Sections

ഒറ്റ കാര്യത്തില്‍ മാത്രമല്ല ഈ എഞ്ചിനീയര്‍ക്ക് പിടി; എന്നാല്‍ ശോഭിച്ചതോ ഒരിക്കലും ചിന്തിക്കാത്ത മേഖലയില്‍

Friday, May 20, 2022
Reported By Aswathi Nurichan
keerthi

സൗന്ദര്യത്തിന് മിക്കവരും ഇന്നത്തെ കാലത്ത് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. എന്നാല്‍ എന്താണീ സൗന്ദര്യം? വ്യക്തികളുടെ ശരീരത്തിലെ എല്ലാ അവയവങ്ങളും വൃത്തിയോടെയും ആരോഗ്യത്തോടെയും സൂക്ഷിക്കുന്നതാണ് സൗന്ദര്യം. ഇത് പറയുന്നത് മറ്റാരുമല്ല, മുഖത്തിന്റെയും മുടിയുടെയും തുടങ്ങിയ ആരോഗ്യ കാര്യങ്ങളെ കുറിച്ച് പറഞ്ഞു നല്‍കുന്ന കീര്‍ത്തിയാണ്

 

ജീവജാലങ്ങളുടെ നിലനില്‍പ്പിന് ഏറെ ആവശ്യമായൊന്നാണ് ആരോഗ്യം. അതിനാല്‍ എന്തൊക്കെ കാര്യത്തില്‍ റിസ്‌ക് എടുത്താലും ആരും ആരോഗ്യത്തില്‍ റിസ്‌ക് എടുക്കരുത്. ജീവന്റെ നിലനില്‍പ്പിനും രോഗങ്ങള്‍ തടയുന്നതിനുമായി ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. അതിപ്പോള്‍ ശരീരത്തിലെ എല്ലാകാര്യങ്ങളിലായാലും. ശരീരത്തിന്റെ അടി മുതല്‍ മുടി വരെയുള്ള കാര്യങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാവരും ശ്രദ്ധയും സമയവും കണ്ടെത്തിയേ മതിയാകൂ. ഭക്ഷണ കാര്യത്തിലും, മുടിയുടെ കാര്യത്തിലും, മുഖത്തിന്റെ കാര്യത്തിലും അങ്ങനെ നീണ്ടു പോകുന്ന ആ ലിസ്റ്റ്. 

സൗന്ദര്യത്തിന് മിക്കവരും ഇന്നത്തെ കാലത്ത് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. എന്നാല്‍ എന്താണീ സൗന്ദര്യം? വ്യക്തികളുടെ ശരീരത്തിലെ എല്ലാ അവയവങ്ങളും വൃത്തിയോടെയും ആരോഗ്യത്തോടെയും സൂക്ഷിക്കുന്നതാണ് സൗന്ദര്യം. ഇത് പറയുന്നത് മറ്റാരുമല്ല, മുഖത്തിന്റെയും മുടിയുടെയും തുടങ്ങിയ ആരോഗ്യ കാര്യങ്ങളെ കുറിച്ച് പറഞ്ഞു നല്‍കുന്ന കീര്‍ത്തിയാണ്. നമ്മുക്ക് അറിയാത്ത ആരോഗ്യവുമായി ബന്ധപ്പെട്ട പല കാര്യങ്ങള്‍ മനസിലാക്കാന്‍ മിക്കവരും ഇപ്പോള്‍ യൂട്യൂബ് ചാനല്‍ ഉപയോഗിക്കാറുണ്ട്. അത്തരത്തില്‍ വിവരങ്ങള്‍ മനസിലാക്കി കൊടുക്കുന്ന യൂട്യൂബറാണ് കീര്‍ത്തി. അതും കൃത്യമായ അറിവിന്റെയും പരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍. ശരീര ഭാഗങ്ങളുടെ ആരോഗ്യത്തെയും സൗന്ദര്യത്തെയും കുറിച്ച് കീര്‍ത്തിയില്‍ നിന്ന് തന്നെ നമുക്ക് മനസിലാക്കാം. keerthi's katalog എന്ന യൂട്യൂബ് ചാനലിലുടമയായ കീര്‍ത്തിയുമായി ദി ലോക്കല്‍ ഇക്കണോമി സബ് എഡിറ്റര്‍ അശ്വതി നുരിച്ചന്‍ നടത്തിയ അഭിമുഖം. 

