Sections

2026-27 കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ അർഹരായ ഇറക്കുമതി നടത്തുന്ന നിർമാതാക്കൾക്ക് കസ്റ്റംസ് തീരുവ വൈകി അടയ്ക്കാൻ സൗകര്യമേർപ്പെടുത്തി കേന്ദ്ര പരോക്ഷനികുതി കസ്റ്റംസ് ബോർഡ്

Monday, Mar 02, 2026
Reported By Admin
EMI Scheme Allows Deferred Customs Duty Payment

2026-27-ലെ കേന്ദ്ര ബജറ്റിൽ കേന്ദ്ര ധന കോർപ്പറേറ്റ് കാര്യ മന്ത്രിയുടെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ ഇറക്കുമതി നടത്തുന്ന വിശ്വസ്തരായ നിർമാതാക്കൾക്ക് പുതിയൊരു ഇളവ് കേന്ദ്ര പരോക്ഷ നികുതി കസ്റ്റംസ് ബോർഡ് അവതരിപ്പിച്ചു. 'അർഹരായ ഇറക്കുമതി നടത്തുന്ന നിർമാതാക്കൾ' (EMI) എന്ന പുതിയ വിഭാഗത്തിന് കസ്റ്റംസ് തീരുവ വൈകി അടയ്ക്കാൻ ഇതിലൂടെ സൗകര്യമൊരുക്കും. ഇതുമായി ബന്ധപ്പെട്ട അർഹതാ മാനദണ്ഡങ്ങൾ, അപേക്ഷാ രീതി, പ്രവർത്തന മാർഗനിർദേശങ്ങൾ എന്നിവ ഉൾപ്പെടുത്തിയ 2026 ഫെബ്രുവരി 28-ലെ 08/2026-കസ്റ്റംസ് സർക്കുലർ കേന്ദ്ര പരോക്ഷ നികുതി കസ്റ്റംസ് ബോർഡ് പുറപ്പെടുവിച്ചു.

ഈ സംരംഭത്തിന് കീഴിൽ അർഹരായ നിർമാതാക്കൾക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾ കൈപ്പറ്റുന്ന സമയത്തുതന്നെ കസ്റ്റംസ് തീരുവ അടയ്ക്കേണ്ടതില്ല. പകരം 'ഡെഫേഡ് പെയ്മെന്റ് ഓഫ് ഇംപോർട്ട് ഡ്യൂട്ടി റൂൾസ്, 2016' പ്രകാരം നിശ്ചയിച്ച രീതിയിൽ മാസത്തിലൊരിക്കൽ തീരുവ അടച്ചാൽ മതിയാകും. പ്രവർത്തന മൂലധനവും പണമൊഴുക്കും മെച്ചപ്പെട്ട രീതിയിൽ കൈകാര്യം ചെയ്യാൻ ഇത് നിർമാതാക്കളെ സഹായിക്കുന്നു

2026 ഏപ്രിൽ 1 മുതൽ ലഭ്യമാകുന്ന ഈ സൗകര്യം 2028 മാർച്ച് 31 വരെ പ്രാബല്യത്തിലുണ്ടാകും. കസ്റ്റംസ്, ജിഎസ്ടി ചട്ടങ്ങളുടെ പാലനം, വിറ്റുവരവ്, സാമ്പത്തിക ഭദ്രത, മുൻകാല പ്രവൃത്തിചരിത്രം എന്നിവയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പാലിക്കുന്ന അർഹരായ നിർമാതാക്കൾക്ക് ഈ സൗകര്യം ലഭ്യമാകും. അർഹതാ മാനദണ്ഡങ്ങൾ പാലിക്കുന്ന സൂക്ഷ്മ-ചെറുകിട ഇടത്തരം സംരംഭങ്ങളടക്കം നിലവിലെ AEO-T1 സ്ഥാപനങ്ങൾക്കും ഇതിന്റെ ഭാഗമാകാം.

വിശ്വസ്തത അടിസ്ഥാനമാക്കി നടപടിക്രമങ്ങൾ ലളിതവൽക്കരിക്കുന്ന രീതിയായാണ് EMI പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നിയമങ്ങൾ കൃത്യമായി പാലിക്കുന്ന നിർമാതാക്കൾക്ക് നടപടിക്രമങ്ങൾ ലളിതമാക്കി പ്രോത്സാഹനം നൽകാൻ ഇത് ലക്ഷ്യമിടുന്നു. പദ്ധതി കാലയളവിൽ ഇറക്കുമതി നടത്തുന്ന അർഹരായ അംഗീകൃത നിർമാതാക്കൾ ഘട്ടംഘട്ടമായി AEO-T2 അല്ലെങ്കിൽ AEO-T3 പദവി നേടുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് 'അംഗീകൃത സാമ്പത്തിക പങ്കാളി' (AEO) സംരംഭത്തിന് കീഴിൽ അതിവേഗ ക്ലിയറൻസിനും മുൻഗണനാ പരിഗണനയ്ക്കും അവരെ സഹായിക്കും.

EMI പദ്ധതിയ്ക്ക് കീഴിലെ അപേക്ഷകൾ 2026 മാർച്ച് 1 മുതൽ AEO പോർട്ടലിൽ (www.aeoindia.gov.in) ഓൺലൈനായി സമർപ്പിക്കാം. പോർട്ടലിലെ 'എലിജിബ്ൾ മാനുഫാക്ചറർ ഇംപോർട്ടർ' എന്ന ടാബിന് കീഴിലാണ് അപേക്ഷിക്കേണ്ടത്.

ഈ പരിഷ്കാരം വ്യാപാര നടപടികൾ സുഗമമാക്കാനും നിയമ പാലന സംസ്കാരം ശക്തിപ്പെടുത്താനും ആഭ്യന്തര നിർമാണ മേഖലയ്ക്ക് കരുത്തേകാനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിർമാണാധിഷ്ഠിതവും കയറ്റുമതി ലക്ഷ്യമിടുന്നതുമായ ഇന്ത്യയുടെ വളർച്ചയെ പിന്തുണയ്ക്കുന്നതിന് കാര്യക്ഷമവും സുതാര്യവുമായ കസ്റ്റംസ് അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ കേന്ദ്ര പരോക്ഷ നികുതി കസ്റ്റംസ് ബോർഡിന്റെ പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.