- Trending Now:
തിരുവനന്തപുരം: 280 കിലോമീറ്റർ ദൈർഘ്യമുള്ള ആക്കുളം-ചേറ്റുവ ജലപാതയുടെ ആദ്യ ഘട്ടം നാളെ (ഫെബ്രുവരി 26 ന്) വർക്കലയിലെ ചിലക്കൂർ ബീച്ച് പാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മൾട്ടി-മോഡൽ ലോജിസ്റ്റിക് ഹബ്ബ്, രാജ്യത്തെ മുൻനിര ജലാധിഷ്ഠിത ടൂറിസം കേന്ദ്രം എന്നീ നിലകളിലുള്ള കേരളത്തിൻറെ വളർച്ചയെ ഇത് വേഗത്തിലാക്കും.
ചിലക്കൂർ ടൂറിസം പദ്ധതിയും പശ്ചിമതീര കനാൽ (വെസ്റ്റ് കോസ്റ്റ് കനാൽ) നവീകരണ പദ്ധതിയുടെ ഭാഗമായി ഉൾനാടൻ ജലഗാതഗത വകുപ്പ് പൂർത്തിയാക്കിയ മറ്റ് വികസന സംരംഭങ്ങളും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം 4.30 ന് നടക്കുന്ന ചടങ്ങിൽ വി.ജോയ് എംഎൽഎ അധ്യക്ഷത വഹിക്കും. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി മുഖ്യാതിഥിയായിരിക്കും. അടൂർ പ്രകാശ് എം പി, വി. ശശി എംഎൽഎ, വർക്കല മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ഗീത ഹേമചന്ദ്രൻ, വെട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുജി എസ്, കിഫ്ബി അഡീഷണൽ സിഇഒ മിനി ആൻറണി, ശിവഗിരി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവർ ആശംസാപ്രസംഗം നടത്തും.
സംസ്ഥാന സർക്കാരും കൊച്ചിൻ ഇൻറർനാഷണൽ എയർപോർട്ട് ലിമിറ്റഡും (സിയാൽ) ചേർന്ന് 2018 ൽ രൂപീകരിച്ച സംയുക്ത സംരംഭമായ കേരള വാട്ടർവേയ്സ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെഡബ്ല്യുഐഎൽ) ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. നദികൾ, കായലുകൾ, കനാലുകൾ എന്നിവയെ ബന്ധിപ്പിച്ച് യാത്രയ്ക്കും ചരക്ക് ഗതാഗതത്തിനുമായി വിവിധ ജില്ലകളെ യോജിപ്പിച്ച് ഉൾനാടൻ ജലഗതാഗത സംവിധാനമുണ്ടാക്കുക എന്നതാണ് ഇതിൻറെ ലക്ഷ്യം.
തെക്കൻ കേരളത്തിലെ ഉൾനാടൻ ജലഗതാഗത്തിൻറെ സുപ്രധാന കണ്ണിയായ ചിലക്കൂർ തുരങ്കത്തിൻറെ നവീകരണവും വിനോദസഞ്ചാര കേന്ദ്രീകൃത സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങളും സിയാൽ ഏറ്റെടുത്ത് നടപ്പാക്കുന്നതിലൂടെ പ്രകൃതിസൗന്ദര്യം നിറഞ്ഞ പ്രദേശങ്ങളിലെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താനും സന്ദർശകരെ ആകർഷിക്കാനും ലക്ഷ്യമിടുന്നു.
ചടങ്ങിൽ ചിലക്കൂർ ടൂറിസം പദ്ധതി, സോളാർ ബോട്ട് എന്നിവയുടെ നടത്തിപ്പ് ചുമതല സംബന്ധിച്ച ധാരണാപത്രം ക്വിൽ ഡയറക്ടർ എസ്. സുഹാസും കേരള ഹൈഡൽ ടൂറിസം സെൻറർ ഡയറക്ടർ ഹർഷിൽ ആർ മീണയും തമ്മിൽ കൈമാറും.
ടൂറിസം പ്രവർത്തനങ്ങളുടെ ഭാഗമായി ദൃശ്യ-ശ്രവ്യ പ്രദർശനം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഇലക്ട്രിക് ബോട്ട് സിയാൽ പുറത്തിറക്കും. കേരള ചരിത്രത്തിൻറെ ത്രിഡി വീഡിയോയും ശ്രീനാരായണ ഗുരുവിൻറെ ജീവിതവും സന്ദേശവും പ്രതിപാദിക്കുന്ന ആറ് മിനിറ്റ് ദൈർഘ്യമുള്ള ലൈറ്റ്-ആൻഡ്-സൗണ്ട് ഷോയും ചിലക്കൂർ തുരങ്കത്തിൽ വച്ച് ആസ്വദിക്കാനാകും.
