Sections

ജി-ടെക്  മാരത്തോൺ ഫെബ്രുവരി 15 ന് പതിനായിരത്തിലധികം പേർ പങ്കെടുക്കും

Friday, Feb 06, 2026
Reported By Admin
Over 10,000 Participants to Join G-Tech Marathon at Infopark on February 15

കൊച്ചി: ഇൻഫോപാർക്ക് കേന്ദ്രീകരിച്ച് ഫെബ്രുവരി 15 ഞായറാഴ്ച നടക്കുന്ന ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ് (ജി-ടെക്) മാരത്തോണിൽ പതിനായിരത്തിലധികം പേർ പങ്കെടുക്കും. മൂവായിരത്തോളം വനിതകളുൾപ്പെടെയുള്ളവരുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.

ജി-ടെക് മാരത്തണിന്റെ നാലാം പതിപ്പ് കേരളം ഇതുവരെ കണ്ട ഏറ്റവും വലിയ മാരത്തോണായി മാറും. പ്രായം, പ്രദേശം, ലിംഗഭേദം, കായികക്ഷമത എന്നിവ പരിഗണിക്കാതെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് സംഘടിപ്പിക്കുന്നത്.

പ്രമുഖ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ, ഐടി പ്രൊഫഷണലുകൾ, കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർ, പ്രതിരോധ സേനാംഗങ്ങൾ, കോർപ്പറേറ്റ് ജീവനക്കാർ എന്നിവർ ഇതിനകം തന്നെ മാരത്തണിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം, കൊച്ചി എന്നീ ഐടി ഹബ്ബുകൾ കേന്ദ്രീകരിച്ച് വർഷം തോറും മാറിമാറി സംഘടിപ്പിക്കപ്പെടുന്ന ഈ മാരത്തോൺ, ടെക്നോപാർക്ക്, ഇൻഫോപാർക്ക് എന്നീ ഐടി പാർക്കുകൾക്ക് ചുറ്റുമുള്ള റൂട്ടുകളിലൂടെയാണ് നടക്കുക.

''നോ ടു ഡ്രഗ്സ് യെസ് ടു ഫിറ്റ്നസ്'' എന്നതാണ് എന്നതാണ് ഈ വർഷത്തെ മാരത്തോണിന്റെ പ്രമേയം. കേരളത്തിലെ യുവാക്കൾക്കിടയിൽ വ്യാപകമായ ലഹരി ഉപയോഗത്തെക്കുറിച്ചും അതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചും പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.

കേരളത്തെ ലഹരിമുക്തമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സമൂഹത്തെ ബോധവൽക്കരിക്കാൻ സംസ്ഥാനത്തെ ഒന്നര ലക്ഷത്തിലധികം ഐടി പ്രൊഫഷണലുകൾ ഒന്നിക്കുന്ന വേദിയാണിതെന്ന് ജി-ടെക് ചെയർമാൻ വി.കെ. മാത്യൂസ് പറഞ്ഞു. ഉത്തരവാദിത്തപ്പെട്ട വ്യവസായ സംഘടന എന്ന നിലയിൽ, സംസ്ഥാനം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടാനുള്ള ജി-ടെക്കിന്റെ പ്രതിബദ്ധതയുടെ ഭാഗമാണിതെന്നും സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിന് ഇത് കരുത്തുപകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമായി ഹാഫ് മാരത്തൺ (21 കി.മീ), 10 കി.മീ റൺ, ഫൺ റൺ (3 കി.മീ) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്.

കേരളത്തിലെ ഐടി കമ്പനികളുടെ കൂട്ടായ്മയായ ജി-ടെക്കിൽ നിലവിൽ 250 കമ്പനികൾ അംഗങ്ങളാണ്. സംസ്ഥാനത്തെ ഐടി ജീവനക്കാരുടെ 80 ശതമാനവും ഈ കമ്പനികളിലാണ് ജോലി ചെയ്യുന്നത്. ടിസിഎസ്, ഇൻഫോസിസ്, വിപ്രോ, കോഗ്നിസന്റ്, ഐബിഎസ് സോഫ്റ്റ്വെയർ, ടാറ്റ എൽക്സി, ക്വസ്റ്റ്, അലയൻസ്, യുഎസ്ടി, ഇ വൈ തുടങ്ങിയ വൻകിട കമ്പനികളും തിരുവനന്തപുരം ടെക്നോപാർക്ക്, കൊച്ചി ഇൻഫോപാർക്ക്, കോഴിക്കോട് സൈബർ പാർക്ക് എന്നിവിടങ്ങളിലെ ചെറുകിട-ഇടത്തരം കമ്പനികളും ജി-ടെക്കിന്റെ ഭാഗമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.