Sections

ഗോൾഡൻ ഗ്ലോബ് നേട്ടം സ്വന്തമാക്കി ആർആർആർ

Wednesday, Jan 11, 2023
Reported By admin
film

ആഗോളതലത്തിൽ 1,200 കോടി രൂപയിലധികം കളക്ഷൻ നേടിയ ചിത്രമാണ് ആർആർആർ

എൺപതാമത് ഗോൾഡൻ ഗ്ലോബ് വേദിയിൽ തിളങ്ങി രാജമൗലിയുടെ തെലുങ്ക് ചിത്രം ആർആർആർ. ഏറ്റവും മികച്ച ഗാനത്തിനുള്ള 2023ലെ ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരം ആർആർആറിലെ 'നാട്ടു നാട്ടു' സ്വന്തമാക്കി. ഒറിജിനൽ സോങ് വിഭാഗത്തിലാണ് പാട്ടിന് പുരസ്കാരം ലഭിച്ചത്.

ആർആർആറിന് ഗോൾഡൻ ഗ്ലോബ് നേട്ടം

നടി ജന്ന ഒട്ടേഗ പുരസ്കാരം പ്രഖ്യാപിച്ചു. പതിനാല് വർഷത്തിന് ശേഷമാണ് ഗോൾഡൻ ഗ്ലോബ് പുരസ്കാരം ഇന്ത്യയിലേയ്ക്ക് തിരിച്ചെത്തുന്നത്. 2008-ൽ പുറത്തിറങ്ങിയ സ്ലംഡോഗ് മില്യണയർ എന്ന ചിത്രത്തിലെ 'ജയ് ഹോ' എന്ന ഗാനമായിരുന്നു അവസാനമായി ഗോൾഡൻ ഗ്ലോബ് നേടിയത്. എം.എം കീരവാണി സംഗീതം നൽകിയ നാട്ടു നാട്ടു, കാലഭൈരവ, രാഹുൽ സിപ്ലിഗുഞ്ച് എന്നിവർ ചേർന്നാണ് ആലപിച്ചത്. ചടുലമായ നൃത്ത രംഗങ്ങൾ നിറഞ്ഞ ഗാനം, പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ മികച്ച സ്വീകാര്യത നേടിയിരുന്നു.

ഈ വർഷത്തെ ഓസ്കാർ പുരസ്കാരങ്ങളിലേക്കും നാട്ടു നാട്ടു നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്. എസ്എസ് രാജമൗലി, ജൂനിയർ എൻടിആർ, രാം ചരൺ, ഭാര്യ ഉപാസന കാമിനേനി എന്നിവർ പുരസ്കാരദാന ചടങ്ങിൽ സന്നിഹിതരായിരുന്നു. വേർ ദി ക്രോഡാഡ്സ് സിംഗിൽ നിന്നുള്ള ടെയ്ലർ സ്വിഫ്റ്റിന്റെ കരോലിന, ഗില്ലെർമോ ഡെൽ ടോറോയുടെ പിനോച്ചിയോയിൽ നിന്നുള്ള സിയാവോ പാപ്പ, ടോപ്പ് ഗണ്ണിൽ നിന്നുള്ള ലേഡി ഗാഗയുടെ ഹോൾഡ് മൈ ഹാൻഡ്: മാവെറിക്ക്, ലിഫ്റ്റ് മി അപ്പ് ഫ്രം ബ്ലാക്ക് പാന്തർ: വക്കണ്ട ഫോറെവർ എന്നിവയെ പിന്തള്ളിയാണ് ആർആർആറിലെ ഗാനം പുരസ്ക്കാരം നേടിയത്.

വീണ്ടും വീണ്ടും അംഗീകാരങ്ങൾ

ആഗോളതലത്തിൽ 1,200 കോടി രൂപയിലധികം കളക്ഷൻ നേടിയ ചിത്രമാണ് ആർആർആർ. ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് സർക്കിളിൽ മികച്ച സംവിധായകനുള്ള പുരസ്ക്കാരമുൾപ്പെടെ ആർആർആർ നേടിയിട്ടുണ്ട്. 1920-കളിലെ ബ്രിട്ടീഷ് അധിനിവേശ ഇന്ത്യ പശ്ചാത്തലമാക്കിയുള്ള ചിത്രത്തിൽ ജൂനിയർ എൻടിആറും, രാം ചരണും സ്വാതന്ത്ര്യ സമര സേനാനികളായ കൊമരം ഭീമിനെയും, അല്ലൂരി സീതാരാമരാജുവിനെയും അവതരിപ്പിക്കുന്നു. ആലിയ ഭട്ട്, അജയ് ദേവ്ഗൺ എന്നിവരും ബ്രിട്ടീഷ് അഭിനേതാക്കളായ റേ സ്റ്റീവൻസൺ, അലിസൺ ഡൂഡി, ഒലിവിയ മോറിസ് തുടങ്ങി വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ ലോകമെമ്പാടും റിലീസ് ചെയ്ത RRR, വിവിധ ഓസ്കാർ വിഭാഗങ്ങളിൽ പരിഗണിക്കപ്പെട്ടിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ BAFTA (ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡ്സ്) ലോംഗ്ലിസ്റ്റിൽ മികച്ച സിനിമ (ഇംഗ്ലീഷേതര) വിഭാഗത്തിലും ചിത്രം ഉൾപ്പെടുത്തിയിട്ടുണ്ട്. ജനുവരി 19നാണ് ബാഫ്റ്റ നോമിനേഷനുകൾ പ്രഖ്യാപിക്കുക, അവാർഡുകൾ ഫെബ്രുവരി 19-ന് സമ്മാനിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.