Sections

ബയോപ്‌സിയില്ലാതെ ഗർഭാശയമുഖ അർബുദം വേഗത്തിൽ തിരിച്ചറിയാം

Saturday, Oct 17, 2026
Reported By Admin
RGCB Gets ₹7 Crore Grant for Cervical Cancer Detection Device

  • പുതിയ ഉപകരണം വികസിപ്പിക്കാൻ ആർജിസിബി ഗവേഷകർക്ക് 7 കോടിയുടെ ഗ്രാൻറ്

തിരുവനന്തപുരം: ഗർഭാശയമുഖ അർബുദത്തിൻറെ പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന പുതിയ ഓട്ടോമേറ്റഡ് ഉപകരണം വികസിപ്പിക്കുന്ന പദ്ധതിയ്ക്കായി ബ്രിക്-രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയിലെ ഗവേഷകർക്ക് ഏഴ് കോടി രൂപയുടെ ധനസഹായം ലഭിച്ചു. സാങ്കേതിക വിദഗ്ദ്ധരുടെയോ ബയോപ്സി പരിശോധനകളുടെയോ സഹായമില്ലാതെ രക്തപരിശോധനയിലൂടെ മിനിറ്റുകൾക്കകം അർബുദം കണ്ടെത്താൻ ഇതിലൂടെ സാധിക്കും.

അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, ഗേറ്റ്സ് ഫൗണ്ടേഷൻ എന്നിവ ചേർന്ന് നടപ്പിലാക്കുന്ന 'മഹാ മെഡ്ടെക് മിഷൻറെ' ഭാഗമായാണ് ഗ്രാൻറ് ലഭിക്കുന്നത്. തിരുവനന്തപുരം ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ 'ഇൻഡ്സിറ്റ ബയോടെക് പ്രൈവറ്റ് ലിമിറ്റഡ്', മഹാരാഷ്ട്രയിലെ 'കാർക്കിനോസ് ഹെൽത്ത്കെയർ പ്രൈവറ്റ് ലിമിറ്റഡ്' എന്നിവയുമായി സഹകരിച്ചാണ് ആർജിസിബി ഈ ഗവേഷണം നടത്തുന്നത്.

ബ്രിക്-ആർജിസിബി യിലെ ശാസ്ത്രജ്ഞരായ ഡോ. ജാക്സൺ ജെയിംസ്, ഡോ. അനി വി. ദാസ്, ഡോ. മഹേന്ദ്രൻ കെ. ആർ. എന്നിവരടങ്ങുന്നതാണ് ഗവേഷകസംഘം.

ബ്രിക്-രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയിലെ ശാസ്ത്രജ്ഞർക്ക് അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻറെ ഗ്രാൻറ് ലഭിച്ചതിൽ വളരെയധികം അഭിമാനമുണ്ടെന്ന് ആർജിസിബി ഡയറക്ടർ ഡോ. ബീന പിള്ള പറഞ്ഞു. ഈ ഗ്രാൻറിനായി ആയിരത്തിലധികം പ്രൊപ്പോസലുകളാണ് അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷന് ലഭിച്ചത്. അതിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 33 പ്രൊപ്പോസലുകളിലൊന്ന് ആർജിസിബിയുടേതാണെന്നും അവർ കൂട്ടിച്ചേർത്തു.

രക്തത്തിലെ പൈ ആർ.എൻ.എ അധിഷ്ഠിത ബയോമാർക്കറുകൾ കണ്ടെത്താനും അതീവ കൃത്യതയുള്ള തൻമാത്രാ പരിശോധനാ സംവിധാനമായ 'നാനോപോർ ടെക്നോളജി' ഉപയോഗിച്ച് അവ വിശകലനം ചെയ്യാനും കഴിയുന്ന രീതിയിലാണ് ഉപകരണം രൂപകല്പന ചെയ്തിരിക്കുന്നത്. കുറഞ്ഞ പരിശീലനം കൊണ്ട് വേഗത്തിൽ പ്രവർത്തിപ്പിക്കാവുന്ന ഒരു ഓട്ടോമേറ്റഡ് പരിശോധനാ സംവിധാനം വികസിപ്പിക്കാൻ ഇതിലൂടെ ലക്ഷ്യമിടുന്നു.

