Sections

വേനൽക്കാലത്തെ അഗ്‌നിബാധ; മുൻകരുതൽ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

Tuesday, Mar 14, 2023
Reported By admin
summer

ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ കിടക്കയിൽ സൂക്ഷിക്കാതിരിക്കുക


വേനൽക്കാലത്ത് അഗ്നിബാധ തടയുന്നതിനായി അഗ്നിരക്ഷാ വകുപ്പ് പൊതുജനങ്ങൾക്ക് മുൻകരുതൽ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. അഗ്നിബാധ ഉണ്ടായാൽ നിയന്ത്രണതീതമാകുന്നതിനുമുമ്പുതന്നെ 101 എന്ന സൗജന്യ നമ്പറിൽ അഗ്നി രക്ഷാ വകുപ്പിനെ വിവരമറിയിക്കണം. പൊതുസ്ഥലങ്ങളിൽ മാലിന്യം കത്തിക്കുന്നതും പുകവലിക്കുന്നതും കത്തിച്ച തീക്കൊള്ളി അലക്ഷ്യമായി വലിച്ചെറിയുന്നതും ഒഴിവാക്കണം. മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങളിൽ പൊട്ടിത്തെറിക്കുന്നതോ ആളിക്കത്തുന്നതോ ആയ ദ്രാവകങ്ങൾ അടങ്ങിയ കുപ്പികളോ സമാനമായ മറ്റു വസ്തുക്കളോ ഇടരുത്.

കെട്ടിടത്തിലെ സ്ഥിരം അഗ്നിശമന സംവിധാനങ്ങൾ പ്രവർത്തനക്ഷമമായി സൂക്ഷിക്കണം. ഫയർ വാട്ടർ ടാങ്കിൽ വെള്ളം നിറച്ചിട്ടുണ്ടെന്നും വാൽവ് തുറന്നിട്ടുണ്ടെന്നും ഉറപ്പുവരുത്തണം. വൈദ്യുത ഉപകരണങ്ങൾ ഉപയോഗശേഷം ഓഫ് ചെയ്ത് പവർ കോഡ് പ്ലഗ് നിന്നും ഊരി സൂക്ഷിക്കുക, ഇലക്ട്രിക്കൽ വയറിങ് പരിശോധിച്ച് സർക്യൂട്ട് ബ്രേക്കറുകൾ ശരിയായ പ്രവർത്തനം ഉറപ്പാക്കുക, വൈദ്യുത പാനലുകളും സ്വിച്ച് ബോർഡുകൾക്കും സമീപം കത്താൻ പര്യാപ്തമായ വസ്തുക്കൾ സൂക്ഷിക്കാതിരിക്കുക, ഫോണും മറ്റും കിടക്കയിൽ വച്ച് ചാർജ് ചെയ്യാതിരിക്കുക, ഉറങ്ങുമ്പോൾ മൊബൈൽ ഫോൺ, റിമോട്ട് കൺട്രോൾ തുടങ്ങി ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ കിടക്കയിൽ സൂക്ഷിക്കാതിരിക്കുക, എൽപിജി സിലിണ്ടറുകളുടെ റെഗുലേറ്റർ ആവശ്യം കഴിഞ്ഞാൽ ഓഫാക്കി വയ്ക്കുക എന്നീ കാര്യങ്ങളിൽ ശ്രദ്ധ വേണം. കെട്ടിടങ്ങളുടെ ഇവാക്കുവേഷൻ പ്ലാൻ ഓരോ നിലയിലും പൊതുവായി പ്രദർശിപ്പിക്കേണ്ടതാണ്.

ട്രാൻസ്ഫോർമറുകൾക്ക് ചുറ്റും പുല്ലും മറ്റും ഉണങ്ങി നിൽക്കുന്നത് കണ്ടാൽ കെഎസ്ഇബി അധികൃതരെ അറിയിച്ചു നീക്കം ചെയ്യണം. ഉണങ്ങി പുല്ലും ചെടികളും നീക്കം ചെയ്യുകയും കരിയില കൂടി കിടക്കുന്ന പുരയിടങ്ങളിൽ ഇവ ഇടയ്ക്കിടെ തെളിച്ചിടുകയും വേണം. മാലിന്യങ്ങൾക്കോ കരിയിലകൾക്കോ തീ ഇടുന്ന പക്ഷം അവ പൂർണ്ണമായും അണച്ച ശേഷം മാത്രമേ സ്ഥലത്തു നിന്ന് മാറാവൂ.

വനത്തോട് ചേർന്ന പ്രദേശങ്ങളിൽ ഫയർ ലൈൻ സ്ഥാപിച്ചിട്ടുണ്ടെന്ന് വനംവകുപ്പിമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തണം. കാട്ടിനുള്ളിൽ പാചകം ചെയ്യാനോ കാടിനുള്ളിൽ വച്ച് പുകവലിക്കാനോ പാടില്ല. വിനോദ ആവശ്യങ്ങൾക്കായി കാട്ടിനുള്ളിൽ തീ ഉപയോഗിക്കാൻ പാടില്ല.

വാഹനങ്ങളിൽ യാത്രചെയ്യുമ്പോൾ അസ്വാഭാവികമായ മണമോ മറ്റോ അനുഭവപ്പെട്ടാൽ ഉടൻ വാഹനം റോഡരികിൽ നിർത്തി എൻജിൻ ഓഫാക്കി യാത്രക്കാരെ പുറത്തിറക്കി വാഹനം പരിശോധിച്ച് അപകടങ്ങളില്ല എന്നുറപ്പാക്കി മാത്രം യാത്ര തുടരണം. വാഹനം അപകടത്തിൽപ്പെട്ടാൽ ബെൽറ്റ് ഊരുന്നതിനും ലോക്ക് മാറ്റി ഡോർ തുറക്കുന്നതിനും കുട്ടികൾക്ക് പരിശീലനം നൽകണം. പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇഗ്നിഷൻ ഓണാക്കി ഇടരുത്. വാഹനങ്ങളിൽ ചെറിയ ഫയർ എക്സ്റ്റിംഷറുകൾ കരുതുകയും ഇവ ഉപയോഗിക്കുന്ന വിധം പരിശീലിച്ചിരിക്കുകയും വേണം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.