- Trending Now:
കോഴിക്കോട്: അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം ഭൂപടത്തിൽ ഇടം നേടാൻ ഒരുങ്ങി ബേപ്പൂർ മണ്ഡലം. സമഗ്ര ഉത്തരവാദിത്ത ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം കേന്ദ്രമായി ബേപ്പൂർ വികസിക്കുകയാണ്. പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ആഗോള ഉത്തരവാദിത്ത ടൂറിസം മീറ്റിൽ ബേപ്പൂരിനെ അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കും.
ഫെബ്രുവരി 7, 8 തീയതികളിൽ കോഴിക്കോട് ചെറുവണ്ണൂർ മലബാർ മറീന കൺവെൻഷൻ സെന്ററിലാണ് സമ്മേളനം നടക്കുന്നത്. 7 ന് വൈകുന്നേരം നാലിന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
പങ്കാളിത്ത ടൂറിസം വികസന പ്രക്രിയയിലൂടെ ബേപ്പൂരിനെ അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ബേപ്പൂർ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതി നടപ്പാക്കി വരുന്നത്. കഴിഞ്ഞ നാല് വർഷങ്ങളിലെ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളിലൂടെ ബേപ്പൂർ ദേശീയ-അന്താരാഷ്ട്ര തലങ്ങലിൽ ശ്രദ്ധേയമായ ഡെസ്റ്റിനേഷനായി മാറിയിട്ടുണ്ട്. ഉത്തരവാദിത്ത ടൂറിസം മിഷന്റെ 'പെപ്പർ', 'മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമങ്ങൾ' എന്നീ പദ്ധതികളുടെ സംയോജിത മാതൃകയിലൂടെ ഘട്ടംഘട്ടമായി ബേപ്പൂരിനെ ആഗോള മാതൃകയായ ഉത്തരവാദിത്ത ടൂറിസം കേന്ദ്രം ആക്കി മാറ്റുന്നതാണ് പദ്ധതിയുടെ കാഴ്ചപ്പാട്. വിനോദസഞ്ചാരികൾക്ക് ഗുണനിലവാരമുള്ള സേവനങ്ങളും യാത്രാനുഭവങ്ങളും നൽകുന്നതോടൊപ്പം പ്രാദേശിക ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക, പ്രാദേശിക സാമ്പത്തിക വികസനം, ടൂറിസത്തിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളിലൂടെ ഗ്രാമീണ വികസനം, സ്ത്രീ ശാക്തീകരണം എന്നിവയും ഈ പദ്ധതി ലക്ഷ്യം വയ്ക്കുന്നു
ബേപ്പൂർ ബീച്ച്, തുറമുഖവും പരിസര പ്രദേശങ്ങളും, പക്ഷി സങ്കേതവും അഴിമുഖവും ഉൾപ്പെടുന്ന കടലുണ്ടി, ചാലിയാർ പുഴയുടെ തീരപ്രദേശം, ബേപ്പൂരിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥാപനങ്ങൾ, കെട്ടിടങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് ബേപ്പൂർ സമഗ്ര ടൂറിസം വികസന പദ്ധതി. ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ബേപ്പൂർ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഭാഗമായി 300 - ലധികം പേർക്ക് തൊഴിൽ പരിശീലനങ്ങൾ നൽകി. വിവിധ പാക്കേജുകൾ തയ്യാറാക്കി. വിനോദസഞ്ചാരികളെ എത്തിക്കുന്നതിനായി ഇംഗ്ലിഷ്, ഹിന്ദി, മലയാളം ഭാഷകളിൽ പ്രചാരണ വീഡിയോകളും ഇ- ബുക്കും തയ്യാറാക്കി. കേരളത്തിലെ ആദ്യത്തെ ആർ ടി ക്ലബ്ബ് ബേപ്പൂരിൽ രൂപീകരിച്ചു. ആർടി മിഷൻ യൂണിറ്റുകൾക്ക് അവരുടെ ഉൽപ്പന്നങ്ങൾ വിപണനം നടത്തുന്നതിന് ജില്ലയിൽ ഔട്ട്ലെറ്റുകൾ തുടങ്ങുന്നതിനുള്ള പ്രവർത്തനങ്ങൾക്കും തുടക്കമിട്ടു.ബേപ്പൂർ സമഗ്ര ഉത്തരവാദിത്ത ടൂറിസം വികസന പദ്ധതിക്ക് ഐസിആർടി ഗോൾഡ് പുരസ്കാരം ലഭിച്ചിട്ടുണ്ട്. എംപ്ലോയിങ് ആൻഡ് അപ്സ്കില്ലിങ് ലോക്കൽ കമ്മ്യൂണിറ്റി എന്ന കാറ്റഗറിയിൽ 2024 ൽ ഗോൾഡ് അവാർഡാണ് ലഭിച്ചത്. കൂടാതെ ഇന്ത്യ ടൂറിസത്തിന്റെ മികച്ച ഉത്തരവാദിത്ത ടൂറിസം വില്ലേജ് അവാർഡ് കടലുണ്ടി പഞ്ചായത്ത് നേടി.
പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്ന ആഗോള മീറ്റിൽ ഇന്ത്യയിലും വിദേശത്തുമുള്ള 20 പ്രഭാഷകർ ഉൾപ്പെടെ 150 പ്രതിനിധികൾ പങ്കെടുക്കും. സുസ്ഥിര വിനോദസഞ്ചാരം, ഉത്തരവാദിത്ത ടൂറിസത്തിലൂടെയുള്ള കമ്മ്യൂണിറ്റി സംരംഭങ്ങൾ, പൈതൃക സംരക്ഷണം, എക്സ്പീരിയൻഷ്യൽ ടൂറിസം, ഭിന്നശേഷി സൗഹൃദ ടൂറിസം, കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട വെല്ലുവിളികളും മറ്റ് ടൂറിസം പ്രവർത്തങ്ങളും തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധരും വ്യവസായ പങ്കാളികളും ചർച്ച ചെയ്യും.
ബേപ്പൂരിനെ അന്താരാഷ്ട്ര ടൂറിസം ലക്ഷ്യസ്ഥാനമായി പ്രഖ്യാപിക്കുന്നത് കേരളത്തെ സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിലെ സുപധാന ചുവടുവയ്പ്പാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. അനുഭവവേദ്യ ടൂറിസം കേന്ദ്രമെന്ന നിലയിൽ സംസ്ഥാനത്തിന്റെ ആകർഷണം ഇത് ഗണ്യമായി വർദ്ധിപ്പിക്കും. കഴിഞ്ഞ നാല് വർഷമായി മലബാർ മേഖലയിലെ വിനോദസഞ്ചാര വികസനത്തിന് ഈ പദ്ധതി ആക്കം കൂട്ടി. ഈ പ്രദേശത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി കഴിഞ്ഞ നാല് വർഷമായി സർക്കാർ നിരവധി പദ്ധതികൾ ആരംഭിച്ചുവെന്നും മന്ത്രി പറഞ്ഞു.
ഉദ്ഘാടന സമ്മേളനത്തിൽ കോഴിക്കോട് മേയർ ഒ.സദാശിവൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. കോഴിക്കോട് എംപി എം.കെ രാഘവൻ, ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് എന്നിവർ മുഖ്യാതിഥിയാകും. ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ ചടങ്ങിന് സ്വാഗതവും കേരള റസ്പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റി സിഇഒ രൂപേഷ് കുമാർ കെ നന്ദിയും പറയും. ഫറോക്ക് മുൻസിപ്പൽ ചെയർപേഴ്സൺ ചന്ദ്രിക, രാമനാട്ടുകര മുൻസിപ്പൽ ചെയർമാൻ കല്ലട മുഹമ്മദാലി, കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. ഭക്തവത്സലൻ, കൗൺസിലർമാരായ സന്ദേശ് സി, രാജീവൻ കെ, ഷെഹർബാൻ, കെടിഐഎൽ ചെയർമാൻ എസ്കെ സജീഷ്, ടൂറിസം ജോയിന്റ് ഡയറക്ടർ ഗിരീഷ് കുമാർ ഡി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പ്രദീപ് ചന്ദ്രൻ, ഡിടിപിസി സെക്രട്ടറി നിഖിൽദാസ്, ആർടി മിഷൻ സൊസൈറ്റി കോഴിക്കോട് ജില്ലാ കോർഡിനേറ്റർ ശ്രീകലാ ലക്ഷ്മി എന്നിവരും ചടങ്ങിൽ പങ്കെടുക്കും.
കോൺഫറൻസ് നെറ്റ്വർക്കിംഗ്, അറിവ് പങ്കിടൽ, നയ നിർദ്ദേശങ്ങൾ എന്നിവയ്ക്കുള്ള വേദി കൂടിയാണ് ഈ പരിപാടി. ആർടി ഉൽപന്ന പ്രദർശനം, സമ്മേളനത്തിലെ അന്താരാഷ്ട്ര പ്രതിനിധികൾക്കും പ്രഭാഷകർക്കും പ്രധാനപ്പെട്ട അതിഥികൾക്കുമായി പദ്ധതി പ്രദേശത്തെ ആർടി യൂണിറ്റ് സന്ദർശനം, എക്സ്പീരിയൻസ് ടൂറിസം പാക്കേജ്, സാംസ്കാരിക പരിപാടികൾ എന്നിവയും ഫെസ്റ്റിന്റെ ഭാഗമായി ഉണ്ടാകും. ടൂറിസം ക്ലബ്ബ് അംഗങ്ങൾ, കേരള റെസ്പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റി വുമൺ ഫ്രണ്ട്ലി നെറ്റ്വർക്ക് അംഗങ്ങൾ, ആർടി യൂണിറ്റുകൾ, സ്റ്റോറി ടെല്ലർമാർ, കമ്മ്യൂണിറ്റി ടൂർ ഗൈഡുകൾ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പരിപാടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.