Sections

നിങ്ങളുടെ ബിസിനസ് ആശയം പ്രാവര്‍ത്തികമാക്കാന്‍ പറ്റിയ സമയമിതാണ്

Tuesday, Nov 29, 2022
Reported By admin
business

സമൂഹത്തില്‍ നിന്നും ഉയര്‍ന്നു വരുന്ന പുത്തന്‍ ആശയങ്ങള്‍ സ്വീകരിച്ച് പ്രായോഗികമായി നടപ്പാക്കും

 

സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും (ഗ്രാമപഞ്ചായത്ത് / മുന്‍സിപ്പാലിറ്റി / കോര്‍പ്പറേഷന്‍) ഒരു തദ്ദേശ സ്ഥാപനം ഒരു ആശയം (One Local Government One Idea - OLOI) എന്ന പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്. ഈ അവസരം പ്രയോജനപ്പെടുത്തി നിങ്ങളുടെ സംരംഭകത്വ സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കാം. സംസ്ഥാന സര്‍ക്കാര്‍ കെ-ഡിസ്‌ക് എന്ന സംവിധാനത്തിന്റെ നേതൃത്വത്തില്‍ രൂപം നല്‍കിയ പദ്ധതിയാണ് ഒരു തദ്ദേശ സ്ഥാപനം ഒരു ആശയം (OLOI). 

ഓരോ പ്രദേശങ്ങളിലും അപരിഹാര്യമായി തുടരുന്ന വികസന പ്രശ്‌നങ്ങളെയും അവ പരിഹരിക്കാന്‍ ഉതകുന്ന പുത്തന്‍ ആശയങ്ങളെയും സമന്വയിപ്പിച്ച് പരിഹാരം കണ്ടത്തുകയാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. പ്രാദേശിക തലത്തില്‍ ലഭ്യമായ പുത്തന്‍ ആശയ ദാതാക്കളെയും ഗവേഷണ സ്ഥാപനങ്ങള്‍, വ്യക്തികള്‍ തുടങ്ങിയവരുടെ  വൈദഗ്ധ്യങ്ങളെയും കൂട്ടിയിണക്കി നാടിന് വികസനക്കുതിപ്പേകാനാണ് പദ്ധതിയിലൂടെ ശ്രമിക്കുന്നത്. ഓരോ തദ്ദേശ സ്ഥാപനത്തിലും ജനപങ്കാളിത്തത്തോടെ ഒരു നൂതന ആശയമെങ്കിലും കണ്ടെത്തി ഫലപ്രദമായി നടപ്പാക്കാനാണ് നിര്‍ദ്ദേശം.

പരമ്പരാഗത പദ്ധതികളുടെ ആവര്‍ത്തനമല്ലാത്ത നൂതനാശയങ്ങളുടെയും സംരംഭങ്ങളുടെയും പ്രോത്സാഹനമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. സമൂഹത്തില്‍ നിന്നും ഉയര്‍ന്നു വരുന്ന പുത്തന്‍ ആശയങ്ങള്‍ സ്വീകരിച്ച് പ്രായോഗികമായി നടപ്പാക്കും. തദ്ദേശ സ്ഥാപനത്തിലെ തൊഴില്‍ രഹിതരായ യുവജനങ്ങളുടെ തൊഴില്‍ നൈപുണ്യം ഉയര്‍ത്തി സംരംഭങ്ങളെ പ്രോത്സാഹിപ്പിച്ച് പ്രാദേശിക വികസനം സാധ്യമാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

ഒരു നൂതന ആശയം നിങ്ങള്‍ക്കുണ്ടെങ്കില്‍ തദ്ദേശ സ്ഥാപനവുമായി ഉടന്‍ ബന്ധപ്പെടൂ. തൊഴില്‍ സംരംഭം ആരംഭിക്കാനുള്ള എല്ലാ സഹായങ്ങളും അവിടെ നിന്ന് ലഭിക്കും. സബ്‌സിഡി, ബാങ്ക് വായ്പ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും അറിയാം. അവിടെ നിയമിതരായിട്ടുള്ള ഇന്റെണുകളുടെ സേവനം പ്രയോജനപ്പെടുത്താം.  എന്റെ സംരംഭം, എന്റെ അഭിമാനം, എന്റെ തൊഴില്‍ എന്റെ അഭിമാനം തുടങ്ങിയ പദ്ധതികളും ഇതുമായി കണ്ണി ചേര്‍ന്നവയാണ്. തദ്ദേശ സ്ഥാപനം നടത്തുന്ന തൊഴില്‍ സഭയിലും സംരംഭകര്‍ക്ക് പ്രധാന പങ്കുണ്ട്. നിങ്ങളുടെ തദ്ദേശ സ്ഥാപനവുമായി ബന്ധപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.