Sections

ജീവിതത്തിലെ വൈകാരിക അടുപ്പത്തിലൂടെ നേടിയത് വന്‍ വിജയം; കൂട്ടാളികളുടെ വരവോടെ തകര്‍ത്ത് വാരി

Tuesday, Jun 28, 2022
Reported By Aswathi Nurichan
nikhil and lena

''അതുകൊണ്ടൊക്കെ തന്നെയാണ് തിരുവനന്തപുരം സ്വദേശികളായ നിഖിലിനും ലെനയ്ക്കും സോഷ്യല്‍ മീഡിയയുടെയും ബിസിനസ് രംഗത്തെയും വളര്‍ച്ച ഒരുപോലെ കൊണ്ടുപോകാന്‍ സാധിച്ചത്''


ദാമ്പത്യ ജീവിതം അല്ലെങ്കില്‍ ജീവിത പങ്കാളി ജീവിതത്തിലെ സുപ്രധാന ഒരു ഘടകം തന്നെയാണല്ലേ? എന്താണ് ഒരു മികച്ച ദാമ്പത്യ ജീവിതം? അതൊരു കുഴപ്പിക്കുന്ന ചോദ്യം തന്നെയാണ്. അതിന് പലര്‍ക്കും പല ഉത്തരങ്ങളായിരിക്കാം പറയാന്‍ ഉണ്ടാകുക. സ്‌നേഹം, വിശ്വാസം, പരസ്പര ധാരണ അങ്ങനെ. ഓരോ വ്യക്തിക്കും മികച്ചതായി തോന്നുന്നയാള്‍ ആരാണോ, അത് തന്നെയാണ് അവരുടെ മികച്ച ജീവിത പങ്കാളി. ഏറെക്കുറേ ഒരേ ചിന്താഗതിയുള്ളയാള്‍, മനസിലാക്കുന്നയാള്‍ എന്നൊക്കെയായിരിക്കും അതിന്റെ ചില മാനദണ്ഡങ്ങള്‍. 

ആ മികച്ച പങ്കാളിത്തത്തെ നല്ല രീതിയില്‍ ഉപയോഗിക്കുന്നതിലാണ് കാര്യം. അത്തരത്തില്‍ ദാമ്പത്യ ജീവിതത്തിന്റെ വൈകാരിക അടുപ്പം മികച്ച രീതിയില്‍ ഉപയോഗിച്ച ദമ്പതികളാണ് നിഖിലും ലെനയും. യൂട്യൂബറും കണ്ടന്റ് ക്രീയേറ്ററുമായ ഇരുവരും അവരുടെ വീഡിയോകളിലൂടെ അത് തെളിയിച്ചിട്ടുണ്ട്. വൈകാരിക അടുപ്പം കാരണം തന്നെ പ്രശസ്ത റിയാലിറ്റി ഷോയില്‍ ഈ ദമ്പതികള്‍ക്ക് വിജയം നേടാനും സാധിച്ചിട്ടുണ്ട്. അതുകൊണ്ടൊക്കെ തന്നെയാണ് തിരുവനന്തപുരം സ്വദേശികളായ നിഖിലിനും ലെനയ്ക്കും സോഷ്യല്‍ മീഡിയയുടെയും ബിസിനസ് രംഗത്തെയും വളര്‍ച്ച ഒരുപോലെ കൊണ്ടുപോകാന്‍ സാധിച്ചത്. പ്രശസ്ത യൂട്യൂബറും സംരംഭകരുമായ നിഖിലും ലെനയുമായി ദി ലോക്കല്‍ എക്കണോമി സബ് എഡിറ്റര്‍ അശ്വതി നുരിച്ചന്‍ നടത്തിയ അഭിമുഖം

ജീവിതത്തില്‍ നിന്ന് ചീന്തി എടുത്തത്

ദാമ്പത്യ ജീവിതം ആരംഭിച്ചതു മുതല്‍ മികച്ച പരസ്പര ധാരണ പുലര്‍ത്തിയിരുന്നവരാണ് നിഖിലും ലെനയും. നിഖില്‍ ഹോട്ടല്‍ മേഖലയിലും ലെന ഹോസ്പിറ്റാലിറ്റി മേഖലയിലുമാണ് ജോലി ചെയ്തിരുന്നത്. മുംബൈയില്‍ താമസിച്ചിരുന്ന ഇരുവരും കേക്ക് ഷോപ്പ് തുടങ്ങുന്നതിന്റെ ഭാഗമായാണ് സോഷ്യല്‍ മീഡിയയിലേക്ക് കാലെടുത്ത് വച്ചത്. സ്വന്തം ജീവിതവുമായി ബന്ധപ്പെട്ട രസകരമായ ആശയങ്ങളാണ് ഈ ദമ്പതികള്‍ വീഡിയോ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരുന്നത്. രണ്ടുപേരും ജീവിതത്തില്‍ നല്ല വൈബായിരുന്നത് കൊണ്ട് വീഡിയോയിലും അത് പ്രതിഫലിച്ചു.

