Sections

ആക്കുളം-ചേറ്റുവ ജലപാത വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിക്കും -മുഖ്യമന്ത്രി

Friday, Feb 27, 2026
Reported By Admin
Akkulam–Chettuva Waterway Linked to Vizhinjam Port

ആദ്യ ഘട്ട ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു


  • നവീകരിച്ച തുരങ്കത്തിലൂടെ ബോട്ട് യാത്ര നടത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: ആക്കുളം-ചേറ്റുവ ജലപാത വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തിന്റെ പശ്ചിമതീര കനാൽ പദ്ധതിയുടെ ഭാഗമായ ആക്കുളം-ചേറ്റുവ ജലപാതയുടെ ആദ്യഘട്ടം ഉദ്ഘാടനം വർക്കല ചിലക്കൂർ ബീച്ച് പാർക്കിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതിയുടെ ഭാഗമായി നവീകരിച്ച ചിലക്കൂർ തുരങ്കത്തിലൂടെ വൈദ്യുതബോട്ടിൽ മുഖ്യമന്ത്രിയും ജനപ്രതിനിധികളും യാത്ര ചെയ്തു.

ആക്കുളം-ചേറ്റുവ ജലപാത പിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിക്കുന്നതിലൂടെ മൾട്ടിമോഡൽ ലോജിസ്റ്റിക് ശൃംഖല ഇവിടെ വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ യൂണിറ്റുകൾ വരുന്നതോടെ ഈ മേഖലയിലെ നിക്ഷേപസാധ്യത വർധിക്കും. കോവളം മുതൽ ബേക്കൽ വരെയുള്ള ജലപാത പൂർത്തിയാകുന്നതോടെ 616 കി മി വമ്പിച്ച ടൂറിസം സാധ്യതകളാണ് ഇവിടെ ഉണ്ടാകുന്നത്. ജലപാതയുടെ വശങ്ങളിൽ അത്യാധുനിക നിലവാരത്തിലുള്ള ബോട്ട് ജെട്ടികളും അതിനോടനുബന്ധിച്ച് ടൂറിസം ആകർഷണങ്ങളും ഒരുക്കും.

ജലപാത പൂർത്തിയാകുന്നതോടെ റോഡ് വഴിയുള്ള ചരക്ക് നീക്കത്തിൽ ഗണ്യമായ കുറവ് വരുത്താൻ സാധിക്കും. വൻകിട വ്യവസായങ്ങൾക്ക് അസംസ്കൃത വസ്തുക്കൾ എളുപ്പത്തിൽ എത്തിക്കാനും സാധിക്കുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ജലപാതയുടെ ഒന്നാംഘട്ട വികസനത്തിന് 325 കോടി രൂപയാണ് സർക്കാർ ചെലവഴിച്ചത്. ഇതിൽ 150 കോടി രൂപയും കിടപ്പാടം നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന് ആയിരുന്നു. തടസ്സങ്ങൾ നേരിടുന്നതുകൊണ്ട് വികസന പദ്ധതികളിൽ നിന്ന് പിന്മാറുന്ന ശീലം സംസ്ഥാന സർക്കാരിനില്ലെന്നും അദ്ദേഹം പറഞ്ഞു.

ചരിത്ര സ്മാരകമായ ചിലപ്പോൾ തുരങ്കത്തിന്റെ നവീകരണത്തോടെ പൈതൃക ടൂറിസം കേന്ദ്രമായി ഈ പ്രദേശത്തെ മാറ്റാൻ സാധിക്കും. ശ്രീനാരായണ ഗുരുദേവന്റെ ജീവിതമാണ് തുരങ്കത്തിനുള്ളിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോയിൽ ഒരുക്കിയിരിക്കുന്നത് എന്നതും പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജലപാതയുമായി ബന്ധപ്പെട്ട് കിടപ്പാടം നഷ്ടപ്പെടുന്നവർക്ക് ഉടൻ തന്നെ പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് വർക്കല എംഎൽഎ വി ജോയ് പറഞ്ഞു. നവീകരണത്തോടൊപ്പം ജലപാത കടന്നു പോകുന്ന സ്ഥലത്ത് വമ്പൻ അടിസ്ഥാന സൗകര്യവികസനമാണ് നടപ്പാക്കുന്നതെന്ന് സിയാൽ എംഡി എസ് സുഹാസ് ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദർശനി, വർക്കല നഗരസഭാധ്യക്ഷ ഗീത ഹേമചന്ദ്രൻ, ശിവഗിരിയിലെ ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് സ്വാമി ശുഭാംഗാനന്ദ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.
ചിലക്കൂർ ടൂറിസം പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഒപ്പിട്ട ധാരണാപത്രം സിയാൽ എംഡി എസ് സുഹാസും കേരള ഹൈഡൽ ടൂറിസം സെന്റർ ഡയറക്ടർ ഹർഷിൽ ആർ മീണയും കൈമാറി.

ആക്കുളം-ചേറ്റുവ ജലപാത സഞ്ചാരയോഗ്യമാക്കുന്നതിലെ പ്രധാന തടസ്സമായിരുന്നു വർക്കലയിലെ ചിലക്കൂർ തുരങ്കത്തിൻറെ നവീകരണം. ഈ പ്രവർത്തനം വിജയകരമായി പൂർത്തീകരിച്ചാണ് പാത തുറക്കുന്നത്.

