അനുഭവമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
സോഷ്യൽ മീഡിയയിൽ ഏറെ ഹിറ്റാകുകയും വിദേശ സഞ്ചാരികൾക്കടക്കം വളരെ പ്രിയങ്കരമായി കടമക്കുടി മാറുകയും ചെയ്ത പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാർ വികസന പ്രവർത്തനങ്ങൾക്ക് തുക അനുവദിച്ചത്. കഴിഞ്ഞമാസം ഇവിടം സന്ദർശിച്ച വ്യവസായി ആനന്ദ് മഹീന്ദ്ര 'ഭൂമിയിലെ ഏറ്റവും സുന്ദരമായ ഗ്രാമങ്ങളിൽ ഒന്നെന്ന്' തന്റെ സോഷ്യൽ മീഡിയ പേജിലൂടെ കടമക്കുടിയെ പ്രകീർത്തിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.