ഒന്നില്‍ മാത്രമല്ല കീര്‍ത്തിക്ക് പിടി

ചെറുപ്രായത്തില്‍ തന്നെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവളാണ് കീര്‍ത്തി. ക്ലാസിക്കല്‍ മൂസിക്, ക്ലാസിക്കല്‍ ഡാന്‍സ് എന്നിവ വര്‍ഷങ്ങളോളം അഭ്യസിച്ചിട്ടുണ്ട് ഈ മിടുക്കി. കൂടാതെ ചിത്രകലയിലും സ്‌പോര്‍ട്‌സിലും ഒരു കൈ നോക്കിയിട്ടുമുണ്ട്. ഏതാണ് കൂടുതല്‍ ഇഷ്ടമുള്ള മേഖലയെന്ന് ചോദിച്ചാല്‍ കീര്‍ത്തി ആശയകുഴപ്പത്തിലാകും. വിവിധ മേഖലയില്‍ ഇടപെടല്‍ നടത്തിയ കീര്‍ത്തി എല്ലാത്തിനെയും കുറിച്ച് കൂടുതല്‍ പഠിക്കാനും മനസിലാക്കാനും ശ്രമിച്ചിരുന്നു. എന്നാല്‍ കീര്‍ത്തി ഇപ്പോള്‍ എത്തിനില്‍ക്കുന്നത് ഈ മേഖലയില്‍ ഒന്നുമല്ല. ആരോഗ്യത്തിനെയും സൗന്ദര്യത്തെയും കുറിച്ച് മറ്റുള്ളവര്‍ക്ക് മനസിലാക്കി കൊടുക്കുന്ന ഒരു യൂട്യൂബറാണ് കണ്ണൂര്‍ സ്വദേശിയായ കീര്‍ത്തിയിപ്പോള്‍.

എഞ്ചിനീയറായ യൂട്യൂബര്‍

വിവിധ കലാ മേഖലയില്‍ കൈ കടത്തിയെങ്കിലും പഠനത്തെ കൈവിടാതെ മുന്നോട്ട് കൊണ്ടുപോകാന്‍ കീര്‍ത്തി ശ്രമിച്ചിരുന്നു. അതിനാല്‍ എഞ്ചിനീയറിംഗ് ആണ് കീര്‍ത്തി കരിയറായി തിരഞ്ഞെടുത്തത്. മാതാപിതാക്കള്‍ ആഗ്രഹിച്ച രീതിയില്‍ ചേച്ചിയുടെ പാത പിന്തുടര്‍ന്ന് കീര്‍ത്തി എഞ്ചിനീയറിംഗ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. എന്നാല്‍ പഠനത്തിന് ശേഷമുണ്ടായ മറ്റ് പല കാരണങ്ങളും മൂലം കീര്‍ത്തിക്ക് ആ മേഖലയില്‍ ജോലി ചെയ്യാന്‍ സാധിച്ചില്ല. തുടര്‍ന്നാണ് മറ്റ് ഇഷ്ടങ്ങളെ കൂട്ടിപിടിച്ച് കീര്‍ത്തി എന്ന എഞ്ചിനീയര്‍ യൂട്യൂബറായി മാറിയത്. 

keerthi's katalog നു പിന്നില്‍

keerthi's katalog എന്ന പേര് ഞാന്‍ തന്നെയാണ് ഇട്ടതെന്ന കീര്‍ത്തി പറയുന്നു. ചാനല്‍ ആരംഭിക്കുന്ന സമയത്ത് സ്വയം ആലോചിച്ച് കണ്ടെത്തിയ ഒരു പേര് ഇടണമെന്ന് ആഗ്രഹിച്ചിരുന്നു. തുടര്‍ന്ന് കുറേയധികം പേരുകള്‍ തിരിഞ്ഞെടുത്തു. എന്നാല്‍ കീര്‍ത്തി എന്ന എന്റെ പേരിനോട് ചേര്‍ന്നു നില്‍ക്കുന്ന എന്തെങ്കിലും കൂടെ വേണമെന്ന് ഞാന്‍ ചിന്തിച്ചു. catalog എന്നാല്‍ ഒരു ലിസ്റ്റ് എന്നാണര്‍ത്ഥം. അങ്ങനെയാണ് keerthi യുടെ k യുമായി ചേര്‍ത്ത് keerthi's katalog എന്ന പേരിട്ടത്. 

