Sections

നൂതന സാങ്കേതികവിദ്യകളും റൈഡർ അനുഭവങ്ങളും സമ്മാനിച്ച് ടിവിഎസ് മോട്ടോസോളിന്റെ അഞ്ചാം പതിപ്പിന് സമാപനം

Monday, Dec 08, 2025
Reported By Admin
TVS Motosoul 5.0 Concludes in Goa with Major Tech Announcements

കൊച്ചി ഇരുചക്ര-മുച്ചക്ര വാഹന നിർമാണ രംഗത്തെ ആഗോള മുൻനിരക്കാരായ ടിവിഎസ് മോട്ടോർ കമ്പനി സംഘടിപ്പിച്ച ടിവിഎസ് മോട്ടോസോൾ മോട്ടോർസൈക്കിൾ ഫെസ്റ്റിന്റെ അഞ്ചാം പതിപ്പ് ഗോവയിൽ സമാപിച്ചു. ടിവിഎസ് മോട്ടോസോൾ 5.0യുടെ രണ്ടാം ദിനത്തിൽ ഇന്നൊവേഷൻ, ഡിസൈൻ, സാങ്കേതികവിദ്യ, റൈഡർ അനുഭവങ്ങൾ എന്നിവക്കായിരുന്നു പ്രാധാന്യം നൽകിയത്. സമാപന ദിവസം സുപ്രധാന പ്രഖ്യാപനങ്ങളും ടിവിഎസ് മോട്ടോർകമ്പനി നടത്തി. നെക്സ്റ്റ് ജെൻ റൈഡർ സുരക്ഷയ്ക്കായുള്ള നൂതനമായ എആർ സാങ്കേതികവിദ്യപ്രാപ്തമാക്കിയ ഹെഡ്സ്-അപ്പ് ഡിസ്പ്ലേ (എച്ച്യുഡി) സൊല്യൂഷനായ ഏജിസ് റൈഡർ വിഷൻ ഹെൽമെറ്റ് മേളയിൽ പ്രദർശിപ്പിച്ചു. നാവിഗേഷൻ, വേഗത, സുരക്ഷാ മുന്നറിയിപ്പുകൾ തുടങ്ങിയ വിവരങ്ങൾ റൈഡറുടെ കാഴ്ച്ചയിലേക്ക് നേരിട്ട് എത്തിച്ച് റോഡിൽ ശ്രദ്ധ മാറ്റാതെ യാത്ര ഉറപ്പാക്കാൻ ഏജിസ് റൈഡർ വിഷൻ ഹെൽമെറ്റ് സഹായകരമാവും.

എംടി ഹെൽമെറ്റ്സുമായുള്ള ടിവിഎസ് റേസിങിന്റെ സഹകരണ പ്രഖ്യാപനവും ഇതോടൊപ്പം നടന്നു. ടിവിഎസ് റേസിങും എംടി ഹെൽമെറ്റ്സും ചേർന്ന് അന്താരാഷ്ട്ര തലത്തിൽ അംഗീകാരമുള്ള ഇസിഇ സർട്ടിഫൈഡ് ഹെൽമെറ്റുകളുടെ ഒരു പുതിയ ശ്രേണി ഇന്ത്യയിൽ അവതരിപ്പിക്കും. സുരക്ഷിതത്വത്തിലും എയറോഡൈനാമിക്സിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഈ ഹെൽമെറ്റുകൾ രൂപകൽപന ചെയ്തിരിക്കുന്നത്. ടിവിഎസ് റേസിങ് ഓഫ്റോഡ് ട്രെയിനിങ് അക്കാദമിക്കും ഫെസ്റ്റിവലിന്റെ അവസാന ദിവസം തുടക്കമിട്ടു. ഓഫ്റോഡ്, അഡ്വഞ്ചർ റൈഡിങ് കഴിവുകൾ വികസിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു പ്രത്യേക പരിശീലന പ്ലാറ്റ്ഫോമാണിത്. ടിവിഎസ് റേസിങ് ചാമ്പ്യൻമാരുടെ നേതൃത്വത്തിൽ ലെവൽ 1 വൈദഗ്ധ്യ പരിശീലനമാണ് ഇവിടെ നൽകുക.

ഡിജെ നുക്ലേയയുടെയും ലഗോരിയുടെയും ലൈവ് പെർഫോമൻസോടെയാണ് രണ്ടാം ദിവസത്തെ പരിപാടികൾ സമാപിച്ചത്. റൈഡർസ്ഫിയർ, എഫ്എംഎക്സ് ഷോക്കേസ്, ജിംഖാന ചലഞ്ചസ്, ഡേർട്ട് ആൻഡ് ഫ്ലാറ്റ് ട്രാക്ക് അരീനാസ്, അഡ്വഞ്ചർ സോണുകൾ തുടങ്ങിയവയും രണ്ടാം ദിവസത്തെ പ്രധാന ആകർഷണങ്ങളായിരുന്നു. വാഗറ്റോർ സെന്റ് മൈക്കിൾസ് കോൺവെന്റ് ഹൈസ്കൂളിലെ വിദ്യാർഥികൾക്ക് റോഡ് സുരക്ഷയെക്കുറിച്ച് നേരത്തെ അവബോധം നൽകുന്നതിനായി 100 ഹെൽമെറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു.

പുരോഗമനപരവും ഉത്തരവാദിത്തമുള്ളതും അതിലെ സമൂഹവുമായി ആഴത്തിൽ ബന്ധപ്പെട്ടതുമായ ഒരു സംസ്കാരം കെട്ടിപ്പടുക്കാനാണ് ഞങ്ങൾ മോട്ടോസോളിലൂടെ ആഗ്രഹിക്കുന്നതെന്നും, കൂടുതൽ ഇന്നൊവേഷനുകൾ, സഹകരണങ്ങൾ, റൈഡർ കേന്ദ്രീകൃതമായ അനുഭവങ്ങൾ എന്നിവ അടുത്ത വർഷം മോട്ടോസോളിൽ എത്തിച്ചുകൊണ്ട് ഈ പ്ലാറ്റ്ഫോം വിപുലീകരിക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നതെന്നും ടിവിഎസ് മോട്ടോർ കമ്പനിയുടെ പ്രീമിയം ബിസിനസ് ഹെഡ് വിമൽ സംബ്ലി പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.