Sections

കേരളത്തിൽ വരുന്നൂ രാജ്യത്തെ ഏറ്റവും നീളമേറിയ 6 വരി മേൽപ്പാലം 

Monday, Dec 19, 2022
Reported By admin
kerala

അടുത്ത രണ്ട് വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്


അരൂരിൽ നിന്ന് തുറവൂരിലേക്ക് മേൽപ്പാലം നിർമ്മിക്കാൻ അശോക് ബിൽഡ്കോണിനെ തിരഞ്ഞെടുത്ത് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. 13 കിലോമീറ്റർ നീളമുള്ള ഈ മേൽപ്പാലം രാജ്യത്തെ ഏറ്റവും നീളമേറിയ 6 വരി മേൽപ്പാലമാണ്. നാസിക് ആസ്ഥാനമായുള്ള അശോക് ബിൽഡ്കോൺ 1,668.50 കോടി രൂപയ്ക്കാണ് കരാർ നേടിയത്.

അടുത്ത രണ്ട് വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2022 ഡിസംബർ 15 ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി 13 ദേശീയ പാതാ പദ്ധതികൾ അനാച്ഛാദനം ചെയ്തിരുന്നു. 2025 അവസാനത്തോടെ സംസ്ഥാനത്ത് മൂന്ന് ലക്ഷം കോടി രൂപയുടെ ഗതാഗത പദ്ധതികൾ നടപ്പാക്കുമെന്ന് ചടങ്ങിൽ നിതിൻ ഗഡ്കരി പറഞ്ഞിരുന്നു. 11.6 കിലോമീറ്ററുള്ള ഹൈദരാബാദിലെ പി.വി.എൻ.ആർ എക്പ്രസ് വേയാണ് നിലവിൽ രാജ്യത്തെ ദൈർഘ്യമേറിയ മേൽപ്പാലം. ഭോപാലിലെ ഹൈവേ എൻജിനീയറിങ് കമ്പനിക്കാണ് കൺസൽട്ടൻസി ചുമതല.

രണ്ടര വർഷംകൊണ്ട് പൂർത്തിയാക്കാനാണ് കരാർ അരൂർ ജങ്ഷന് സമീപം തുടങ്ങുന്ന പാത തുറവൂർ മഹാക്ഷേത്രത്തിനടുത്താണ് തീരുക. നിലവിലെ നാലുവരിപ്പാതക്ക് മുകളിലൂടെയാണ് മേൽപാത നിർമിക്കുന്നതെ ന്നതിനാൽ കൂടുതൽ സ്ഥലം എടുക്കേണ്ടിവരില്ല. പ്രധാന ജങ്ഷനുകൾക്ക് സമീപം വാഹനങ്ങൾക്ക് കയറാനും ഇറങ്ങാനും സർവിസ് റോഡിൽനിന്ന് മേൽപാതയിലേക്ക് റോഡ് നിർമിക്കാനും സ്ഥലം ഏറ്റെടുക്കേണ്ടി വരും.

പശ്ചിമഘട്ടത്തിന് സമാന്തരമായി ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് വടക്ക് മുതൽ തെക്ക് വരെ പോകുന്ന തിരക്കേറിയ ദേശീയ പാതയാണ് NH-66. മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ഇത് പൻവേലിനെ കന്യാകുമാരിയുമായി ബന്ധിപ്പിക്കുന്നു. അഞ്ച് സംസ്ഥാനങ്ങളെ ആറുവരി ഹൈവേയായും ഇരുവശത്തും രണ്ട് വരി സർവീസ് റോഡുമായും ബന്ധിപ്പിക്കുന്ന ഈ സാമ്പത്തിക ഇടനാഴി നവീകരിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രം.

വടക്ക് കർണാടക അതിർത്തി മുതൽ തെക്ക് തമിഴ്നാട് അതിർത്തി വരെ നീളുന്നതിനാൽ കേരളത്തിന്റെ ലൈഫ് ലൈൻ എന്നാണ് എൻഎച്ച് 66 അറിയപ്പെടുന്നത്. ഒമ്പത് ജില്ലകളിലൂടെ കടന്നുപോകുന്ന ഇത് കാസർഗോഡിലെ തലപ്പാടി മുതൽ തിരുവനന്തപുരത്തെ കാരോട് വരെ നീളുന്നു. അഴിയൂർ മുതൽ ഇടപ്പള്ളി വരെയും അരൂർ മുതൽ കഴക്കൂട്ടം വരെയും 12 പദ്ധതികൾക്ക് കേന്ദ്രം തറക്കല്ലിട്ടിട്ടുണ്ട്. അരൂർ മുതൽ തുറവൂർ വരെയുള്ള ആറുവരി മേൽപ്പാലം ഈ പാക്കേജിന്റെ ഭാഗമാണ്. അഴീക്കൽ, ബേപ്പൂർ, കൊച്ചി, കൊല്ലം തുടങ്ങിയ ചെറുതും വലുതുമായ തുറമുഖങ്ങളുടെയും നിർമ്മാണത്തിലിരിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെയും വളർച്ചയ്ക്ക് ഈ പദ്ധതികൾ സഹായകമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.