Sections

കാർഷിക സേവനങ്ങൾ സ്മാർട്ട് ആക്കുന്നതിനാണ് പ്രഥമ പരിഗണന: കൃഷിമന്ത്രി 

Sunday, Jun 18, 2023
Reported By admin
agriculture

സേവനങ്ങൾ വളരെ വേഗത്തിലും സുതാര്യമായും നൽകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചു


സ്മാർട്ട് കൃഷിഭവനുകളിലൂടെ കൃഷി ഉദ്യോഗസ്ഥരുടെ സേവനങ്ങൾ ഓൺലൈൻ ആയി നൽകുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. കോന്നി അരുവാപ്പുലം സ്മാർട്ട് കൃഷിഭവൻ, വിള ആരോഗ്യപരിപാലന കേന്ദ്രം എന്നിവയുടെ ഉദ്ഘാടനവും, അരുവാപ്പുലം ബ്രാൻഡ് കുത്തരിയുടെ വിപണനോദ്ഘാടനവും മന്ത്രി നിർവഹിച്ചു. ഗ്രാമപഞ്ചായത്തിലെ മുതിർന്ന കർഷകനായ പി.വാസുവിനെയും അരുവാപ്പുലം ബ്രാൻഡ് കുത്തരി യാഥാർഥ്യമാക്കിയ എൻ.ജെ ജോസഫ്, വി.എൻ രാജൻ എന്നീ കർഷകരെയും മന്ത്രി ആദരിച്ചു.

സേവനങ്ങൾ സ്മാർട്ട് ആക്കുന്നതിനാണ് പ്രഥമ പരിഗണന. കാർഷിക മേഖലയുടെ വളർച്ചയോടൊപ്പം കർഷകർക്ക് കൃഷിവകുപ്പ് നൽകിവരുന്ന സേവനങ്ങൾ വളരെ വേഗത്തിലും സുതാര്യമായും നൽകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചു. കേരളത്തിലെ കാർഷിക മേഖല വളർച്ചയുടെ പാതയിലാണ്. കൃഷിവകുപ്പ് നടപ്പിലാക്കിയ ഞങ്ങളും കൃഷിയിലേക്ക് കാമ്പയിന്റെ വിജയത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് വളരെ വലുതാണ്. ജീവിതശൈലി രോഗങ്ങൾ വർദ്ധിച്ചുവരുന്ന ഈ സാഹചര്യത്തിൽ ഓരോ വീടുകളിലും ആവശ്യമായ പച്ചക്കറികൾ സ്വയം ഉല്പാദിപ്പിക്കണമെന്ന് മന്ത്രി പറഞ്ഞു.

വിദേശ ഇനങ്ങൾ ഉൾപ്പെടെയുള്ള കാർഷിക വിളകൾ നമ്മുടെ മണ്ണിൽ സുലഭമായി ഉണ്ടാകുന്നു. ഇവയുടെ വിള വിസ്തൃതി വർധിപ്പിച്ചും കൂടുതൽ ഉൽപാദനക്ഷമതയുള്ള ഇനങ്ങളെ തെരഞ്ഞെടുത്തു കൊണ്ടും കാർഷിക ഉത്പാദനം വർധിപ്പിക്കണം. കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് മികച്ച വിപണി ലഭ്യമാകേണ്ടതുണ്ട്. അതിനായി കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ബിസിനസ് മീറ്റുകൾ ആരംഭിച്ചു. ഈ വർഷത്തിൽ 100 കോടി രൂപയുടെ വിപണി കണ്ടെത്തുകയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 2023 ഫെബ്രുവരിയിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ആദ്യ ബി ടു ബി മീറ്റിൽ കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് 39.76 കോടി രൂപയുടെ വിപണി കണ്ടെത്തി.

തുടർന്ന് ഹരിപ്പാടും ചേർത്തലയുമായി നടത്തിയ ബിസിനസ് മീറ്റുകളിൽ 3.26, 1.18 കോടി രൂപയുടെയും കാർഷിക ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്തി. അടുത്ത ബി2ബി മീറ്റ് കോന്നി കേന്ദ്രീകരിച്ച് നടത്തും. അതിലൂടെ കോലിഞ്ചി ഉൾപ്പെടെയുള്ള കാർഷിക ഉൽപ്പന്നങ്ങളുടെ വിപണി ഉറപ്പാക്കും. കൃഷിയുമായി ബന്ധപ്പെട്ട് സംരംഭകരാകുവാൻ ആഗ്രഹിക്കുന്നവർക്ക് അതിനാവശ്യമായ സഹായങ്ങൾ കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന ഡി.പി.ആർ ക്ലിനിക്കുകളിലൂടെ സാധ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാന കൃഷി വകുപ്പിനെ സംബന്ധിച്ച് ചരിത്രപരമായ നേട്ടമാണ് സ്മാർട്ട് കൃഷിഭവൻ ഉദ്ഘാടനം ചെയ്തതോടെ കൈവരിച്ചിട്ടുള്ളതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ചു കൊണ്ട് അഡ്വ. കെ.യു ജനീഷ്‌കുമാർ എംഎൽഎ പറഞ്ഞു. സമീപഭാവിയിൽ കേരളത്തിലെ എല്ലാ ഓഫീസുകളും സ്മാർട്ട് ആക്കുക എന്നതാണ് കൃഷിവകുപ്പ് ലക്ഷ്യമിടുന്നത്. സമയബന്ധിതമായി പണി പൂർത്തീകരിച്ചു എന്നതും അരുവാപ്പുലം ഗ്രാമപഞ്ചായത്തിന് അഭിമാനാർഹമായ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. കൃഷി വകുപ്പിൽ നിന്നും അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.