- Trending Now:
കൊച്ചി: ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് 2030 സാമ്പത്തിക വർഷത്തോടെ തങ്ങളുടെ ആകെ വായ്പകൾ ഒരു ലക്ഷം കോടി രൂപയിലെത്തിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികൾക്ക് തുടക്കമിട്ടു. 2017ൽ സ്മോൾ ഫിനാൻസ് ബാങ്കായി പ്രവർത്തനം ആരംഭിച്ചതിന് ശേഷമുള്ള പുരോഗതിയുടെ അടിസ്ഥാനത്തിലാണ് ഈ പുതിയ നീക്കം.
സുരക്ഷിത വിഭാഗത്തിൽപെട്ട വായ്പകൾ 2019 സാമ്പത്തിക വർഷത്തിലെ 16 ശതമാനത്തിൽ നിന്ന് 2026 സാമ്പത്തിക വർഷത്തിന്റെ ഒന്നാം ത്രൈമാസത്തിലെ 46 ശതമാനത്തിലേക്ക് വളർച്ച നേടിക്കൊണ്ട് ഉജ്ജീവൻ ബാങ്കിന്റെ വായ്പ വിഭാഗം തുടർച്ചയായ വൈവിധ്യവൽക്കരണ പാതയിലാണ്. സുരക്ഷിത വിഭാഗത്തിൽപെട്ട വായ്പകൾ 65 മുതൽ 70 ശതമാനം വരെ ആയി ഉയർത്തുക എന്ന ലക്ഷ്യത്തിലാണ് ബാങ്ക് മുന്നേറുന്നത്. ഭവന, മൈക്രോ മോർട്ട്ഗേജുകൾ, ചെറുകിട സംരംഭങ്ങൾക്കുള്ള വായ്പകൾ, വാഹന വായ്പകൾ, സ്വർണ പണയം, കാർഷിക വായ്പകൾ തുടങ്ങിയവയാകും ഇതിലേക്ക് നയിക്കുക.
ആകെ നിക്ഷേപ അടിത്തറയായ 38,619 കോടി രൂപയുടെ 72 ശതമാനമെന്ന നിലയിൽ റീട്ടെയിൽ നിക്ഷേപങ്ങൾ, മികച്ച രീതിയിൽ കുറഞ്ഞ ചെലവിലുള്ള നിക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ വായ്പകൾക്കു പണം കണ്ടെത്താനാവുന്നതായാണ് 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ ത്രൈമാസത്തിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. ആകെ നിക്ഷേപത്തിന്റെ 24.3 ശതമാനമെന്ന നിലയിൽ 9381 കോടി രൂപയാണ് കറണ്ട് അക്കൗണ്ട് സേവിങ്സ് അക്കൗണ്ട് (കാസ) ബാലൻസ്. 2030 സാമ്പത്തിക വർഷത്തോടെ ആകെ നിക്ഷേപത്തിന്റെ 35 ശതമാനം കാസ എന്ന ലക്ഷ്യത്തോടെയാണ് ബാങ്കിന്റെ പ്രവർത്തനം. ബ്രാഞ്ച് ശൃംഖലകൾ 752ൽ നിന്ന് ഏകദേശം 1150 ആയി ഉയർത്താനുള്ള പ്രവർത്തനം, ഉപഭോക്തൃ നിര വർധിപ്പിക്കാനുള്ള ആഴത്തിലുള്ള ക്രോസ് സെൽ, ഐപിഒ-എഎസ്ബിഎ, മ്യൂചൽ ഫണ്ട് വിതരണം, റെമിറ്റൻസ്, കോ ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകൾ അടക്കമുള്ള പദ്ധതികളുമായുള്ള വികസനം തുടങ്ങിയവയും ലക്ഷ്യമിടുന്നുണ്ട്.
കൃത്യമായ ജീവനക്കാരുടെ തോത്, യുക്തിസഹമായ പ്രവർത്തന ചെലവുകൾ, ഉയർന്ന ഉൽപ്പാദന ക്ഷമത, ബ്രാഞ്ചുകളിൽ നിന്നുള്ള മികച്ച പ്രകടനവും മറ്റ് ഭൗതിക അടിസ്ഥാന സൗകര്യങ്ങളും ഇതിന് പിന്തുണയേകും.
26 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 97 ലക്ഷത്തിലേറെ വരുന്ന വളർന്നു കൊണ്ടിരിക്കുന്നതും വൈവിധ്യമാർന്നതുമായ ഉപഭോക്താക്കളുമായി വളരുന്ന ഇന്ത്യയുടെ പ്രതീക്ഷകൾക്ക് അനുസരിച്ചുള്ള സേവനങ്ങൾ ലഭ്യമാക്കാനായി എല്ലാ തലത്തിലും തങ്ങൾ സന്നദ്ധരാണെന്ന് ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ സഞജീവ് നൗട്യാൽ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.