Sections

ലക്ഷങ്ങൾക്ക് തൊഴിൽ ഉറപ്പാക്കും - മന്ത്രി കെ എൻ ബാലഗോപാൽ

Friday, Oct 20, 2023
Reported By Admin
G8

ചെറുഗ്രാമങ്ങളിലേത് ഉൾപ്പടെ ചെറുപ്പക്കാർക്ക് അവസരങ്ങളുടെ വലിയനിര ഒരുക്കി ലക്ഷങ്ങൾക്ക് തൊഴിൽ ഉറപ്പാക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ് സംസ്ഥാന സർക്കാരെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ, കുളക്കട അസാപ് സ്കിൽ പാർക്ക് ക്യാമ്പസിൽ ആഗോള അക്കൗണ്ടിങ് കമ്പനിയായ ജിആർ 8 അഫിനിറ്റി സർവീസസ് എൽഎൽപിയുടെ പ്രാദേശിക കേന്ദ്രം നാടിന് സമർപ്പിക്കുകയായിരുന്നു അദ്ദേഹം.

കൊമേഴ്സ് ബിരുദധാരികൾക്ക് തൊഴിൽസാധ്യതയുടെ വാതിലുകൾ തുറന്നാണ് കമ്പനി എത്തുന്നത്. അമേരിക്കയിലെ അക്കൗണ്ടിങ്മേഖലയിലേക്ക് എന്റോൾഡ് ഏജന്റുമാരെ പരിശീലിപ്പിക്കുന്നത് അസാപ്പ് തുടങ്ങിയ പശ്ചാത്തലത്തിൽ ഇവിടെ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് കമ്പനി തൊഴിലവസരം ഒരുക്കും.

കുളക്കട അസാപ് സ്കിൽപാർക്ക് സെന്ററിൽ ആദ്യം പരിശീലനം ലഭിച്ച 25 പേർക്കും പ്ലെയിസ്മെന്റ് കിട്ടി. ഇവരിൽ 18 പേരെയാണ് ജി ആർ 8 ശാഖയിലേക്ക് തെരഞ്ഞെടുത്തത്. കമ്പനി എല്ലായിടത്തും നൽകുന്ന അതേശമ്പളവും ആനുകൂല്യങ്ങളും ഉറപ്പാക്കിയിട്ടുമുണ്ട്.

ഐ ടി അധിഷ്ഠിത തൊഴിൽസാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയാണിപ്പോൾ. ആധുനിക സൗകര്യങ്ങൾ എല്ലായിടത്തും ആവശ്യാനുസരണം ഏർപ്പെടുത്തുന്നു. വിപുലീകരണവും ആവശ്യകതയ്ക്ക് അനുസൃതമായി നടത്തും എന്നും അദ്ദേഹം പറഞ്ഞു.

അസാപ് സി എം ഡി ഡോ ഉഷ ടൈറ്റസ് അധ്യക്ഷയായി. കമ്പനിയുടെ സി ഇ ഒ ഫ്രാങ്ക് പാട്രി, ഡയറക്ടർ അനീഷ് നങ്ങേലിൽ, എച്ച് ആർ മേധാവി അനന്തേഷ് ബില്ലവ, ഡിജിറ്റൽ യൂണിവെഴ്സിറ്റി വൈസ് ചാൻസലർ ഡോ സജി ഗോപിനാഥ്, കേരള സ്റ്റാർട്ട് അപ് മിഷൻ സി ഇ ഒ അനൂപ് അംബിക, കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. സജിമോൻ, മറ്റു ജനപ്രതിനിധികൾ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു. വിവിധ സ്ഥാപനങ്ങളുമായുള്ള ധാരണാപത്രം മന്ത്രിക്ക് കൈമാറി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.