Sections

ഹൃദയാഘാതത്തിന് ഒരു മാസം മുൻപ് ശരീരം കാണിച്ച് തുടങ്ങുന്ന ലക്ഷണങ്ങൾ

Saturday, Dec 02, 2023
Reported By Soumya
Heart Attack

കൊറോണറി ഹാർട്ട് ഡിസീസ് അഥവാ കൊറോണറി ആർട്ടറി ഡിസീസ് എന്ന അവസ്ഥയാണ് ഹാർട്ട് അറ്റാക്ക് എന്ന് പറയുന്നത്. ഹൃദയപേശികളിൽ രക്തമെത്തിക്കുന്ന കൊറോണറി ധമനികളിൽ തടസ്സമുണ്ടാകുന്നതിനാലാണ് ഇതു സംഭവിക്കുന്നത്. ഒരു കാലത്ത് ഹൃദ്രോഗങ്ങൾ ഒരു വാർദ്ധക്യ സഹജമായി മാത്രം കണ്ടുവരുന്ന ഒരു രോഗമായി കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ ഇന്നത്തെ അവസ്ഥ അങ്ങനെയല്ല. ജീവിതശൈലികളിൽ വന്ന മാറ്റം ഇതിനൊരു കാരണമാണെന്ന് പറയാം. വ്യായാമമില്ലായ്മയും ഇരുന്നു കൊണ്ടുള്ള ജോലികളും ഒക്കെ നമ്മെ ഹൃദ്രോഗത്തിലേക്കു നയിക്കുന്ന ഒന്നാണ്. ഇന്ത്യയിലെ ഹൃദ്രോഗ നിരക്ക് പാശ്ചാത്യ രാജ്യങ്ങളുടേതുമായി താരതമ്യം ചെയ്യുമ്പോൾ ഇരട്ടിയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ നാമെല്ലാവരും നിത്യജീവിതത്തിൽ വളരെയധികം ശ്രദ്ധ പുലർത്തേണ്ടത് അത്യാവശ്യമാണ്. പെട്ടെന്നെത്തി ജീവൻ കവരുന്ന രോഗങ്ങളിൽ പ്രധാനപ്പെട്ടതാണ് ഹൃദയാഘാതം അഥവാ ഹാർട്ട് അറ്റാക്ക്. പലപ്പോഴും ഇതിന് ഒരു മാസം മുൻപു തന്നെ ശരീരം പല ലക്ഷണങ്ങളും കാണിച്ചു തരും. ഹാർട്ട് അറ്റാക്കിന്റെ ഒരു മാസം മുൻപു തന്നെ ചില ലക്ഷണങ്ങൾ ശരീരം കാണിച്ചു തരുന്നു. ഇതെക്കുറിച്ചറിയൂ.