2018 ൽ സംസ്ഥാന സർക്കാരും കൊച്ചിൻ ഇൻറർനാഷണൽ എയർപോർട്ട് ലിമിറ്റഡും (സിയാൽ) ചേർന്നുണ്ടാക്കിയ കേരള വാട്ടർവെയ്സ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (ക്വിൽ) ആണ് കനാൽ നവീകരണ പദ്ധതി നടപ്പിലാക്കുന്നത്.

പദ്ധതിയുടെ നടത്തിപ്പിനായി 579 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. 150 കോടി രൂപ മുടക്കിയാണ് ഇവർക്കുള്ള പുനരധിവാസ പദ്ധതി നടപ്പാക്കിയത്.

തിരുവിതാംകൂർ രാജഭരണകാലത്ത് ചരക്ക് നീക്കത്തിനും ഗതാഗതത്തിനുമായിട്ടാണ് ജലപാത നിർമ്മിച്ചത്. തിരുവനന്തപുരത്തെ വള്ളക്കടവ് മുതൽ വർക്കല കുന്ന് വരെ പ്രധാന കായലുകളെ ഇടയ്ക്കിടയ്ക്ക് തോടുകൾ വെട്ടി ബന്ധപ്പെടുത്തി 1824 ലാണ് പാർവതി പുത്തനാർ എന്ന ജലപാത നിർമ്മിച്ചത്. തിരുവിതാംകൂറിലെ അന്നത്തെ റീജൻറ് ആയിരുന്ന ഗൗരി പാർവതിബായിയുടെ പേരും പുതിയതായി നിർമ്മിച്ചതുകൊണ്ട് പുത്തനാർ എന്നും ചേർത്താണ് പാർവതി പുത്തനാർ എന്നു വിളിച്ചത്.

തിരുവനന്തപുരത്തു നിന്ന് വള്ളങ്ങൾ വർക്കല കുന്ന് വരെ വന്ന ശേഷം കാൽനടയായി വേണമായിരുന്നു അക്കാലത്ത് വടക്കോട്ട് ചരക്ക് നീക്കം നടത്തിയിരുന്നത്. ഇത് പരിഹരിക്കുന്നതിന് വേണ്ടിയാണ് വേളി കായലിനെയും കഠിനംകുളം കായലിനെയും ബന്ധപ്പെടുത്തിക്കൊണ്ടായിരുന്നു ജലപാതയുടെ നിർമ്മാണം ആരംഭിച്ചത്.

തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന രാമവർമയുടെ കാലത്ത് 1876 ൽ ഇന്നത്തെ ശിവഗിരിയിലും ചിലക്കൂരിലും വർക്കല തുരപ്പ് എന്നറിയപ്പെടുന്ന രണ്ട് തുരങ്കങ്ങൾ നിർമ്മിച്ചു. 15,000 കിലോമീറ്റളോളം ഗതാഗതയോഗ്യമായ ഉൾനാടൻ ജലപാതകളുള്ള ഇന്ത്യയിൽ ഇന്നും തുരങ്കമുള്ള ഒരേയൊരു ജലപാത വർക്കലയിലാണ്. 722 മീറ്ററാണ് ശിവഗിരി തുരങ്കത്തിൻറെ നീളം. ചിലക്കൂർ തുരങ്കത്തിൻറെ ദൈർഘ്യം 340 മീറ്ററും.

1960 വരെ തുരങ്കം ഉപയോഗത്തിലിരുന്നു. പിന്നീട് വെള്ളവും ചെളിയും നിറഞ്ഞ് ഉപയോഗശൂന്യമായി. 2006-07 ൽ തുരങ്കം ശുചീകരിച്ച് ജലനിരപ്പ് ക്രമീകരിച്ച് ചെറിയ വള്ളങ്ങൾക്ക് കടന്നുപോകാൻ പാകത്തിൽ താൽക്കാലിക സംവിധാനം ഒരുക്കി. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദൻ ശിവഗിരി തുരങ്കം വഴി ബോട്ടിൽ സഞ്ചരിച്ചതിനെ തുടർന്ന് ഇത് നവീകരിച്ച് ഗതാഗത യോഗ്യമാക്കാമെന്ന ആശയം ഉയർന്ന് വന്നു.

2018 ൽ സംസ്ഥാന സർക്കാർ വെസ്റ്റ് കോസ്റ്റ് കനാൽ പദ്ധതി ആരംഭിക്കുകയും തകർന്ന കനാലുകൾ നവീകരിക്കുകയും ചെയ്തു. 2021 -22 ൽ കോവളം മുതൽ ബേക്കൽ വരെയുള്ള കനാലിൻറെ മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിനുള്ള പദ്ധതിക്ക് രൂപം നൽകി. പുനർഗേഹം പദ്ധതി പ്രകാരം ഭൂമി ഏറ്റെടുക്കൽ, കനാൽ നവീകരണം, പുനരുദ്ധാരണം എന്നിവയ്ക്കായി കിഫ്ബി വഴി 2556 കോടി രൂപ അനുവദിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.