പ്രത്യേക ലബോറട്ടറി സൗകര്യങ്ങൾ കൂടാതെയും ഉപയോഗിക്കാൻ കഴിയുന്ന ലളിതമായ ഒരു സാങ്കേതികവിദ്യ വികസിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗവേഷണ പദ്ധതിക്ക് നേതൃത്വം നൽകുന്ന പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററായ ഡോ. ജാക്സൺ ജെയിംസ് പറഞ്ഞു. ഉപകരണം പൂർണ്ണമായി വികസിപ്പിച്ച് പ്രവർത്തനക്ഷമത ഉറപ്പാക്കിക്കഴിഞ്ഞാൽ രക്തസാമ്പിൾ മാത്രം രോഗി നൽകിയാൽ മതിയാകും. തുടർന്ന് ഓട്ടോമേറ്റഡ് സംവിധാനം വിശകലനം പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ സ്ത്രീകൾക്കിടയിൽ കണ്ടുവരുന്ന ഏറ്റവും സാധാരണമായ അർബുദങ്ങളിലൊന്നാണ് ഗർഭാശയമുഖത്തിലെ അർബുദം. ആദ്യഘട്ടത്തിൽ തന്നെ ഇത് തിരിച്ചറിയുന്നത് ചികിത്സ കൂടുതൽ ഫലപ്രദമാക്കും. രോഗം ഗുരുതരമായ അവസ്ഥയിലേക്ക് മാറുന്നതിന് മുൻപ് തന്നെ ഗർഭാശയമുഖത്തുണ്ടാകുന്ന അസാധാരണ മാറ്റങ്ങൾ കണ്ടെത്താൻ നേരത്തെയുള്ള പരിശോധനയിലൂടെ സാധിക്കും. എന്നാൽ നിലവിലെ പല പരിശോധനകളും പ്രയാസകരവും വിദഗ്ദ്ധരുടെ സേവനം ആവശ്യമുള്ളതും ഗ്രാമീണ മേഖലകളിലും ചെറിയ നഗരങ്ങളിലും ലഭ്യമാകാത്തതുമാണ്. ഈ പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെത്താനാണ് ആർജിസിബി സംഘം ലക്ഷ്യമിടുന്നത്.

ശരീരത്തിൽ വലിയ മുറിവുകൾ ഉണ്ടാക്കാത്തതും ചെറിയതോതിലുള്ള സാങ്കേതിക സഹായത്തോടെ പ്രവർത്തിപ്പിക്കാവുന്നതും വേഗത്തിലും എളുപ്പത്തിലും പരിശോധന നടത്താൻ സഹായകവുമായ രീതിയിലാണ് ഈ സാങ്കേതികവിദ്യ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഗവേഷണ സംഘത്തിലെ അംഗമായ ഡോ. അനി വി. ദാസ് പറഞ്ഞു. പരമ്പരാഗത ലബോറട്ടറി സൗകര്യങ്ങൾ പരിമിതമായ സാഹചര്യങ്ങളിൽപ്പോലും രോഗനിർണയത്തിനായുള്ള പരിശോധനയ്ക്കും രോഗം നേരത്തേ കണ്ടെത്തുന്നതിനും സഹായകമാകുന്ന സംവിധാനം വികസിപ്പിക്കാൻ ഇതിലൂടെ സാധ്യമാകും.

ഇതിനോടകം പേറ്റൻറ് നേടിയ ഈ സാങ്കേതികവിദ്യ സെൽ കൾച്ചറുകളിലും എലികളിലും നടത്തിയ പ്രാഥമിക ലബോറട്ടറി പരിശോധനകളിൽ വിജയം കണ്ടിട്ടുണ്ട്. കൂടാതെ മനുഷ്യൻറെ രക്ത സാമ്പിളുകൾ ഉപയോഗിച്ചുള്ള പൈലറ്റ് പഠനവും ലബോറട്ടറി തലത്തിൽ പൂർത്തിയായി. ഉപകരണത്തിൻറെ പ്രാരംഭ ഘട്ട പ്രോട്ടോടൈപ്പ് നിർമ്മാണം ഇപ്പോൾ പുരോഗമിക്കുകയാണ്. ലാബിൽ കണ്ടെത്തിയ സാങ്കേതികവിദ്യയെ ഉപയോഗപ്രദമായ ഒരു രോഗനിർണ്ണയ ഉപകരണമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ നിലവിൽ പുരോഗമിക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.