Sections

ഇന്ത്യക്കാരുടെ നെഞ്ചില്‍ ഒട്ടിപ്പോയ ബ്രാന്‍ഡ്; ഫെവിക്കോള്‍ എന്ന സൂപ്പര്‍മാന്റെ കഥ

Saturday, Mar 05, 2022
Reported By admin
fevicol

1970 കളില്‍ റീട്ടെയ്ല്‍ ഉപഭോക്താക്കള്‍ക്കായി ഫെവിക്കോളിന്റെ ചെറിയ ട്യൂബുകളും കമ്പനി പുറത്തിറക്കി. 1973 ല്‍ വയലറ്റ് പിഗ്മെന്റ് നിര്‍മാണം ആരംഭിച്ച ആദ്യ ഇന്ത്യന്‍ കമ്പനിയും പിഡിലൈറ്റാണ്.

 

മലയാളിക്ക് അല്ല ഇന്ത്യക്കാര്‍ക്ക് പശ എന്നാല്‍ അത് ഫെവിക്കോളാണ്.അതിനപ്പുറത്തേക്ക് മറ്റൊരു പശയോ പോരോ ബ്രാന്‍ഡോ ഉണ്ടോ എന്ന് പോലും അറിയില്ല.62 വര്‍ഷമായി ഒട്ടും ഇളകാത്ത വിശ്വാസമാണ് ഇന്ത്യക്കാര്‍ക്ക് ഫെവിക്കോളിലുള്ളത്. അതിപ്രശസ്തമായ ആ പരസ്യത്തില്‍ പറയുംപോലെ ആന പിടിച്ചാലും ഇളകാത്ത വിശ്വാസം. നിയമം പഠിച്ച, ഒരു മരക്കമ്പനിയില്‍ പ്യൂണായി ജോലി നോക്കിയ ബല്‍വന്ത്റായ് കല്യാണ്‍ജി പരേഖ് എന്ന ഗുജറാത്തുകാരന്‍ 1959 ല്‍ പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ് സ്ഥാപിക്കുമ്പോള്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല ഇത്രവലിയൊരു ബ്രാന്‍ഡായി ഇത് മാറുമെന്ന്.

ഇന്ന് 1.4 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള, 71 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ഒരു ബ്രാന്‍ഡാണ് ഫെവിക്കോള്‍.സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തലമുറ സംരംഭകരിലൊരാളായ പരേഖ്, കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമാണ്. എക്കാലവും ഇന്ത്യയിലെ സംരംഭകര്‍ക്ക് പ്രേരണയും. 2012 ലെ ഫോബ്സ് പട്ടിക പ്രകാരം ഇന്ത്യയിലെ 45 ാമത്തെ ധനവാനായ വ്യക്തിയായിരുന്നു പരേഖ്. 2013ല്‍  തന്റെ 88 ാം വയസില്‍ അദ്ദേഹം മരണപ്പെട്ടു. 

