Sections

ബ്രാൻഡായതിന് ശേഷം അല്ല - ഇന്നുതന്നെ ബ്രാൻഡിനെപ്പോലെ പ്രവർത്തിക്കുക

Saturday, Oct 17, 2026
Reported By Prasanth Sukumaran
9 Essential Habits for Building a Strong Micro Brand

ഒരു മൈക്രോ ബ്രാൻഡ് നിർമ്മിക്കാനുള്ള ആദ്യത്തെ പ്രായോഗിക ചുവടുവെപ്പ് എന്താണ്? ലോഗോ ഉണ്ടാക്കുന്നതാണോ? വലിയ ഓഫീസ് എടുക്കുന്നതാണോ? സോഷ്യൽ മീഡിയയിൽ വലിയ പ്രഖ്യാപനം നടത്തുന്നതാണോ?

അല്ല. അതിലും അടിസ്ഥാനപരമായ ഒരു കാര്യമാണ് ആദ്യം വേണ്ടത്. നിങ്ങൾ എന്താണെന്ന് ലോകത്തോട് പറയാൻ ആഗ്രഹിക്കുന്നുവോ, ആദ്യം അതുപോലെ ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക.

പല ബിസിനസുകാരും ചിന്തിക്കുന്നത് ഇങ്ങനെയാണ്: ''ബിസിനസ് കുറച്ച് വലുതാകട്ടെ; പിന്നെ എല്ലാം പ്രൊഫഷണൽ ആക്കാം.'' ''ആളുകൾ അറിയട്ടെ; പിന്നെ ബ്രാൻഡിംഗ് നോക്കാം.'' ''വലിയ ബ്രാൻഡായ ശേഷം വലിയ ബ്രാൻഡിനെപ്പോലെ പ്രവർത്തിക്കാം.''

പക്ഷേ യഥാർത്ഥ യാത്ര അതിന്റെ വിപരീതമാണ്. ബ്രാൻഡായതിന് ശേഷം ബ്രാൻഡിനെപ്പോലെ പ്രവർത്തിക്കുകയല്ല വേണ്ടത്. ബ്രാൻഡിനെപ്പോലെ പ്രവർത്തിക്കാൻ തുടങ്ങുമ്പോഴാണ് ഒരു ബ്രാൻഡ് രൂപപ്പെടുന്നത്.

വാക്കും പ്രവർത്തിയും ഒന്നാകണം

ഒരു സ്ഥാപനം പുറത്തേക്ക് പറയുന്നത്: ''ഉപഭോക്താവാണ് ഞങ്ങൾക്ക് ഏറ്റവും പ്രധാനം.'' പക്ഷേ ഉപഭോക്താവ് വിളിച്ചാൽ ആരും ഫോൺ എടുക്കുന്നില്ല. ''വേഗത്തിലുള്ള സേവനം.'' പക്ഷേ പറഞ്ഞ സമയത്ത് സാധനം എത്തുന്നില്ല. ''ഉയർന്ന ഗുണനിലവാരം.'' പക്ഷേ പരാതിയുണ്ടായാൽ ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ല. ''മികച്ച ഉപഭോക്തൃപരിചരണം.'' പക്ഷേ ജീവനക്കാർക്ക് ഉപഭോക്താവിനോട് എങ്ങനെ പെരുമാറണം എന്നറിയില്ല.

ഇവിടെ പ്രശ്നം പരസ്യത്തിലല്ല. പറയുന്നതും അനുഭവിപ്പിക്കുന്നതും തമ്മിലുള്ള വ്യത്യാസത്തിലാണ്. ഒരു ബ്രാൻഡ് എന്താണ് വാഗ്ദാനം ചെയ്യുന്നത് എന്നതിനെക്കാൾ പ്രധാനമാണ് ഉപഭോക്താവ് എന്താണ് യഥാർത്ഥത്തിൽ അനുഭവിക്കുന്നത് എന്നത്.

അതുകൊണ്ട് ഒരു ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നതിന് മുമ്പ് ചോദിക്കണം: ''ഞാൻ പറയുന്നത് ദിവസവും പാലിക്കാൻ കഴിയുമോ?''