വിവിധ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 280 കിലോമീറ്റർ ദൈർഘ്യമുള്ള ആക്കുളം-ചേറ്റുവ ജലപാത സംസ്ഥാന സർക്കാരിൻറെ വെസ്റ്റ് കോസ്റ്റ് കനാൽ നവീകരണ പദ്ധതിയുടെ പ്രധാന ഭാഗമാണ്. കനാലിലെ ഗതാഗതം സജീവമാകുന്നതോടെ സംസ്ഥാനത്തിൻറെ സുസ്ഥിരവും സമഗ്രവുമായ വികസനത്തെ ത്വരിതപ്പെടുത്താൻ സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
1876 ൽ തിരുവിതാംകൂർ ഭരണകാലത്ത് പൂർത്തിയാക്കിയ 340 മീറ്റർ എഞ്ചിനീയറിംഗ് അത്ഭുതമാണ് ചിലക്കൂർ തുരങ്കം. പഴയ നാട്ടുരാജ്യമായ തിരുവിതാംകൂറിൻറെ ഉൾനാടൻ ജലഗതാഗതം പൂർണമായും ഉപയോഗപ്പെടുത്തുന്നതിനായാണ് ഇത് രൂപകൽപ്പന ചെയ്തത്. സംസ്ഥാന സർക്കാരിൻറെ ഉൾനാടൻ ജലഗതാഗത വികസന പദ്ധതിയുടെ ഭാഗമായാണ് കനാൽ സഞ്ചാരയോഗ്യമായ അവസ്ഥയിലേക്ക് പുനഃസ്ഥാപിച്ചത്.
വെസ്റ്റ് കോസ്റ്റ് കനാലിനെ 24 മണിക്കൂറും ഗതാഗതയോഗ്യമായ ആധുനിക ജലപാതയായി വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് എസ്. സുഹാസ് പറഞ്ഞു. സംസ്ഥാനത്തെ ചരക്ക് നീക്കത്തിനും ജലാധിഷ്ഠിത ടൂറിസത്തിനും ഇത് വലിയ ഉത്തേജനം നൽകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനപ്രതിനിധികളായ അജയൻ എസ്, ആശാഭായി ബി, സിയാൽ ജനറൽ മാനേജർ സതീഷ് കുമാർ ആർ പൈ, ഇൻലാൻഡ് നാവിഗേഷൻ ചീഫ് എഞ്ചിനീയർ ശ്രീകല സി.കെ, ഇൻലാൻഡ് നാവിഗേഷൻ ഡയറക്ടർ അരുൺ കെ ജേക്കബ്, ഇൻലാൻഡ് നാവിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ പി.എസ് പ്രേംചന്ദ്, ക്വിൽ ചീഫ് എഞ്ചിനീയർ സുരേഷ് കുമാർ എസ് എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. ഉദ്ഘാടന സമ്മേളനത്തിനു ശേഷം 'കേരള ഫ്യൂഷൻ' പരിപാടി നടക്കും.
616 കിലോമീറ്റർ ദൈർഘ്യമുള്ള കോവളം-ബേക്കൽ ജലപാത രാജ്യത്തെ തന്നെ അതുല്യമായ പദ്ധതിയാണ്. സംസ്ഥാനത്തെ കായലുകൾ, നദികൾ, മനുഷ്യനിർമ്മിത കനാലുകൾ എന്നിവ ബന്ധിപ്പിച്ചു കൊണ്ടുള്ള ജലപാത എന്നതാണ് ഇതിൻറെ സവിശേഷത.
2021 -22 ൽ കോവളം മുതൽ ബേക്കൽ വരെയുള്ള കനാലിൻറെ മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിനുള്ള പദ്ധതിക്ക് രൂപം നൽകി. പുനർഗേഹം പദ്ധതി പ്രകാരം ഭൂമി ഏറ്റെടുക്കൽ, കനാൽ നവീകരണം, പുനരുദ്ധാരണം എന്നിവയ്ക്കായി കിഫ്ബി വഴി 2556 കോടി രൂപ അനുവദിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.