ഗുജറാത്തിലെ ഭാവ്നഗര്‍ ജില്ലയിലെ ചെറിയൊരു പട്ടണമായ മഹുവയിലാണ് 1924 ല്‍ ബല്‍വന്ത് പരേഖ് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ബോംബെയില്‍ പോയി നിയമം പഠിച്ചു. എന്നാല്‍ അക്കാലത്ത് നടന്ന ക്വിറ്റ് ഇന്ത്യ സമരം പരേഖിനെയും ആകര്‍ഷിച്ചു.സ്വദേശാഭിമാനികളായ അനേകശതം ചെറുപ്പക്കാരെപ്പോലെ പഠനം പാതിവഴിയില്‍ വിട്ട് ബല്‍വന്തും ക്വിറ്റ് ഇന്ത്യ സമരത്തില്‍ അണിചേര്‍ന്നു.സമരം അവസാനിച്ച ശേഷമാണ് ബോംബെയില്‍ തിരികെയെത്തി നിയമ ബിരുദം പൂര്‍ത്തിയാക്കിയത്. പഠനം ഒരുവിധത്തില്‍ പൂര്‍ത്തിയായെങ്കിലും വക്കീലായി തൊഴിലെടുക്കാനുള്ള മാനികാവസ്ഥ തനിക്കില്ലെന്ന ഉറച്ച് വിശ്വസിച്ച പരേഖ് പിന്നീട് ഒരു പ്രിന്റിംഗ് പ്രസില്‍ കുറെക്കാലം ജോലി ചെയ്തു. അതിനുശേഷം ഒരു മരക്കച്ചവടക്കാരന്റെ സ്ഥാപനത്തില്‍ പ്യൂണായി. ഭാര്യ കാന്ത ബെന്നിനൊപ്പം ഒരു സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള വെയര്‍ഹൗസിലാണ് പരേഖ് ഇക്കാലത്ത് ബോംബെ നഗരത്തില്‍ ജീവിച്ചത്.

എങ്ങനെയും സ്വന്തമായി ഒരു സംരംഭം ആരംഭിക്കുന്നതിനെ പേരഖ് കാര്യമായി തന്നെ ആലോചിക്കാന്‍ തുടങ്ങി.ഒരു നിക്ഷേപകന്‍ നല്‍കിയ ഫണ്ടുപയോഗിച്ച് സൈക്കിള്‍, പാക്ക്, പേപ്പര്‍ ഡൈ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ പാശ്വാത്യ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ബിസിനസ് ആരംഭിച്ചു കൊണ്ട് പരേഖ് തന്റെ ബിസിനസിലേക്കുള്ള ആദ്യ ചുവടുവെയ്പ്പ് നടത്തി.1954ല്‍ മുംബൈയിലെ ജേക്കബ് സര്‍ക്കിളില്‍ പരേഖ് ഡൈകെം ഇന്‍ഡസ്ട്രീസ് ആരംഭിച്ചു.ടെക്സ്‌റ്റൈല്‍ പ്രിന്റിംഗിനാവശ്യമായ പിഗ്മെന്റ് എമല്‍ഷനായിരുന്നു ഉല്‍പ്പന്നം. ഇളയ സഹോദരന്‍ സുശീലും ഒപ്പമുണ്ടായിരുന്നു. 

ഇതിനിടെ നടത്തിയ ജര്‍മനി യാത്രക്കിടെ ബിസിനസ് തന്ത്രങ്ങളെപ്പറ്റി കൂടുതല്‍ മനസിലാക്കി. ഫെഡ്കോ മോവിക്കോള്‍ എന്ന പേരില്‍ വെളുത്ത പശ നിര്‍മിക്കുന്ന ഒരു ജര്‍മന്‍ കമ്പനി അദ്ദേഹം പരിചയപ്പെട്ടത് ഇക്കാലത്താണ്. ഇന്ത്യയില്‍ ഇത്തരമൊരു ഉല്‍പ്പന്നം നിര്‍മിക്കുന്നതിന്റെ സാധ്യതകള്‍ പരേഖ് കൂടുതല്‍ പഠിച്ചു.