കുഞ്ഞിപ്പുഴു എന്ന സിയാന

കുഞ്ഞിപ്പുഴു എന്നാണ് നിഖിലിന്റെയും ലെനയുടെയും യൂട്യൂബ് ചാനലിന്റെ പേര്. സീക്കുട്ടി എന്നു വിളിക്കുന്ന മകള്‍ സിയാനയെ ഇവര്‍ കുസൃതിയോടെ വിളിക്കുന്ന പേരാണ് കുഞ്ഞിപ്പുഴുവെന്നത്. അങ്ങനെയാണ് യൂട്യൂബ് ചാനലിന് ആ പേര് നല്‍കിയത്. നാലര വയസുകാരിയായ സിയാനയും ഒരു കൊച്ചു നടിയാണ്. അമ്മയുടെയും അച്ഛന്റെയും കൂടെ ചില വീഡിയോകളില്‍ മകളും അഭിനയിച്ചിട്ടുണ്ട്.

കുടുംബം മുഴുവന്‍ അഭിനേതാക്കള്‍

ഇവരുടെ വീഡിയോ കണ്ടാല്‍ പലര്‍ക്കും തോന്നുന്ന ഒരു കാര്യമാണ്- 'കുടുംബം മുഴുവന്‍ അഭിനേതാക്കളാണല്ലോ?' എന്നത്. അത് ഏറെക്കുറേ ശരിയാണ്. വര്‍ക്കലയിലെ നിഖിന്റെ ഫാമിലിയും വെഞ്ഞാറമൂടിലെ ലെനയുടെ ഫാമിലിയും ഇവരുടെ കൂടെ വീഡിയോകളില്‍ പ്രത്യക്ഷ്യപ്പെടാറുണ്ട്. തുടക്കത്തില്‍ തന്നെ വീട്ടുകാര്‍ നല്ല സപ്പോര്‍ട്ട് ആയിരുന്നുവെന്ന് നിഖിലും ലെനയും പറയുന്നു.  

കൂട്ടാളികളുടെ വരവോടെ തകര്‍ത്ത് വാരി

ഒന്നന്നര കട്ട ടീം തന്നെയാണ് കുഞ്ഞിപ്പുഴുവിന്റേത്. ടീം ഒരുമിച്ച് ചെയ്യുന്ന വീഡിയോകളൊക്കെ ലെക്കുകള്‍ തകര്‍ത്തു വാരുകയാണ്. ഇവരൊക്കെ ശരിക്കും ഇങ്ങനെ തന്നെയാണോ എന്നു പ്രേക്ഷകരെ ചിന്തിപ്പിക്കുന്നതാണ് ഈ അഭിനേതാക്കളുടെ വിജയം. മിക്ക വീഡിയോകളിലും നിഖിലിനും ലെനയ്ക്കുമൊപ്പം അഭിനയിക്കുന്നത് സെലക്‌സ്, അനു, രാഗുല്‍ എന്നിവരാണ്. കൂടാതെ അനസ്, ദേവിക, പ്രണവ് എന്നിവരും കൂടെ പ്രവര്‍ത്തിക്കുന്നുണ്ട്. 

'ഇമോഷണല്‍ കപ്പിള്‍ ടൈറ്റില്‍' നേടി തന്നത്

മലയാള ചാനലിലെ പ്രമുഖ റിയാലിറ്റി ഷോയില്‍ പങ്കെടുത്തത് ഞങ്ങള്‍ക്ക് ഒരു വഴിത്തിരിവായെന്ന് ഈ ദമ്പതികള്‍ പറയുന്നു. കപ്പിള്‍ റിയാലിറ്റി ഷോയില്‍ പങ്കെടുത്ത ഇവര്‍ ഇമോഷണല്‍ കപ്പിള്‍ എന്ന ടൈറ്റില്‍ കരസ്ഥമാക്കി. ഈ കപ്പിളിന്റെ പരസ്പര അടുപ്പവും പരസ്പര ധാരണയും കാരണമാകാം അത്തരമൊരു വിജയം നേടാന്‍ സാധിച്ചത്. തുടര്‍ന്ന് മറ്റ് യൂട്യൂബേര്‍സുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച ഇവര്‍ പ്രേക്ഷകരുടെ മനസിലേക്ക് ഇടിച്ചു കയറുന്ന പ്രകടനമാണ് കാഴ്ച വച്ചത്. 