സൗന്ദര്യത്തെ കുറിച്ചുള്ള മിഥ്യാധാരണ

യൂട്യൂബ് ചാനല്‍ തുടങ്ങിയ സമയത്ത് കുക്കിംഗ് വീഡിയോകള്‍ ആയിരുന്നു ഞാന്‍ കൂടുതലായും ചെയ്തിരുന്നത്. പിന്നീടാണ് ആരോഗ്യവും സൗന്ദര്യവുമായി ബന്ധപ്പെട്ട വീഡിയോകളിലേക്ക് കടന്നത്. ശരീരത്തിന്റെ ആരോഗ്യത്തിനേക്കാള്‍ സൗന്ദര്യത്തിന് പ്രധാന്യം നല്‍കുന്നവര്‍ ഇപ്പോള്‍ നിരവധിയുണ്ട്. അതിനാല്‍ അവയെ കുറിച്ച് കുറേയധികം തെറ്റായ ധാരണകളാണ് പലരും വച്ചു പുലര്‍ത്തുന്നത്. അതുകൊണ്ടൊക്കെ തന്നെയാണ് ഒരാഴ്ച കൊണ്ട് കുറേയധികം വണ്ണം കുറയ്ക്കാം, ഒറ്റ ദിവസം കൊണ്ട് വെളുക്കാം എന്നൊക്കെയുള്ള അറിവുകള്‍ തേടി ആളുകള്‍ പോകുന്നത്. എന്നാല്‍ ആരോഗ്യത്തിനാണ് ഓരോരുത്തരും പ്രാധാന്യം നല്‍കേണ്ടത്. സ്വന്തം ഇഷ്ടപ്രകാരം ഏത് രീതികള്‍ വേണമെങ്കിലും ആര്‍ക്കും പിന്തുടരാം. അതോടൊപ്പം ഇത്തരം തെറ്റായ ധാരണകള്‍ മാറ്റിവച്ച് ആരോഗ്യത്തോടെ അവയൊക്കെ ചെയ്യാന്‍ ശ്രദ്ധിക്കണം.

കഷ്ടപ്പെട്ടാലേ ഫലം കിട്ടുള്ളൂ

കഷ്ടപ്പെട്ടാല്‍ മാത്രമേ അതിന് അതിന്റേതായ രീതിയിലുള്ള ഫലം ലഭിക്കുകയുള്ളൂ എന്നതില്‍ ഒരു തര്‍ക്കവുമില്ല. എന്നാല്‍ പലരും അതിന് തയ്യാറാകുന്നില്ല. ആരോഗ്യത്തോടെയും വൃത്തിയോടെയും ശരീരം സൂക്ഷിക്കുകയാണ് വേണ്ടത്. എളുപ്പ മാര്‍ഗങ്ങള്‍ തേടി പോയി പണി വാങ്ങിക്കാതെ കൃത്യമായ രീതിയിലുള്ള കാര്യങ്ങള്‍ ചെയ്താല്‍ അതിന്റെ ഇരട്ടി പ്രതിഫലം നമ്മുക്ക് ലഭിക്കുന്നതാണ്. വണ്ണം കുറയ്ക്കുക പോലെയുള്ള കാര്യങ്ങളില്‍ ക്ഷമയും പരിശ്രമവും കൂടിയേ തീരൂ. ആദ്യം തന്നെ പരിശ്രമിക്കുന്നതിനുള്ള മനസ് ഉണ്ടാക്കിയെടുക്കണം. കൂടാതെ കൂടുതല്‍ പഠനങ്ങള്‍ നടത്തിയതിന് ശേഷം മാത്രമേ ഇത്തരം തീരുമാനങ്ങളുമായി മുന്നോട്ട പോകാന്‍ പാടുള്ളൂ. എന്റെ ചാനലില്‍ എളുപ്പ മാര്‍ഗത്തിലൂടെ നേടാന്‍ സാധിക്കുന്ന ഒന്നിനെ കുറിച്ചും ഞാന്‍ പറയാറില്ല. കൃത്യമായ പഠനങ്ങളുടെയും പരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ പറയുന്നതിനാല്‍ ഞാന്‍ പറയുന്ന വിവരങ്ങള്‍ പ്രേക്ഷകര്‍ക്ക് ഗുണം നല്‍കും എന്നെനിക്ക് വിശ്വാസമുണ്ട്.