ആദ്യം സ്വയം ജീവിക്കുക

ശ്രീരാമകൃഷ്ണ പരമഹംസരുമായി ബന്ധപ്പെടുത്തി പറയപ്പെടുന്ന ഒരു പ്രസിദ്ധമായ കഥയുണ്ട്. ഒരു ദിവസം ഒരു അമ്മ തന്റെ മകനുമായി ശ്രീരാമകൃഷ്ണ പരമഹംസരുടെ അടുത്തെത്തി. കുട്ടിക്ക് ശർക്കരയും മധുരപലഹാരങ്ങളും അമിതമായി കഴിക്കുന്ന ശീലമുണ്ടായിരുന്നു. എത്ര പറഞ്ഞിട്ടും കുട്ടി അത് കുറയ്ക്കുന്നില്ല.

അമ്മ പരമഹംസരോട് അപേക്ഷിച്ചു: ''അങ്ങ് പറഞ്ഞാൽ ഇവൻ കേൾക്കും. അധികമായി ശർക്കര കഴിക്കരുതെന്ന് ഒന്ന് ഉപദേശിക്കണം.'' പക്ഷേ അദ്ദേഹം ഉടൻ കുട്ടിയെ ഉപദേശിച്ചില്ല. ''കുറച്ച് ദിവസങ്ങൾക്ക് ശേഷം വീണ്ടും വരൂ,'' എന്നു പറഞ്ഞു. അമ്മയ്ക്ക് അതിശയമായെങ്കിലും അവർ മടങ്ങി.

കുറച്ച് ദിവസങ്ങൾക്ക് ശേഷം വീണ്ടും കുട്ടിയുമായി വന്നു. അപ്പോൾ ശ്രീരാമകൃഷ്ണൻ കുട്ടിയെ അടുത്തിരുത്തി സ്നേഹത്തോടെ പറഞ്ഞു: ''മോനെ, അധികമായി ശർക്കര കഴിക്കുന്നത് നല്ലതല്ല. ഇനി അത് കുറയ്ക്കണം.''

കുട്ടിയും അത് അനുസരിക്കാമെന്ന് സമ്മതിച്ചു. അമ്മയ്ക്ക് ഒരു സംശയം. ''ഇത്ര മാത്രം പറയാനായിരുന്നെങ്കിൽ അന്നേ പറഞ്ഞാൽ പോരായിരുന്നോ? എന്തിനാണ് വീണ്ടും വരാൻ പറഞ്ഞത്?''

അദ്ദേഹത്തിന്റെ മറുപടിയുടെ അർത്ഥം വളരെ ആഴമുള്ളതായിരുന്നു: ''നിങ്ങൾ ആദ്യം വന്നപ്പോൾ ഞാനും ശർക്കര കഴിക്കുന്നുണ്ടായിരുന്നു. ഞാൻ തന്നെ ഉപേക്ഷിക്കാത്ത ഒരു കാര്യം മറ്റൊരാളോട് ഉപേക്ഷിക്കണമെന്ന് എങ്ങനെ പറയും? ആദ്യം ഞാൻ അത് നിർത്തി. അതിനുശേഷമാണ് അവനോട് പറയാൻ എനിക്ക് അവകാശമുണ്ടായത്.''

ഈ കഥ നമ്മെ പഠിപ്പിക്കുന്ന പാഠം വളരെ ലളിതമാണ്: നമ്മൾ പറയുന്നതിന് ശക്തി വരുന്നത്, അത് നമ്മുടെ ജീവിതത്തിൽ കാണുമ്പോഴാണ്. Business-ലും ഇതുതന്നെയാണ്. നിങ്ങൾ discipline-നെക്കുറിച്ച് പറയുന്നുവെങ്കിൽ നിങ്ങളുടെ പ്രവർത്തനത്തിലും സമയനിഷ്ഠ വേണം. Quality-യെക്കുറിച്ച് പറയുന്നുവെങ്കിൽ നിങ്ങളുടെ product-ൽ അത് കാണണം.