മൃഗക്കൊഴുപ്പില്‍ നിന്ന് നിര്‍മിക്കുന്ന പശകളാണ് ഇന്ത്യയിലെ അക്കാലത്ത വിപണികളിലുണ്ടായിരുന്നത്.പാശ്ചാത്യരാജ്യങ്ങളിലുള്ളത് പോലെ സിന്തറ്റിക് പശയെ കുറിച്ച് ഇവിടുത്തുകാര്‍ക്ക് അറിവുണ്ടായിരുന്നില്ല.പശകള്‍ക്ക് അക്കാലം വരെ ബ്രാന്‍ഡുകളൊന്നുമുണ്ടായിരുന്നില്ല. 1959 ലാണ് വ്യാവസായിക രാസവസ്തു കമ്പനിയായി പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ് സ്ഥാപിക്കപ്പെട്ടത്. തടിപ്പണിക്കാര്‍ക്ക് സഹായകരമാവുന്ന പശ, ഫെവിക്കോള്‍ എന്ന പേരിലാണ് പരേഖ് പുറത്തിറക്കിയത്. ഫെഡ്ക്കോ മോവിക്കോള്‍ എന്ന ജര്‍മന്‍ പേരില്‍ നിന്നാണ് പരേഖ് ഫെവിക്കോള്‍ എന്ന പേര് കണ്ടെത്തിയത്.ഫെവിക്കോള്‍ എന്ന പശ ഏതായാലും നാട്ടില്‍ തരംഗമായി മാറി. അധികം വൈകാതെ പശയുടെ ലോകവിപണിയായി ഇന്ത്യ മാറി.ഫെവിക്കോള്‍ നേടിയെടുക്കുന്നതിന് ഇന്ത്യന്‍ വിപണി സാക്ഷിയായി. 

1970 കളില്‍ റീട്ടെയ്ല്‍ ഉപഭോക്താക്കള്‍ക്കായി ഫെവിക്കോളിന്റെ ചെറിയ ട്യൂബുകളും കമ്പനി പുറത്തിറക്കി. 1973 ല്‍ വയലറ്റ് പിഗ്മെന്റ് നിര്‍മാണം ആരംഭിച്ച ആദ്യ ഇന്ത്യന്‍ കമ്പനിയും പിഡിലൈറ്റാണ്.ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരത്തില്‍ പിഡിലൈറ്റ് എക്കാലവും ശ്രദ്ധ പതിപ്പിച്ചു. 1984 ല്‍ കമ്പനിയുടെ കണ്‍സ്യൂമര്‍ പ്രൊഡക്റ്റ് ഡിവിഷന്‍ ആരംഭിച്ചു. എല്ലാവരെയും ആകര്‍ഷിക്കുന്ന പരസ്യ കാംപെയ്നുകളും ഈ വിജയയാത്രയുടെ അവിഭാജ്യ ഘടകമായി. തൊണ്ണൂറുകള്‍ മുതല്‍ തുടര്‍ച്ചയായി ഇറങ്ങിയ, ഗ്രാമീണരും കുടുംബങ്ങളും ആനയും കോഴിയുമെല്ലാം കഥാപാത്രങ്ങളായ ഫെവിക്കോള്‍ ടെലിവിഷന്‍ പരസ്യങ്ങള്‍ ആളുകളെ പൊട്ടിച്ചിരിപ്പിച്ചതിനൊപ്പം ഉല്‍പ്പന്നത്തിന്റെ ഉപഭോക്താക്കളുമാക്കി. ഇന്ത്യന്‍ ടെലിവിഷനിലെ തന്നെ ഏറ്റവും രസകരമായ പരസ്യങ്ങള്‍ ഇന്നും ഫെവിക്കോളിന്റേതാണ്.

ഇന്ന് 200 ല്‍ ഏറെ ഉല്‍പ്പന്നങ്ങള്‍ പിഡിലൈറ്റിനുണ്ട്. ഫെവിക്വിക്ക്, എംസീല്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് 70% ലേറെയാണ് വിപണി സാന്നിധ്യം. ഡോ. ഫിക്സിറ്റ്, ഫെവിസ്റ്റിക്, ഹോബി ഐഡിയാസ് തുടങ്ങി ആ സാമ്രാജ്യം നീണ്ടു വളരുന്നു. 71 രാജ്യങ്ങളിലേക്ക് കയറ്റുമതിയും ചെയ്യുന്നുണ്ട്. 2006 മുതലാണ് അന്താരാഷ്ട്ര വിപണിയിലേക്ക് കൂടുതല്‍ ശ്രദ്ധിക്കാനാരംഭിച്ചത്.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.