Sections

വനവിഭവങ്ങളുടെ ഭക്ഷ്യമേളയുമായി വനമഹോത്സവത്തിന് ഇന്ന് (ജൂലൈ 1) തിരിതെളിയും

Saturday, Jul 01, 2023
Reported By Admin
Food Fest

വനവിഭവങ്ങളുടെ ഭക്ഷ്യമേളയുമായി വനമഹോത്സവത്തിന് ഇന്ന് (ജൂലൈ 1) തിരിതെളിയും

വനമഹോത്സവത്തിന് ഇന്ന് (ജൂലൈ 1 )തേക്കടിയിൽ തിരിതെളിയുന്നതോടെ ഭക്ഷണപ്രേമികളുടെ നീണ്ട കാത്തിരിപ്പിന് വിരാമമാകും. സംസ്ഥാനമൊട്ടാകെയുള്ള വനവാസി സമൂഹത്തിന്റെ പരമ്പരാഗത ഭക്ഷ്യവിഭവങ്ങളിൽപെട്ട 72 ഇനങ്ങൾ ഉൾപ്പെടുത്തിയതാണ് ഭക്ഷ്യമേള. ആനവച്ചാൽ പാർക്കിങ്ഗ്രൗണ്ടിലാണ് വനമഹോത്സവത്തിന്റെ ഭാഗമായി മേള നടക്കുക. ചിന്നാർ വന്യ ജീവിസങ്കേതത്തിൽനിന്നുള്ള ചിന്നാർ സ്പെഷ്യൽ താലി മീൽസ്, ചിന്നാർ സ്പെഷ്യൽ ടീ, റാഗി വിഭവങ്ങൾ എന്നിവ ഇവിടെ ലഭിക്കും. പെരിയാർ തടാകത്തിൽ നിന്നും വൈദേശിക മൽസ്യ ഇനമായ ആഫ്രിക്കൻ മുഷി ഉപയോഗിച്ച് തയാറാക്കിയ അച്ചാർ മേളയുടെ സ്പെഷ്യലാണ്. രാവിലെ 6 മണിക്ക് തന്നെ ഭക്ഷ്യമേള ആരംഭിക്കും.

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുസമൂഹത്തെ ബോധവാന്മാരാക്കുന്നതിനായി 1950 മുതൽ എല്ലാ വർഷവും ജൂലൈ ആദ്യവാരം നടത്തിവരുന്ന പ്രചാരണ പരിപാടിയാണ് വനമഹോത്സവം. ' പങ്കാളിത്ത വനപരിപാലനത്തിന്റെ 25 വർഷങ്ങൾ' എന്നപ്രമേയത്തെ ആസ്പദമാക്കിയാണ് ഈ വർഷത്തെ വനമഹോത്സവം സംഘടിപ്പിക്കുന്നത്. സംസ്ഥാനതല ഉദ്ഘടാനം ഇന്ന് (ജൂലൈ 1) രാവിലെ 10 .30 ന് തേക്കടി ഹോളിഡേ ഹോമിൽ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിക്കും. വാഴൂർ സോമൻ എം. എൽ. എ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യാതിഥിയായിരിക്കും. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി മുഖ്യ പ്രഭാഷണം നടത്തും. എം.ൽ.എമാരായ എം.എം മണി, അഡ്വ.എ. രാജ, പി.ജെ. ജോസഫ് , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു, വനം വകുപ്പ് മേധാവി ബെന്നിച്ചൻ തോമസ്, ജില്ലാ കളക്ടർ ഷീബ ജോർജ് , ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും .

പങ്കാളിത്ത വനപരിപാലനത്തിന്റെ 25 വർഷത്തെ നാൾവഴികൾ ഉൾപ്പെടുത്തിയൊരുക്കുന്ന ഫോട്ടോ പ്രദർശനത്തിന് തേക്കടി വനശ്രീ ഓഡിറ്റോറിയം വേദിയാകും. ഇതോടൊപ്പം പെരിയാർ തടാകത്തിലെ തനത് മൽസ്യങ്ങളുടെ വൈവിധ്യത്തെ ദോഷകരമായി ബാധിക്കുന്ന ആഫ്രിക്കൻ മുഷി നിർമാർജ്ജന യജ്ഞം, തദ്ദേശീയ ഇനം വൃക്ഷത്തെ നടീൽ, വിതരണം എന്നിവയും ഉണ്ടാകും. വനമഹോത്സവത്തോടനുബന്ധിച്ച് മനുഷ്യ-വന്യജീവി സംഘർഷ പരിഹാരത്തിനായുള്ള പ്രായോഗിക മാർഗങ്ങൾ രൂപപ്പെടുത്തുന്നതിനായി ജില്ലയിലെ ത്രിതല പഞ്ചായത്ത് ജനപ്രനിധികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള സെമിനാർ കുമളി ഹോളിഡേ ഹോമിൽ ഉച്ചകഴിഞ്ഞ് 2.30 ന് നടക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.