Customer care-നെക്കുറിച്ച് പറയുന്നുവെങ്കിൽ complaint വന്ന സമയത്താണ് അത് ഏറ്റവും വ്യക്തമായി കാണേണ്ടത്. Trust-നെക്കുറിച്ച് പറയുന്നുവെങ്കിൽ വാഗ്ദാനം പാലിക്കണം. വാക്ക് ഒരു Brand Promise ആണ്. പ്രവർത്തി അതിന്റെ തെളിവാണ്.

ബ്രാൻഡ് എന്നത് ഒരു അനുഭവമാണ്

ഒരു ശക്തമായ ബ്രാൻഡ് ആളുകൾക്ക് ഒരു പ്രത്യേക അനുഭവം നൽകുന്നു. നിങ്ങൾ premium brand ആണെന്ന് പറയുന്നുവെങ്കിൽ customer-ന് അതിന്റെ അനുഭവം ലഭിക്കണം. Friendly brand ആണെന്ന് പറയുന്നുവെങ്കിൽ ജീവനക്കാരുടെ പെരുമാറ്റത്തിൽ സൗഹൃദം കാണണം. Fast service എന്നതാണ് നിങ്ങളുടെ പ്രത്യേകത എങ്കിൽ പ്രവർത്തനരീതി വേഗത്തിലായിരിക്കണം. Care ആണ് നിങ്ങളുടെ വാഗ്ദാനം എങ്കിൽ പ്രശ്നം വന്ന സമയത്ത് customer-ന് ആ care അനുഭവിക്കണം.

അതുകൊണ്ട് Brand ഒരു ലോഗോയിലോ പരസ്യത്തിലോ മാത്രം ജീവിക്കുന്ന ഒന്നല്ല. ഉപഭോക്താവ് നിങ്ങളുമായി ബന്ധപ്പെടുന്ന ഓരോ ഘട്ടത്തിലും അത് പ്രകടമാകണം. ഫോൺ വിളി. WhatsApp സന്ദേശം. കടയുടെ പ്രവേശനം. സ്വീകരണം. ജീവനക്കാരുടെ പെരുമാറ്റം. ബില്ലിംഗ്. പാക്കിംഗ്. ഡെലിവറി. വിൽപ്പനാനന്തര സേവനം. പരാതി പരിഹരിക്കൽ. ഇവയെല്ലാം ചേർന്നാണ് ഉപഭോക്താവിന്റെ മനസ്സിൽ നിങ്ങളുടെ Brand രൂപപ്പെടുന്നത്.

ആരെയാണ് നിങ്ങൾ സേവിക്കുന്നത്?

Brand പോലെ പ്രവർത്തിക്കാൻ ആദ്യം നിങ്ങളുടെ customer ആരെന്ന് വ്യക്തമായി അറിയണം. എല്ലാവരെയും ഒരേ രീതിയിൽ സേവിക്കാൻ കഴിയില്ല. ഉദാഹരണത്തിന് നിങ്ങളുടെ പ്രധാന customer മുതിർന്നവരാണെന്ന് കരുതുക. അപ്പോൾ 'Senior-friendly service' എന്ന് ബോർഡിൽ എഴുതിയാൽ മാത്രം പോരാ. കടയിലെ അക്ഷരങ്ങൾ വായിക്കാൻ എളുപ്പമുള്ളതാകണം. ഇരിക്കാൻ സൗകര്യമുണ്ടാകണം.

ആവശ്യമെങ്കിൽ കൈപിടിച്ച് സഹായിക്കുന്ന ജീവനക്കാരുണ്ടാകണം. പടികൾ മാത്രമാണെങ്കിൽ സുരക്ഷിതമായ സൗകര്യം ഒരുക്കണം. Staff ക്ഷമയോടെ സംസാരിക്കണം. വിവരങ്ങൾ ലളിതമായി വിശദീകരിക്കണം. Payment process സങ്കീർണമാകരുത്. ആവശ്യമെങ്കിൽ സാധനം വാഹനത്തിലേക്ക് എത്തിച്ചുകൊടുക്കണം.

