Sections

സംസ്ഥാനത്ത് 2,000 കെ സ്റ്റോറുകൾ ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി

Saturday, Jun 17, 2023
Reported By admin
kerala

റേഷൻ കടകൾ പുതുക്കി നിർമ്മിക്കാൻ 2 ലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ട്


പൊതുവിതരണ സംവിധാനത്തെ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 2,000 കെ സ്റ്റോറുകൾ ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. കെ സ്റ്റോറിന്റെ പ്രവർത്തനം വിലയിരുത്തുന്നതിനും സേവനങ്ങളെ കുറിച്ചുള്ള പരിശീലനം നൽകുന്നതിനുമായി സംഘടിപ്പിച്ച ഏകദിന ശില്പശാല മന്ത്രി ഉദ്ഘാടനം ചെയ്തു. 

ഈ സാമ്പത്തിക വർഷത്തിലും അടുത്ത സാമ്പത്തിക വർഷത്തിലുമായി കെ സ്റ്റോറുകൾ ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യം. കെ സ്റ്റോർ പദ്ധതിയുടെ ആദ്യഘട്ടത്തിൽ 108 റേഷൻ കടകൾ കെ സ്റ്റോറുകളായി മാറിയിട്ടുണ്ട്. വ്യാപാരികൾ അഭിമുഖീകരിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണുക, ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് റേഷൻകടകൾ വഴി കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കൂടുതൽ കെ സ്റ്റോറുകൾ ആരംഭിച്ചത്. സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം സുതാര്യമായാണ് പ്രവർത്തിക്കുന്നത്. റേഷൻ കടകളിൽ നിന്നും വിതരണം ചെയ്യുന്ന എല്ലാ ഉൽപ്പന്നങ്ങളുടെയും കണക്കുകൾ കൃത്യമായി ഡിജിറ്റൽ ആയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

റേഷൻ കടകൾ വഴി നിലവിൽ ലഭ്യമാക്കുന്ന ഉൽപ്പന്നങ്ങൾക്ക് പുറമേ വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സംരംഭങ്ങളുടെ ഉൽപ്പന്നങ്ങൾ കൂടി വില്പന നടത്താൻ തയ്യാറാണെന്ന് വ്യവസായ വകുപ്പ് അറിയിച്ചിട്ടുണ്ട്. റേഷൻ വ്യാപാരികൾക്ക് കൂടുതൽ സഹായം നൽകുന്നതിനായി റേഷൻ കടകൾ പുതുക്കി നിർമ്മിക്കാൻ 2 ലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ട്. ബാങ്കുകളുടെ സഹകരണത്തോടെ 7 ശതമാനം പലിശ നിരക്കിൽ ഇതിൽ 3 ശതമാനം സർക്കാർ സബ്‌സിഡിയായും അനുവദിക്കാനാണ് ലക്ഷ്യം. റേഷൻ വ്യാപാരികൾ നേരിടുന്ന പ്രയാസങ്ങൾ, തടസങ്ങൾ എന്തൊക്കെയെന്ന് കൂടുതൽ മനസ്സിലാക്കുന്നതിനാണ് മേഖല അടിസ്ഥാനത്തിൽ സംഘടിപ്പിച്ചിരിക്കുന്ന ഏകദിന ശില്പശാലയിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കെ സ്റ്റോറിന്റെ പ്രവർത്തനം വിലയിരുത്തുക, സേവനങ്ങളെക്കുറിച്ച് പരിശീലനം നൽകുക എന്നീ ലക്ഷ്യത്തോടെ ജില്ലാ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ, താലൂക്ക് സപ്ലൈ ഉദ്യോഗസ്ഥർ, കെ സ്റ്റോർ പ്രവർത്തിക്കുന്ന സ്ഥലങ്ങളിലെ റേഷനിങ് ഇൻസ്‌പെക്ടർമാർ, കെ സ്റ്റോർ ലൈസൻസികൾ എന്നിവർക്കായാണ് ഏകദിന ശില്പശാല സംഘടിപ്പിച്ചത്. ഉദ്യോഗസ്ഥർ, ലൈസൻസികൾ എന്നിവരുടെ അഭിപ്രായങ്ങൾ ശില്പശാലയിൽ ചർച്ച ചെയ്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.