Sections

union budget 2023 : കേരളത്തിലെ ബിസിനസ് നായകരുടെ ബജറ്റ് പ്രതികരണങ്ങൾ ഇങ്ങനെ

Wednesday, Feb 01, 2023
Reported By admin
budget

രാജ്യത്ത് ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുന്ന പദ്ധതികളെ ശക്തിപ്പെടുത്തുന്നത് കൂടെയാണ് പ്രഖ്യാപനങ്ങൾ


കേന്ദ്ര ബജറ്റ് സ്വാഗതം ചെയ്ത് കേരളത്തിലെ ബിസിനസ് നായകൻമാർ. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളിക്കാൻ ശ്രമിച്ച ബജറ്റ് എന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയുടെ പ്രതികരണം.

''കണക്ടിവിറ്റി, ഭക്ഷ്യസുരക്ഷ, നൈപുണ്യ വികസനം എന്നീ മേഖലകളിലെ പ്രഖ്യാപനങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. 50 പുതിയ വിമാനത്താവളങ്ങളുടെ നിർമ്മാണവും ജലപാതകളുടെ വികസനവും ഇന്ത്യയുടെ സാമൂഹിക-സാമ്പത്തിക ഘടനയിൽ നിർണായക സ്വാധീനം ചെലുത്തും. പുതിയ പ്രഖ്യാപനങ്ങൾ ആഗോള ബിസിനസുകളുടെയും നിക്ഷേപകരുടെയും സ്വപ്ന കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം ഉയർത്തും. ദേശീയ ഡിജിറ്റൽ ലൈബ്രറി, രാജ്യത്തുടനീളമുള്ള നൈപുണ്യ വികസന കേന്ദ്രങ്ങൾ, പുതിയ നഴ്‌സിംഗ് കോളേജുകൾ തുടങ്ങിയ സംരംഭങ്ങൾ കാലഘട്ടത്തിന്റെ ആവശ്യമാണ്. '' അദ്ദേഹം പറയുന്നു ബജറ്റ് ഇന്ത്യ-ഗൾഫ് ബിസിനസ് ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നും രാജ്യത്തേക്ക് കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടുവരുമെന്നും എം.എ യൂസഫലി ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ള സർക്കാർ ശ്രമത്തെ അഭിനന്ദിക്കുന്നു എന്ന് കല്യാൺ ജ്വല്ലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ. ''കേന്ദ്ര ബജറ്റ് സുസ്ഥിരമാണ് എന്നതിനൊപ്പം രാജ്യത്തിന്റെ വികസനത്തിന് വഴിയൊരുക്കുന്നു.നികുതി സ്ലാബിലെ മാറ്റങ്ങൾ ജനങ്ങളുടെ ചെലവഴിക്കൽ ശേഷി ഉയർത്തും. സംഘടിത ജ്വല്ലറി റീട്ടെയിൽ വ്യവസായം ഉൾപ്പെടെയുള്ള ഉപഭോക്തൃ മേഖലയ്ക്ക് പ്രഖ്യാപനം ഗുണം ചെയ്യും. പരമ്പരാഗത കരകൗശല വിദഗ്ധരെയും തൊഴിലാളികളെയും ശാക്തീകരിക്കുന്നതിനുള്ള പ്രധാനമന്ത്രി വിശ്വ കർമ്മ കൗശൽ സമ്മാൻ പദ്ധതി ശ്രദ്ധേയമാണ്.

ഇന്ത്യ@100 എന്ന ലക്ഷ്യത്തിൽ ഊന്നി  ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാക്കാനുള്ള പ്രതിബദ്ധതയുടെ സാക്ഷ്യമാണ് ബജറ്റ്. ബജറ്റിലെ പരിഷ്‌കാരങ്ങൾ മെയ്ക്ക് ഇൻ ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ പദ്ധതികൾക്കും ഗുണമാകും. രാജ്യത്ത് ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുന്ന പദ്ധതികളെ ശക്തിപ്പെടുത്തുന്നത് കൂടെയാണ് പ്രഖ്യാപനങ്ങൾ'' രമേഷ് കല്യാണരാമൻ പറയുന്നു.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളേയും ഉൾക്കൊള്ളുന്ന വികസന കാഴ്ച്ചപാടുള്ള ബജറ്റാണിതെന്ന് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എം ഡിയും സി.ഇ.ഒയുമായ കെ പോൾ തോമസ് വ്യക്തമാക്കി.