അപ്പോൾ മാത്രമാണ് customer ചിന്തിക്കുന്നത്: ''ഇവർ ശരിക്കും ഞങ്ങളെ മനസ്സിലാക്കുന്നു.'' ഇവിടെയാണ് Brand Promise ഒരു വാചകത്തിൽ നിന്ന് അനുഭവമായി മാറുന്നത്.

ഉപഭോക്താവിനെ പഠിക്കാതെ Brand നിർമ്മിക്കരുത്

ഒരു നല്ല Brand നിർമ്മിക്കാൻ customer-നെക്കുറിച്ച് ഗവേഷണം വേണം. ആരാണ് നമ്മുടെ പ്രധാന ഉപഭോക്താവ്? അവന്റെ പ്രശ്നം എന്താണ്? അവൻ എന്തിനെ ഭയക്കുന്നു? എന്തിനാണ് കൂടുതൽ വില നൽകാൻ തയ്യാറാകുന്നത്? എന്താണ് അവന് സൗകര്യം? എന്താണ് അസൗകര്യം? അവൻ എന്താണ് പ്രതീക്ഷിക്കുന്നത്? ഏത് തരത്തിലുള്ള ഭാഷയാണ് അവനോട് ഉപയോഗിക്കേണ്ടത്? ഇവ മനസ്സിലാക്കിയ ശേഷമാണ് Brand Experience രൂപപ്പെടുത്തേണ്ടത്.

നമ്മുടെ ഇഷ്ടത്തിന് ഒരു Brand നിർമ്മിച്ച് customer അത് സ്വീകരിക്കണമെന്ന് പ്രതീക്ഷിക്കുന്നത് ശരിയായ മാർഗമല്ല. ആദ്യം customer-നെ മനസ്സിലാക്കുക. പിന്നെ അവന് അനുയോജ്യമായ അനുഭവം സൃഷ്ടിക്കുക.

Product മാത്രം നല്ലതായാൽ പോരാ

നിങ്ങളുടെ product വളരെ നല്ലതാകാം. പക്ഷേ staff മോശമായി പെരുമാറിയാൽ customer-ന്റെ അനുഭവം മോശമാകും. Staff നല്ലതാകാം. പക്ഷേ delivery സ്ഥിരമായി വൈകിയാൽ വിശ്വാസം കുറയും. കട മനോഹരമായിരിക്കാം. പക്ഷേ complaint പറഞ്ഞാൽ ആരും ഉത്തരവാദിത്തം എടുക്കുന്നില്ലെങ്കിൽ Brand ദുർബലമാകും.

അതുകൊണ്ട് Brand ഒരാളുടെ മാത്രം ജോലി അല്ല. Owner, Staff, Product, Service, System, Environment, Communication എല്ലാം ഒരേ വാഗ്ദാനം പിന്തുണയ്ക്കണം.

ജീവനക്കാരും Brand-ന്റെ ഭാഗമാണ്

Customer എല്ലായ്പ്പോഴും business owner-നെ കാണണമെന്നില്ല. പലപ്പോഴും customer കാണുന്നത് ജീവനക്കാരെയാണ്. അതുകൊണ്ട് Brand Promise owner-ന് മാത്രം അറിയുന്നത് പോരാ. ഓരോ staff member-നും അത് മനസ്സിലാക്കണം. ഉദാഹരണത്തിന് നിങ്ങളുടെ വാഗ്ദാനം: ''ഓരോ customer-നോടും കുടുംബാംഗത്തെപ്പോലെ പെരുമാറുക.'' അപ്പോൾ അതിന്റെ അർത്ഥം staff-ന് വ്യക്തമാകണം.