സാധാരണക്കാര്‍ എന്ന ഭൂരിപക്ഷം

ഇപ്പോഴത്തെ കാലത്ത് യുട്യൂബ് ഉപയോഗിക്കുന്നത് ഒരു പ്രത്യേക പ്രായത്തിലോ വിഭാഗത്തിലോ ഉള്ള ആളുകളല്ല. എല്ലാത്തരം ആളുകളും യുട്യൂബ് ചാനല്‍ വീക്ഷിക്കുന്നവരാണ്. അതിനാല്‍ തന്നെ എല്ലാതരം ആളുകള്‍ക്കും ആവശ്യമായ രീതിയിലുള്ള വീഡിയോകള്‍ ചെയ്യാന്‍ ഞാന്‍ പരമാവധി ശ്രമിക്കാറുണ്ട്. എന്നാല്‍ എന്തൊക്കെ പറഞ്ഞാലും സാധാരണക്കാര്‍ തന്നെയായിരിക്കും ഭൂരിപക്ഷം യുട്യൂബ് പ്രേക്ഷകരും. അതിനാല്‍ സാധാരക്കാര്‍ക്ക് താങ്ങാന്‍ സാധിക്കുന്ന രീതിയിലുള്ള ബ്യൂട്ടി പ്രൊഡക്ട്, വസ്ത്രങ്ങള്‍ തുടങ്ങിയവയൊക്കെ ചാനലില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാറുണ്ട്.

പങ്കുവയ്ക്കുന്ന പങ്കാളി

എന്റെ എല്ലാ തിരക്കിനിടയിലും യുട്യൂബ് ചാനല്‍ നല്ല രീതിയില്‍ തന്നെ മുന്നോട്ട് കൊണ്ടു പോകാനുള്ള എല്ലാ വഴിയും ഞാന്‍ സ്വീകരിക്കാറുണ്ട്്. അതിന് എന്നെ എല്ലാ രീതിയിലും സപ്പോര്‍ട്ട് ചെയ്യുന്നത് ഭര്‍ത്താവ് പ്രതീര്‍ത്ത് ആണ്. നിലവില്‍ കൊച്ചിയില്‍ താമസിക്കുന്ന ഞങ്ങള്‍ക്ക് നാല് മാസം പ്രായമുള്ള ഒരു മകനുണ്ട്. ലക്ഷ് എന്നാണ് കുഞ്ഞിന്റെ പേര്. മറ്റു തിരക്കുകള്‍ക്കിടയിലും ഗര്‍ഭിണി ആയിരുന്നപ്പോഴും പ്രസവത്തിന് ശേഷവും യുട്യൂബ് ചാനല്‍ ഞാന്‍ മികച്ച രീതിയില്‍ കൊണ്ടുപോയിരുന്നു. എന്നെ വിശ്വസിക്കുന്ന എന്റെ പ്രേക്ഷകരുടെ സ്‌നേഹമാണ് എന്നെ അങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ചത്. 

നമ്മള്‍ വിചാരിച്ചാല്‍ നടക്കാത്തതായി ഒന്നുമില്ല. എന്നാല്‍ സ്വയം വിചാരിക്കണം. വിചാരിച്ചാല്‍ മാത്രം പോരാ പ്രയത്‌നിക്കണം. മിക്ക മേഖലയില്‍ കഴിവ് തെളിയിച്ച കീര്‍ത്തി പഠിച്ചത് എഞ്ചിനീയറിംഗാണ്. എന്നാല്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്നതോ യൂട്യൂബിംഗ് മേഖലയില്‍. സ്വന്തം ഇഷ്ടപ്രകാരം ആരംഭിച്ച മേഖലയില്‍ വിജയിച്ചു മുന്നേറുകയാണ് ഈ യൂട്യൂബര്‍. ജോലിയുടെയും വിവാഹത്തിന്റെയും മകന്റെയും തുടങ്ങി എല്ലാ തിരക്കുകള്‍ക്കിടയിലും യൂട്യൂബ് ചാനലിന്റെ വളര്‍ച്ചയ്ക്ക ഒരു കോട്ടവും തട്ടാതിരിക്കാനുള്ള എല്ലാ രീതിയിലുള്ള ശ്രമം കീര്‍ത്തിയുടെ ഭാഗത്തു നിന്ന് ഉണ്ടായി. പ്രതിസന്ധികള്‍ വരും പോകും, എന്നാല്‍ മുന്നേറണമെന്ന് തീരുമാനിച്ചാല്‍ അത് നടക്കുക തന്നെ ചെയ്യും. ഇത് കീര്‍ത്തി എന്ന യൂട്യൂബറുടെ, ഭാര്യയുടെ, അമ്മയുടെ ദൃഢനിശ്ചയത്തിന്റെ വിജയമാണ്. 

youtube channel: https://youtube.com/c/KeerthisKatalog
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.