  • ശ്വസിയ്ക്കാനുള്ള ബുദ്ധിമുട്ടാണ് ഹൃദയാഘാതത്തിനുള്ള പ്രാരംഭലക്ഷണങ്ങളിലൊന്ന്. ഇതോടൊപ്പം തലചുറ്റൽ പോലെ തോന്നുന്നുവെങ്കിലും ശ്രദ്ധിയ്ക്കുക.
  • നെഞ്ചുവേദന പല കാരണങ്ങളാലുണ്ടാകാം. എന്നാൽ മാറെല്ലിനു താഴെയായി വലതു വശത്തുണ്ടാകുന്ന വേദന, അല്ലെങ്കിൽ നെഞ്ചിന് നടുഭാഗത്തിനു തൊട്ടിടതായി ഉണ്ടാകുന്ന വേദന ഹൃദയാഘാതത്തിന്റെ ഒരു ലക്ഷണമാണ്.
  • ഹൃദയമിടിപ്പു വല്ലാതെ വർദ്ധിയ്ക്കുന്നതിനോടൊപ്പം തലചുറ്റൽ, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, വല്ലാത്ത ക്ഷീണം എന്നിവയനുഭവപ്പെടുന്നുവെങ്കിൽ ഹൃദയാഘാതമടുത്തെത്തിയെന്നതിന്റെ ലക്ഷണമാണ്. ഇത് പെട്ടെന്നുള്ള അറ്റാക്ക് ലക്ഷണമാകാം, അല്ലെങ്കിൽ അരെത്തിമിയ എന്ന അവസ്ഥയും ഹൃദയാഘാതം വരുന്നതുമായിരിയ്കും. ഹൃദയതാളം കൃത്യമല്ലാത്ത അവസ്ഥയാണ് അരെത്തിമിയ എന്നറിയപ്പെടുന്നത്.
  • മറ്റു കാരണങ്ങളില്ലാതെ വരുന്ന ക്ഷീണവും തളർച്ചയുമെല്ലാം ഹൃദയാഘാതത്തിന്റെ മുൻകൂട്ടിയുള്ള ലക്ഷണങ്ങൾ കൂടിയാകാം. ഇതോടൊപ്പം മുൻപറഞ്ഞ ലക്ഷണങ്ങൾ കൂടിയുണ്ടെങ്കിൽ.
  • ചുമ ഹൃദയാഘാത ലക്ഷണമല്ലെങ്കിലും നിർത്താതെയുള്ള ചുമ, പ്രത്യേകിച്ചു വെളുത്തതോ പിങ്കോ ആയ നിറത്തിലെ കഫത്തോടെയുള്ളതാണെങ്കിൽ ഇത് ഹാർട്ട് അറ്റാക്ക് ലക്ഷണവുമാകാം. ശരീരത്തിന്റെ ആവശ്യങ്ങളോടു പ്രതികരിയ്ക്കാൻ ഹൃദയത്തിനു കഴിയാതെ വരുന്നു. ഇത് രക്തം ലംഗ്സിലേയ്ക്കു തന്നെ തിരിച്ചുപോകാൻ ഇട വരുത്തുന്നു. ഇതാണ് ചുമയ്ക്കു കാരണം.
  • പ്രായമായവരിൽ പ്രമേഹ രോഗകളിൽ അല്ലെങ്കിൽ സ്ത്രീകളിൽ നെഞ്ചുവേദനതന്നെ ഹൃദയാഘാതത്തിന്റെ ലക്ഷണമായിട്ടു വരണമെന്നില്ല. ഇവരിൽ ശ്വാസം മുട്ടലോ തളർച്ചയോ ക്ഷീണമോഒക്കെയായി വരാം. ചിലർക്ക് ഇടതു കയ്യിൽ മാത്രം വേദനയായിട്ടുവരാൻ സാധ്യതയുണ്ട്. തൊണ്ടയിൽ എന്തോ കെട്ടിനിൽക്കുന്നതുപോലെ തോന്നാം. ചിലർക്ക് പുറം വേദനയായും അനുഭവപ്പെടാറുണ്ട്.
  • തൊണ്ട അല്ലെങ്കിൽ താടിയെല്ല് ഇവ രണ്ടും ഒരു വിധത്തിലും ഹൃദയവുമായി ബന്ധപ്പെട്ട ഭാഗങ്ങൾ അല്ല. പേശി സംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങൾ, ജലദോഷം എന്നിവയൊക്കെ ഉണ്ടാവുമ്പോഴാണ് ഇവടെ വേദനയും അസ്വസ്ഥതകളും ഒക്കെ ഉണ്ടാകുന്നത് .
  • എന്നാൽ നിങ്ങളുടെ നെഞ്ചിന്റെ മധ്യഭാഗത്ത് നിന്ന് തൊണ്ടയിലേക്കോ താടിയെല്ലിലേക്കോ പടരുന്ന വിധത്തിൽ വേദനയോ സമ്മർദ്ദമോ അനുഭവപ്പെട്ടാൽ അത് ഒരു പക്ഷേ ഹൃദയാഘാതത്തിന്റെ ലക്ഷണമാകാം.
  • നിങ്ങൾ ഉറങ്ങുമ്പോൾ കൂർക്കം വലിക്കുന്നത് സാധാരണമാണ്. എന്നാൽ അസാധാരണമാം വിധം ഉച്ചത്തിലുള്ള കൂർക്കംവലി - അതായത് വീർപ്പുമുട്ടും ശ്വാസതടസവും ഉള്ള പോലെയുള്ള കൂർക്കം വലി ഉണ്ടെന്ന് തിരിച്ചറിഞ്ഞാൽ വേണ്ട ചികിത്സ തേടി പോകേണ്ടത് അത്യാവശ്യമാണ്. ഇത് നിങ്ങളുടെ ഹൃദയത്തിൽ അധിക സമ്മർദ്ദം ചെലുത്തുന്നു. ഉറക്കത്തിലുള്ള ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത ഇത് ഉയർത്തുന്നു വെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

ചില സാഹചര്യങ്ങളിൽ ക്യാൻസറിനേക്കാൾ മോശമായ അവസ്ഥ വരെ ഹൃദയസ്തംഭനത്തിനുണ്ടാകാറുണ്ട് . അതുകൊണ്ട് തന്നെ ഉടനടി രോഗികൾക്ക് ചികിത്സ ഉറപ്പാക്കേണ്ടതും ഡോക്ടറുടെ നിർദ്ദേശങ്ങൾ പാലിക്കേണ്ടതുംവളരെ പ്രധാനമാണ്.



ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.