Customer അകത്ത് വന്നാൽ ശ്രദ്ധിക്കുക. അവനെ കാത്തുനിർത്തി അവഗണിക്കരുത്. സംശയം ചോദിച്ചാൽ അസഹിഷ്ണുത കാണിക്കരുത്. പ്രശ്നം കേൾക്കുക. പരിഹാരം കണ്ടെത്താൻ ശ്രമിക്കുക. ഉൽപ്പന്നം ലഭ്യമല്ലെങ്കിൽ മറ്റൊരു മാർഗം നിർദേശിക്കുക. അപ്പോൾ Brand Promise ഒരു പോസ്റ്ററിൽ നിന്ന് യഥാർത്ഥ പെരുമാറ്റമായി മാറുന്നു.

പരിസരവും നിങ്ങളെക്കുറിച്ച് സംസാരിക്കുന്നു

നിങ്ങൾ ഒന്നും പറയാതിരുന്നാലും നിങ്ങളുടെ സ്ഥാപനം customer-നോട് പല കാര്യങ്ങളും പറയുന്നുണ്ട്. വൃത്തിയുണ്ടോ? ക്രമമുണ്ടോ? അവിടെ എത്തുമ്പോൾ സൗകര്യമുണ്ടോ? വെളിച്ചം ശരിയായിട്ടുണ്ടോ? അക്ഷരങ്ങളും ബോർഡുകളും വ്യക്തമായി കാണാമോ? Staff-ന്റെ വസ്ത്രധാരണം അനുയോജ്യമാണോ? Packing എങ്ങനെയാണ്? ഇവയൊന്നും ഒറ്റയ്ക്ക് Brand അല്ല. പക്ഷേ എല്ലാം ചേർന്ന് ഒരു feeling സൃഷ്ടിക്കുന്നു.

ഇവിടെ ആഡംബരം ആവശ്യമില്ല. യോജിച്ച അന്തരീക്ഷമാണ് വേണ്ടത്. Budget customers-നുള്ള business-നും premium customers-നുള്ള business-നും ഒരേ presentation ആവശ്യമില്ല. Senior citizens-നെ സേവിക്കുന്ന സ്ഥാപനവും teenagers-നെ ലക്ഷ്യമിടുന്ന സ്ഥാപനവും ഒരേ രീതിയിൽ പ്രവർത്തിക്കേണ്ടതുമില്ല. നിങ്ങളുടെ Brand ആരെയാണ് സേവിക്കുന്നത് എന്നതനുസരിച്ച് നിങ്ങളുടെ ലോകം രൂപപ്പെടണം.

ഒരു Brand Standard ഉണ്ടാക്കുക

Brand പോലെ പ്രവർത്തിക്കാൻ ഒരു ചെറിയ business owner ആദ്യം അഞ്ച് ചോദ്യങ്ങൾക്ക് ഉത്തരം എഴുതിവയ്ക്കാം.

  1. ഞങ്ങളുടെ പ്രധാന customer ആരാണ്?
  2. ഞങ്ങളിൽ നിന്ന് അവർ എന്താണ് പ്രതീക്ഷിക്കേണ്ടത്? Quality? Speed? Care? Expertise? Convenience? Premium experience?
  3. ഞങ്ങളുടെ പ്രധാന വാഗ്ദാനം എന്താണ്? ഒരു ലളിതമായ വാചകത്തിൽ അത് എഴുതുക.
  4. ആ വാഗ്ദാനം customer എവിടെയൊക്കെ അനുഭവിക്കണം? Product-ൽ? Staff behaviour-ൽ? Shop-ൽ? Delivery-ൽ? After-sales service-ൽ?
  5. ആ വാഗ്ദാനം തകർക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണ്? Late delivery? Unclear pricing? Poor behaviour? Unclean environment? Slow response?

ഇവയെ തിരിച്ചറിഞ്ഞ് പരിഹരിക്കുക. ഇതാണ് നിങ്ങളുടെ Brand Standard.

വാഗ്ദാനത്തിൽ നിന്ന് വിശ്വാസത്തിലേക്ക്

ഒരു Brand Promise പാലിക്കാൻ നല്ല മനസ്സ് മാത്രം പോരാ. സംവിധാനം വേണം. Fast delivery ആണെങ്കിൽ delivery system വേണം. Customer care ആണെങ്കിൽ complaint-handling system വേണം. Quality ആണെങ്കിൽ quality-checking system വേണം.

