- Trending Now:
മണ്ടയ്ക്കാട് (തമിഴ്നാട്): പ്രശസ്തമായ മണ്ടയ്ക്കാട് ഭഗവതി അമ്മൻ ക്ഷേത്രത്തിലെ വാർഷിക കൊട മഹോത്സവം ആചാരാനുഷ്ഠാന നിറവോടെ കൊടിയേറി. കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമുള്ള ആയിരക്കണക്കിന് ഭക്തരുടെ സാന്നിധ്യത്തിലാണ് 10 ദിവസത്തെ ഉത്സവത്തിന് കൊടിയേറ്റ് ചടങ്ങോടെ തുടക്കമായത്.
മദ്രാസ് ഹൈക്കോടതി ജഡ്ജി എൽ.സി വിക്ടോറിയ ഗൗരി, കന്യാകുമാരി ജില്ലാ കളക്ടർ ആർ. അളഗുമീന, പത്മനാഭപുരം സബ് കളക്ടർ വിനയ് കുമാർ മീണ, കന്യാകുമാരി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എ. ഝാൻസി റാണി തുടങ്ങിയവർ രാവിലെ 8.10 ന് നടന്ന കൊടിയേറ്റ് ചടങ്ങിൽ പങ്കെടുത്തു.
ഭക്തകണ്ഠങ്ങളിൽ നിന്നുയർന്ന 'അമ്മേ ശരണം ദേവി ശരണം' ജപങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ക്ഷേത്ര തന്ത്രി ഇടക്കോട് ശങ്കരനാരായണ അയ്യരുടെ നേതൃത്വത്തിൽ ക്ഷേത്ര പുരോഹിതൻമാർ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു.
തമിഴ്നാടിൻറെ വിവിധ പ്രദേശങ്ങളിൽ നിന്നും തെക്കൻ കേരളത്തിൽ നിന്നുമുള്ള ആയിരക്കണക്കിന് ഭക്തർ പങ്കെടുക്കുന്ന അതിപ്രശസ്തമായ കൊട മഹോത്സവം മാർച്ച് 10 ന് നടക്കും.
ഉത്സവത്തിലെ പ്രധാന ചടങ്ങുകളായ വലിയപടുക്ക മാർച്ച് 6 ന് അർധരാത്രിയിലും വലിയ തീവട്ടി ഘോഷയാത്ര മാർച്ച് 8 നും നടക്കും. മാർച്ച് 10 ന് അർധരാത്രി ഒടുക്ക് പൂജയോടെയാണ് കൊട ഉത്സവത്തിന് സമാപനമാകുക.
ഉത്സവത്തോടനുബന്ധിച്ച് ദേവസ്വം ബോർഡും ഹൈന്ദവ സേവാ സംഘവും ചേർന്ന് സംഘടിപ്പിക്കുന്ന 89-ാമത് വാർഷിക ഹിന്ദു മഹാ സമ്മേളനത്തിനും ഇന്ന് തുടക്കമായി.
പത്ത് ദിവസങ്ങളിലും മത, സാംസ്കാരിക പരിപാടികളും ഹൈന്ദവ സമ്മേളനങ്ങളും നടക്കും.
വാർഷിക ഉത്സവത്തിൻറെ ഭാഗമായി കഴിഞ്ഞ ഒരു മാസമായി ക്ഷേത്രത്തിലേക്ക് സ്ത്രീകൾ ഉൾപ്പെടെയുള്ള ഭക്തരുടെ വലിയ ഒഴുക്കാണ് അനുഭവപ്പെടുന്നത്. ക്ഷേത്രത്തിൽ ദിവസവും ഭക്തർ പൊങ്കാല അർപ്പിക്കുമെങ്കിലും ഉത്സവ ദിവസങ്ങളിൽ പകലും രാത്രിയുമായി പതിനായിരങ്ങളാണ് പൊങ്കാലയർപ്പിക്കാൻ എത്തുക.
കേരളത്തിൻറെ തെക്കൻ ജില്ലകളിൽ നിന്ന് ആയിരക്കണക്കിന് ഭക്തരാണ് ഉത്സവനാളുകളിൽ മണ്ടയ്ക്കാട്ടെത്തുക. തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കാൻ തമിഴ്നാട് സർക്കാർ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കെഎസ്ആർടിസിയും തമിഴ്നാട് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനും തിരുവനന്തപുരത്തേക്കും തിരിച്ചും പ്രത്യേക ബസ് സർവീസ് നടത്തുന്നുണ്ട്.
സുരക്ഷയ്ക്കും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുമായി 800 ലധികം പോലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇതിനു പുറമേ മറൈൻ പോലീസിൻറെ പ്രത്യേക സംഘത്തെയും വിന്യസിച്ചിട്ടുണ്ട്. ശ്രീകോവിൽ, തീരദേശം ഉൾപ്പെടെ ക്ഷേത്രത്തിന് ചുറ്റും പത്ത് നിരീക്ഷണ ടവറുകളും സ്ഥാപിച്ചു.
പഴയ തിരുവിതാംകൂറിലെ കൊളച്ചലിന് സമീപം അറബിക്കടലിൻറെ തീരത്താണ് മണ്ടയ്ക്കാട് ദേവിക്ഷേത്രം സ്ഥിതിചെയ്യുന്നത്. കന്യാകുമാരി ജില്ലയിലാണെങ്കിലും കേരളീയ താന്ത്രികവിധി പ്രകാരമാണ് മണ്ടയ്ക്കാട് ക്ഷേത്രത്തിൽ പൂജയും ഉത്സവ ചടങ്ങുകളും നടക്കുന്നത്. 1803 ലാണ് മുൻ തിരുവിതാംകൂർ ഭരണാധികാരി ക്ഷേത്രഭരണം ഏറ്റെടുത്തത്. ഇപ്പോൾ ക്ഷേത്രത്തിൻറെ ഭരണം നടത്തുന്നത് കന്യാകുമാരി ദേവസ്വം ബോർഡാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.