Sections

ശുചിത്വ കേരളം: മാലിന്യസംസ്‌ക്കരണത്തിൽ പുതുപ്രതീക്ഷ നൽകി  ഗ്ലോബൽ എക്‌സ്‌പോയ്ക്ക് സമാപനം

Tuesday, Feb 07, 2023
Reported By Admin
Clean Kerala

മൂന്നു ദിവസത്തിനിടെ പങ്കെടുത്തത് 20,000 പേർ


മാലിന്യവിമുക്ത സംസ്ഥാനമെന്ന പദവിയിലേക്ക് ചുവടുവച്ച് മറ്റ് സംസ്ഥാനങ്ങൾക്കും ലോകത്തിനും മാതൃകയാകുവാൻ ഒരുങ്ങുന്ന കേരളത്തിന് മാലിന്യസംസ്ക്കരണത്തിൽ പുതുപ്രതീക്ഷ നൽകി ഗ്ലോബൽ എക്സ്പോയ്ക്ക് സമാപനമായി. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിൽ നിന്നും ജനപ്രതിനിധികൾ ഉൾപ്പെടെ 20,000 പേരാണ് മൂന്നു ദിവസത്തെ എക്സ്പോയിൽ പങ്കെടുത്തത്.

ഖര-ദ്രവ മാലിന്യ സംസ്ക്കരണത്തിന് പ്രാധാന്യം നൽകി വിദേശ വിദഗ്ധരെ കൂടി പങ്കെടുപ്പിച്ച് വിപുലമായി നടത്തിയ ആദ്യ എക്സ്പോയാണ് കൊച്ചിയിൽ വിജയകരമായി സംഘടിപ്പിച്ചത്. മാലിന്യ സംസ്ക്കരണ രംഗത്ത് ആവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തി കേരളത്തെ സമ്പൂർണ്ണ മാലിന്യവിമുക്ത സംസ്ഥാനമായി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിയാണ് തദ്ദേശസ്വയംഭരണ വകുപ്പിനായി ശുചിത്വ മിഷൻ പരിപാടി സംഘടിപ്പിച്ചത്.

105 എക്സിബിഷൻ സ്റ്റാളുകളിലായി മാലിന്യ സംസ്ക്കരണത്തിലെ മികച്ച മാതൃകകളും പ്രദർശിപ്പിച്ചിരുന്നു. 22 സെഷനുകളിലായി മൂന്നു ദിവസത്തിനിടെ 150 വിദഗ്ധർ പങ്കെടുത്തു. ഗ്ലോബൽ എക്സ്പോയുടെ തുടർച്ചയെന്ന നിലയിൽ രണ്ടാം ഘട്ടമായി കർമ്മപദ്ധതി രൂപികരിക്കും.

സമാപന സമ്മേളനം മേയർ അഡ്വ. എം.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ എക്സ്പോയുടെ തുടർച്ചയായി കൊച്ചി നഗരത്തിലും എറണാകുളം ജില്ലയിലും മാലിന്യസംസ്ക്കരണത്തിൽ മാതൃകപരമായ പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് മേയർ പറഞ്ഞു. വ്യവസായ നഗരമെന്ന നിലയിൽ കൊച്ചിക്ക് ഏറെ പ്രാധാന്യമുണ്ട്. ലോകത്തിന് മുന്നിൽ കൊച്ചിയാണ് കേരളത്തിന്റെ കണ്ണാടി. മാലിന്യസംസ്ക്കരണത്തിൽ മികച്ച മാതൃക സൃഷ്ടിക്കാൻ കഴിഞ്ഞാൽ കൊച്ചിയുടെ വികസനത്തിനും കേരളത്തിന്റെ പ്രതിച്ഛായ വർധിപ്പിക്കുന്നതിനും കഴിയുമെന്നും മേയർ പറഞ്ഞു.

ഗ്ലോബൽ എക്സ്പോയുടെ പ്രചാരണത്തിനായി കൊച്ചിയിൽ സ്ഥാപിച്ച ഫ്ളക്സ് ബോർഡുകൾ റീസൈക്കിൾ ചെയ്തുകൊണ്ടാണ് എക്പോ സമാപിച്ചത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി പ്രൊഫ.കെ.വി തോമസ് മുഖ്യാതിഥിയായി. യു.വി ജോസ്, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ വി.എ ശ്രീജിത്ത്, പി.ആർ റെനീഷ്, ടി.കെ അഷ്റഫ്, ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ കെ.ടി.ബാലഭാസ്കരൻ, ശുചിത്വ മിഷൻ ഡയറക്ടർ വനജ കുമാരി തുടങ്ങിയവർ പങ്കെടുത്തു.

ഗ്ലോബൽ എക്സ്പോയിൽ വാളന്റീയർമാരായി പങ്കെടുത്ത വിദ്യാർഥിനികളെ ചടങ്ങിൽ ആദരിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.