Sections

ചെമ്മീൻ-കണവ-കൂന്തൽ കയറ്റുമതി: സുസ്ഥിരത മെച്ചപ്പെടുത്താൻ സിഎംഎഫ്ആർഐ

Tuesday, Jun 20, 2023
Reported By Admin
CMFRI

സീഫുഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (എസ്ഇഎഐ) അഭ്യർത്ഥനയെ തുടർന്നാണ് നടപടി


കൊച്ചി: സീഫുഡ് കയറ്റുമതിയിൽ നേട്ടം കൊയ്യാൻ കേരളതീരത്ത് നിന്നും പിടിക്കുന്ന സമുദ്രസമ്പത്തിന്റെ സുസ്ഥിരത മെച്ചപ്പെടുത്താനൊരുങ്ങി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). ട്രോൾവല ഉപയോഗിച്ചു സംസ്ഥാനത്തുനിന്നും പിടിക്കുന്ന 11 ഇനം ചെമ്മീൻ-കണവ-കൂന്തൽ വിഭവങ്ങൾ സുസ്ഥിരമായി മത്സ്യബന്ധനം നടത്തുന്നതിനുള്ള ശാസ്ത്രീയ അടിത്തറയൊരുക്കുന്നതിന് സിഎംഎഫ്ആർഐ മുൻകയ്യെടുക്കും. സീഫുഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (എസ്ഇഎഐ) അഭ്യർത്ഥനയെ തുടർന്നാണ് നടപടി.

കരിക്കാടി, പൂവാലൻ, ആഴക്കടൽ ചെമ്മീനുകൾ, കൂന്തൽ, കണവ, നീരാളി, പാമ്പാട, കിളിമീൻ ഇനങ്ങൾ എന്നിവയുടെ സ്ഥിതിവിവര കണക്കുകളും, ഈ വിഭവങ്ങളുടെ മൊത്തലഭ്യതയും ആരോഗ്യാവസ്ഥയും തിട്ടപ്പെടുത്തി സുസ്ഥിരമായി പിടിക്കാവുന്ന ശാസ്ത്രീയമായ അളവ് നിജപ്പെടുത്തുന്നതിനുമായി സിഎംഎഫ്ആർഐ എസ്ഇഎഐയുമായി ചേർന്ന് കൺസൽട്ടൻസി പ്രൊജക്ടിന് തുടക്കം കുറിക്കും.

ഇതിനായി സിഎംഎഫ്ആർഐയും എസ്ഇഎഐയും തമ്മിൽ പരസ്പരധാരണയിലെത്തി. സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണനും എസ്ഇഎഐക്ക വേണ്ടി എ ജെ തരകനും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. കയറ്റുമതി ചെയ്യുന്ന ഇനങ്ങൾക്ക് വിദേശപിപണികളിൽ മൂല്യം വർധിപ്പിക്കാനാണ് ഈ നടപടി. അന്താരാഷ്ട്ര വിപണികളിൽ സുസ്ഥിരത ഉറപ്പുവരുത്തി പിടിക്കുന്ന സീഫുഡ് ഇനങ്ങൾക്കാണ് കൂടുതൽ സ്വീകാര്യതയും ആവശ്യക്കാരുമുള്ളത്. സുസ്ഥിരപരിപാലനരീതികൾ ശക്തിപ്പെടുത്തുന്നതിലൂടെ കേരളത്തിൽ നിന്ന് കയറ്റുമതി ചെയ്യുന്ന സമുദ്രസമ്പത്തിന് വിദേശരാജ്യങ്ങളിൽ സ്വീകാര്യത വർധിക്കുമെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.