Personal attention ആണെങ്കിൽ customer details സൂക്ഷിക്കുകയും പിന്തുടരുകയും ചെയ്യുന്ന സംവിധാനം വേണം. അതുകൊണ്ട് Brand Building-നെ ഒരു ലളിതമായ ക്രമത്തിൽ കാണാം:

Promise→System→Behaviour→Experience→Trust

ആദ്യം എന്താണ് വാഗ്ദാനം ചെയ്യുന്നത് എന്ന് തീരുമാനിക്കുക. അത് പാലിക്കാൻ സംവിധാനം നിർമ്മിക്കുക. Owner-ും staff-ും അതനുസരിച്ച് പ്രവർത്തിക്കുക. Customer അത് അനുഭവിക്കുക. ആ അനുഭവം വീണ്ടും വീണ്ടും ഒരേ രീതിയിൽ ലഭിക്കുമ്പോൾ വിശ്വാസം രൂപപ്പെടുന്നു. ആ വിശ്വാസമാണ് പതുക്കെ Brand ആയി മാറുന്നത്.

അഭിനയിക്കരുത്; അഭ്യസിക്കുക

''Brand പോലെ അഭിനയിക്കുക'' എന്ന വാചകം ചിലപ്പോൾ തെറ്റായി മനസ്സിലാകാം. നമുക്ക് അഭിനയിക്കേണ്ടതില്ല. അഭ്യസിക്കണം. നാളെ നിങ്ങൾ ആകാൻ ആഗ്രഹിക്കുന്ന Brand-ന്റെ standards ഇന്നുതന്നെ പരിശീലിക്കുക.

ഒരു branch മാത്രമാണെങ്കിലും പല branches ഉള്ള സ്ഥാപനത്തെപ്പോലെ systems ചിന്തിക്കുക. അഞ്ച് ജീവനക്കാരാണ് ഉള്ളതെങ്കിലും professionalism-ൽ വിട്ടുവീഴ്ച ചെയ്യരുത്. Customer എണ്ണം കുറവാണെങ്കിലും ഓരോരുത്തരെയും വിലമതിക്കുക. Office ചെറിയതാണെങ്കിലും വൃത്തിയും ക്രമവും ഉറപ്പാക്കുക. Budget ചെറിയതാണെങ്കിലും customer-ന് നൽകിയ വാക്ക് ചെറിയതാക്കരുത്. വലുപ്പം ചെറിയതാകാം. നിലവാരം ചെറിയതാകരുത്.

Brand Gap ഒഴിവാക്കുക

Brand Building-ൽ ഏറ്റവും അപകടകരമായ സ്ഥിതി ഇതാണ്: പറയുന്നത് ഒരു കാര്യം. Customer അനുഭവിക്കുന്നത് മറ്റൊന്ന്. ''നിങ്ങളുടെ സമയം ഞങ്ങൾക്ക് വിലപ്പെട്ടതാണ്.'' പക്ഷേ customer മണിക്കൂറുകൾ കാത്തിരിക്കുന്നു. ''24 മണിക്കൂറിനുള്ളിൽ മറുപടി നൽകും.'' പക്ഷേ മൂന്ന് ദിവസം കഴിഞ്ഞിട്ടും മറുപടി ഇല്ല. ''Customer First.' പക്ഷേ complaint പറഞ്ഞ customer-നോട് staff തർക്കിക്കുന്നു.

ഈ വിടവ് കൂടുന്തോറും Trust കുറയും. വിടവ് കുറയുന്തോറും Brand ശക്തമാകും.

Branding പുറത്തേക്കുള്ള അലങ്കാരം മാത്രമല്ല

പുതിയ ലോഗോ. നിറം. Uniform. Interior. Social media design. ഇവയെല്ലാം Brand-ന് സഹായിക്കും. പക്ഷേ അകത്ത് മാറ്റമില്ലെങ്കിൽ ഇവ പുറം അലങ്കാരമായി മാത്രം മാറും. യഥാർത്ഥ Brand Building അകത്തുനിന്ന് പുറത്തേക്കാണ്.

