- Trending Now:
കൊച്ചി: കേരള സ്റ്റാർട്ടപ്പ് മിഷന്റെ (കെഎസ് യുഎം) സഹകരണത്തോടെ ടൈ കേരള സംഘടിപ്പിക്കുന്ന ടൈ യങ് എന്റർപ്രണേഴ്സ് ആഗോള ഉച്ചകോടി കൊച്ചിയിൽ നടക്കും. 2026 ജൂൺ 13 ശനിയാഴ്ച കളമശ്ശേരിയിലുള്ള കെഎസ് യുഎം ഡിജിറ്റൽ ഹബ്ബിലാണ് പരിപാടി. വിദ്യാർത്ഥി സംരംഭകത്വ മേഖലയിലെ കേരളത്തിലെ ഏറ്റവും വലിയ കൂട്ടായ്മകളിലൊന്നാണ് ഈ ഉച്ചകോടി.
രാജ്യത്തുടനീളമുള്ള സ്കൂളുകളിൽ നിന്നുള്ള രണ്ടായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും. സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ ഉച്ചകോടി ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡൻ എംപി മുഖ്യാതിഥിയായിരിക്കും. കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക, ടൈ കേരള പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ്, ടിവൈഇ കേരള ചെയറും ടിവൈഇ ഗ്ലോബൽ ബോർഡ് അംഗവുമായ വിനോദിനി സുകുമാർ, ടൈ കേരള മുൻ പ്രസിഡന്റ് ഡോ. ജീമോൻ കോര തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.
പുതിയ തലമുറയിലെ വിദ്യാർത്ഥികളിൽ നൂതനാശയങ്ങളും സ്റ്റാർട്ടപ്പ് സംസ്കാരവും വളർത്തിയെടുക്കാനും പുത്തൻ സാങ്കേതികവിദ്യകളെ പരിചയപ്പെടാനുമുള്ള മികച്ച വേദിയുമാണിത്. സംരംഭകത്വ മേഖലയിലെ പ്രമുഖർ, നിക്ഷേപകർ, വിദഗ്ധോപദേശകർ എന്നിവരുമായി നേരിട്ട് സംവദിക്കാനും തങ്ങളുടെ ആശയങ്ങളെ വിജയകരമായ സംരംഭങ്ങളാക്കി മാറ്റാനുള്ള വഴികൾ തേടാനും വിദ്യാർത്ഥികൾക്ക് ഇതിലൂടെ അവസരം ലഭിക്കും.
വിദ്യാർത്ഥികളുടെ സ്റ്റാർട്ടപ്പ് പ്രദർശനങ്ങൾ, ഇന്നൊവേഷൻ എക്സിബിറ്റുകൾ, റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഗെയിമിംഗ് ഡെമോൺസ്ട്രേഷനുകൾ, സാങ്കേതിക എക്സ്പോ എന്നിവ ഉച്ചകോടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ ഫാബ്ലാബ് കേരള, മേക്കർ വില്ലേജ് തുടങ്ങിയ അത്യാധുനിക സൗകര്യങ്ങൾ സന്ദർശിക്കാനും പ്രതിനിധികൾക്ക് അവസരമുണ്ടാകും.
കേരളത്തിലെ യുവതലമുറയിൽ സംരംഭകത്വ സംസ്കാരം വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ നിർണായക പങ്കുവഹിക്കുന്നുണ്ടെന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക പറഞ്ഞു. സ്കൂൾ തലം മുതൽ തന്നെ കുട്ടികളിൽ നൂതന ചിന്താഗതിയും ബിസിനസ്സ് ആശയങ്ങളും പ്രോത്സാഹിപ്പിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര രംഗത്തേക്കുള്ള വാതിലുകൾ തുറക്കുന്നതു വഴി തൊഴിലന്വേഷകരിൽ നിന്ന് തൊഴിൽദാതാക്കളായി വളരാൻ ഉച്ചകോടി അവരെ പ്രാപ്തരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഗെയിം ഡിസൈൻ, 3D പ്രിന്റിംഗ്, ഇന്നൊവേറ്റർമാർക്കുള്ള ബൗദ്ധിക സ്വത്തവകാശം, തുടങ്ങിയ വിഷയങ്ങളിൽ പ്രായോഗിക പരിശീലനം നൽകുന്ന ശില്പശാലകളും ക്യാമ്പസ് ഇന്നൊവേഷനെക്കുറിച്ചുള്ള പാനൽ ചർച്ചകളും ഇതിന്റെ ഭാഗമായി നടക്കും. കഴിഞ്ഞ നാല് വർഷത്തിനിടയിൽ കേരളത്തിലുടനീളമുള്ള ഇരുപതിനായിരത്തിലധികം വിദ്യാർത്ഥികൾക്ക് സംരംഭകത്വ അവബോധം നൽകാൻ ടിവൈഇ പ്രോഗ്രാമിലൂടെ ടൈ കേരളയ്ക്ക് സാധിച്ചിട്ടുണ്ട്. കൊച്ചിയിലും യുഎസിലെ സിയാറ്റിലിലുമായി ഒരേസമയം നടക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥി സംരംഭകത്വ മത്സരമായ ടിവൈഇ ഗ്ലോബൽ ഫൈനൽസോടെയാണ് ഉച്ചകോടി സമാപിക്കുന്നത് കൂടുതൽ വിവരങ്ങൾക്ക് kerala.tie.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.