'എത്ര തിരക്ക് ആണെങ്കിലും സമയം കണ്ടെത്തിയിരിക്കും'

നിലവില്‍ ഹോട്ടല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിഖിലും ബിസിനസിന്റെ കാര്യം നോക്കി നടത്തുന്ന ലെനയും വളരെയധികം തിരക്കുകള്‍ക്കിടയിലാണ് ജീവിക്കുന്നത്. വളരെയധികം ബുദ്ധിമുട്ടി സമയം കണ്ടെത്തിയാണ് ഇവര്‍ വീഡിയോകള്‍ നിര്‍മ്മിക്കുന്നത്. പക്ഷേ അതൊന്നും ഞങ്ങള്‍ക്ക് ഒരു പ്രശ്‌നമേ അല്ലെന്നും എത്ര തിരക്ക് ആണെങ്കിലും വീഡിയോ ചെയ്യാന്‍ സമയം കണ്ടെത്തിയിരിക്കുമെന്നും ഈ യൂട്യൂബേര്‍സ് ഉറച്ച സ്വരത്തില്‍ പറയുന്നു. 

സോഷ്യല്‍ മീഡിയയ്ക്ക് പുറത്ത്

യുട്യൂബ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങി അഞ്ചോളം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇവര്‍ ആക്ടീവായി പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ കുഞ്ഞിപ്പുഴു ടീമിന്റെ പേരില്‍ വെബ് സീരിസുകള്‍ നിര്‍മ്മിക്കുന്നുണ്ട്. മറ്റ് യൂട്യൂബേര്‍സിനോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും വീഡിയോകളും വെബ് സീരിസുകളും ചെയ്യുന്നുണ്ട്. ചില വെബ് സീരിസുകള്‍ നിഖില്‍ തന്നെയാണ് സംവിധാനം നിര്‍വഹിച്ചത്. ലെന ഇതിനകം ഒരു സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. കൂടാതെ സിനിമകളില്‍ നിന്നും ടെലിവിഷന്‍ സീരിയലുകളില്‍ നിന്നും ഇരുവര്‍ക്കും അവസരങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു.

യുട്യൂബിംഗ് രംഗം വലിയ രീതിയിലുള്ള വളര്‍ച്ചയാണ് കൈവരിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ യുട്യൂബര്‍മാറും വര്‍ധിച്ച് വരുന്നുണ്ട്. കഴിവുകള്‍ തെളിയിക്കാന്‍ സാധിക്കുന്ന ഒരിടം ലഭിച്ചതോടെ മികച്ച കലാകാരന്മാരെയും ലഭിച്ചു തുടങ്ങി. അതീവ മത്സരമുള്ള ഒരു മേഖലയായി അത് മാറിയിരിക്കുന്നു. വ്യത്യസ്തത നിലനിര്‍ത്താന്‍ സാധിക്കുന്നവര്‍ വളരുന്നു. എന്നാല്‍ ഒരിക്കല്‍ തളര്‍ന്നവര്‍ പോലും വീണ്ടും ശ്രമിച്ചു കൊണ്ടിരിക്കുന്നു എന്നത് ഈ മേഖലയുടെ പ്രധാന പ്രത്യേകതയാണ്. മികച്ച ആശയങ്ങളും തന്ത്രങ്ങളും ഉപയോഗിച്ചാല്‍ മാത്രമേ ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കുകയുള്ളൂ. എല്ലാരുടെയും ഉള്ളില്‍ വ്യത്യസ്തമായ കഴിവുകളുണ്ട്. അത് പുറത്തെടുത്താല്‍ ഭാവിയുടെ വാഗ്ദാനമായ സോഷ്യല്‍ മീഡിയില്‍ നിങ്ങള്‍ക്ക് ഒരിടം കിട്ടും. നിഖിലിനെയും ലെനയെയും പോലെ നിങ്ങള്‍ക്കും ഈ രംഗത്ത് കൈയ്യൊപ്പു ചാര്‍ത്താം.

Youtube 

Team kunjipuzhu: https://youtube.com/c/TeamKunjippuzhubyNikhilLena

Lena nikhil vlogs: https://youtube.com/channel/UCulYa7H6XjlV5KkvWQ3fMWg

Instagram 

Nikhil & lena: https://instagram.com/nikhil_lena?igshid=YmMyMTA2M2Y=

Lena:  https://instagram.com/lenanikhilofficial?igshid=YmMyMTA2M2Y=

Facebook 

Team kunjipuzhu: https://www.facebook.com/nikhillena/

Lena nikhil vlogs: https://www.facebook.com/lenanikhilvlogs

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.