ആദ്യം: മൂല്യങ്ങൾ. വാഗ്ദാനം. സംസ്കാരം. പെരുമാറ്റം. സംവിധാനങ്ങൾ. Customer Experience. അതിനുശേഷമാണ് visual identity. അകത്ത് നിങ്ങൾ ആരാണെന്ന് വ്യക്തമാകാതെ പുറത്തേക്ക് നിങ്ങൾ ആരാണെന്ന് വരച്ചുകാണിക്കുന്നതുകൊണ്ട് Brand ഉണ്ടാകില്ല.

ആദ്യം നിങ്ങളെത്തന്നെ പരിശോധിക്കുക

നിങ്ങളുടെ product നിങ്ങൾ സ്വന്തം കുടുംബത്തിന് ആത്മവിശ്വാസത്തോടെ recommend ചെയ്യുമോ?നിങ്ങളുടെ സ്ഥാപനത്തിലെ customer experience നിങ്ങൾക്ക് തന്നെ ലഭിച്ചാൽ സന്തോഷമുണ്ടാകുമോ?നിങ്ങളുടെ staff നിങ്ങളോട് customer-നോട് സംസാരിക്കുന്ന അതേ രീതിയിൽ സംസാരിച്ചാൽ നിങ്ങൾ അത് സ്വീകരിക്കുമോ? നിങ്ങൾ നൽകുന്ന വാഗ്ദാനം നിങ്ങൾക്ക് തന്നെ വിശ്വസിക്കാമോ? ഈ ചോദ്യങ്ങൾക്ക് സത്യസന്ധമായി മറുപടി പറയുക. അവിടെയാണ് Brand Building തുടങ്ങേണ്ടത്.

മൈക്രോ ബ്രാൻഡിന്റെ ആദ്യ പ്രായോഗിക ശീലം

ഇതുവരെ നമ്മൾ Expertise, Visibility, Reach, Authority എന്നിവയെക്കുറിച്ച് സംസാരിച്ചു. ഇനി അവയെ ജീവിതത്തിലും ബിസിനസിലും കാണിക്കണം. അതിന്റെ ആദ്യപടി: Brand ആകാൻ കാത്തിരിക്കരുത്. Brand പോലെ പ്രവർത്തിക്കാൻ ഇന്നുതന്നെ തുടങ്ങുക. നിങ്ങളുടെ വാഗ്ദാനം കണ്ടെത്തുക. ആദ്യം അത് നിങ്ങൾ പാലിക്കുക. Staff-നെ അതിലേക്ക് പരിശീലിപ്പിക്കുക. Systems അതനുസരിച്ച് രൂപപ്പെടുത്തുക. Environment അതിനനുസരിച്ച് ക്രമീകരിക്കുക. Customer-ന് സ്ഥിരമായ അനുഭവം നൽകുക. വീണ്ടും വീണ്ടും അതേ വാഗ്ദാനം പാലിക്കുക.

ഒരു ദിവസം നിങ്ങൾക്ക് സ്വയം പറയേണ്ട ആവശ്യമില്ല: ''ഞാൻ ഒരു Brand ആണ്.'' Customer തന്നെയാണ് പറയുക: ''അവരെ വിശ്വസിക്കാം. അവർ പറയുന്നതുപോലെ തന്നെയാണ് പ്രവർത്തിക്കുന്നത്.'' അതാണ് യഥാർത്ഥ Brand.

ഓർക്കുക: വാക്കുകളേക്കാൾ ശക്തമാണ് പ്രവർത്തനം. വാഗ്ദാനത്തേക്കാൾ ശക്തമാണ് അനുഭവം.
ലോഗോയേക്കാൾ ശക്തമാണ് പെരുമാറ്റം. അതുകൊണ്ട് ഒരു Micro Brand നിർമ്മിക്കാനുള്ള ആദ്യത്തെ യഥാർത്ഥ പരിശീലനം ഇതാണ്: നിങ്ങൾ പറയുന്ന Brand ആദ്യം നിങ്ങൾ ജീവിക്കുക.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.