കാർഷിക മേഖലയ്ക്ക് ബജറ്റിൽ വലിയ മുൻഗണന ലഭിച്ചു. ഗ്രാമീണ മേഖലയിലെ യുവ കാർഷിക സംരംഭകർക്കായി പ്രഖ്യാപിച്ച അഗ്രികൾചർ ആക്സിലറേറ്റർ ഫണ്ട് അഗ്രിടെക്ക് സ്റ്റാർട്ടപ്പുകൾക്ക് ഏറെ ഗുണകരമാകും. 6000 കോടി രൂപയുടെ പിഎം മത്സ്യ സമ്പദ് യോജന കേരളത്തിനും പ്രത്യേകിച്ച് മത്സ്യതൊഴിലാളി സമൂഹത്തിനും ഏറെ പ്രയോജനപ്പെടുന്ന പദ്ധതിയാണ്. ഗോത്ര സമൂഹങ്ങൾക്കു വേണ്ടിയുള്ള പദ്ധതികളും എടുത്തുപറയേണ്ട പ്രഖ്യാപനമാണ്. നഗര തദ്ദേശ സ്ഥാപനങ്ങൾക്ക് മുനിസിപ്പൽ ബോണ്ട് ഇറക്കാൻ ആവശ്യമായ വായ്പാ ശേഷി നേടിക്കൊടുക്കാൻ ലക്ഷ്യമിട്ടുള്ള സാമ്പത്തിക പരിഷ്‌കരണങ്ങൾ കേരളത്തിലെ നഗരസഭകൾക്കും പ്രയോജനം ചെയ്യും. ദേശീയ ഗ്രാമീണ ഉപജീവന മിഷൻ പദ്ധതിക്കായി വലിയ തുക നീക്കിവച്ചത് ഗ്രാമീണ മേഖലകളിലെ സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങൾക്ക് വലിയ പിന്തുണയാകും. അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

എംഎസ്എംഇ മേഖലയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ സ്വയംതൊഴിൽ സംരംഭകരേയും ചെറുകിട വ്യവസായങ്ങളേയും സഹായിക്കുമെന്ന് മണപ്പുറം ഫിനാൻസ് എം ഡിയും സി.ഇ.ഒയുമായ വി.പി നന്ദകുമാർ പറഞ്ഞു '' ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾക്കും മൂലധന ചെലവുകൾക്കും കൂടുതൽ ശ്രദ്ധ നൽകിയത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പുതിയ സംരംഭകത്വ അവസരങ്ങൾക്കും വഴിയൊരുക്കുന്നതാണ്. 2023-24 ബജറ്റിലെ ഏറ്റവും വലിയ പ്രഖ്യാപനം ഒരു പക്ഷെ വ്യക്തിഗത ആദായ നികുതി ഇളവുകളായിരിക്കും. നികുതി ഇളവുള്ള വാർഷിക വരുമാന പരിധി അഞ്ച് ലക്ഷം രൂപയിൽ നിന്നും ഏഴ് ലക്ഷമാക്കി ഉയർത്തിയത് ലക്ഷക്കണക്കിന് മധ്യവർഗ ഇന്ത്യക്കാർ പ്രതീക്ഷയോടെ കാത്തിരുന്ന പ്രഖ്യാപനമാണ്. പുതിയ നികുതി ഘടനയിൽ ഏറ്റവും ഉയർന്ന സർചാർജ് നിരക്ക് 37 ശതമാനത്തിൽ നിന്ന് 25 ശതമാനമായി കുറയ്ക്കുമെന്നും പ്രഖ്യാപിച്ചിരിക്കുന്നു. ഈ നിർദേശങ്ങൾ, ഇന്ത്യയുടെ വളർച്ചയെ സുസ്ഥിരപ്പെടുത്തുന്നതിന് ഏറെ സഹായകമാകും.''


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.