- Trending Now:
കൊച്ചി: ലോകപ്രശസ്ത സെർബിയൻ പെർഫോമൻസ് ആർട്ടിസ്റ്റ് മറീന അബ്രാമോവിച്ച്, കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായി ഫെബ്രുവരി 10-ന് പ്രഭാഷണം നടത്തും. 'കലയുടെ ഭൂതവും വർത്തമാനവും ഭാവിയും' എന്ന വിഷയത്തെ ആസ്പദമാക്കി വെല്ലിംഗ്ടൺ ഐലൻഡിലെ സാമുദ്രിക കൺവെൻഷൻ സെന്ററിൽ വൈകുന്നേരം 6 മുതൽ 8 വരെയാണ് പരിപാടി.
16 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ഈ പരിപാടിയിൽ പങ്കെടുക്കാം. മുതിർന്നവർക്ക് 1000 രൂപയും കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും 500 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ബിനാലെയുടെ ഔദ്യോഗിക വെബ്സൈറ്റ് (https://events.finlo.in/kochibiennalemarina) വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. ഏകദേശം 800 പേർക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഹാളിൽ ഒരുക്കിയിരിക്കുന്നത്.
ബിനാലെയുടെ ഭാഗമായി വെല്ലിംഗ്ടൺ ഐലൻഡിലെ ഐലൻഡ് വെയർഹൗസിൽ ഒരുക്കിയിരിക്കുന്ന അബ്രാമോവിച്ചിന്റെ 'വാട്ടർഫാൾ' എന്ന സൃഷ്ടി ഇതിനകം തന്നെ ജനശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു. തിബറ്റൻ ബുദ്ധമത സന്യാസിമാരുടെ സ്വാധീനത്തിൽ നിന്ന് രൂപപ്പെട്ട ഈ ഇൻസ്റ്റാളേഷനിൽ 108 സന്യാസിമാരുടെ പ്രാർത്ഥനാ മന്ത്രങ്ങൾ ഒരു ശബ്ദധാരയായിട്ടാണ് അവതരിപ്പിക്കുന്നത്. ഇതിന് മുന്നിൽ ഒരുക്കിയിരിക്കുന്ന 12 ചാരുകസേരകളിൽ ഇരുന്നുകൊണ്ട് സന്ദർശകർക്ക് ധ്യാനനിരതമായ നിമിഷങ്ങൾ അനുഭവിക്കാനാകും. 2012-ൽ സ്ഥാപിതമായ മറീന അബ്രാമോവിച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചരിത്രവും പെർഫോമൻസ് ആർട്ടിന്റെ നാൾവഴികളും ഫോർട്ട് കൊച്ചിയിലെ ആസ്പിൻവാൾ ഹൗസിലും പ്രദർശിപ്പിക്കുന്നുണ്ട്.
റിഥം 0 (1974), ദ ആർട്ടിസ്റ്റ് ഈസ് പ്രസന്റ് (2010) തുടങ്ങിയ വിഖ്യാത പ്രകടനങ്ങളിലൂടെ കലയിൽ വിപ്ലവം സൃഷ്ടിച്ച അബ്രാമോവിച്ച്, സ്വന്തം ശരീരത്തെയാണ് മാധ്യമമായി ഉപയോഗിക്കുന്നത്. അച്ചടക്കവും പരിശീലനവും വെല്ലുവിളികളും എങ്ങനെ ശാരീരികവും വൈകാരികവും ആത്മീയവുമായ സഹിഷ്ണുതയെ ശക്തിപ്പെടുത്തുന്നു എന്ന് അവർ തന്റെ കലയിലൂടെ തെളിയിക്കുന്നു. ദീർഘനേരം നീണ്ടുനിൽക്കുന്ന അവരുടെ പ്രകടനങ്ങൾ കലാകാരനും പ്രേക്ഷകനും തമ്മിലുള്ള ബന്ധത്തെ ആഴത്തിൽ വിശകലനം ചെയ്യുന്നവയാണ്. ചലനങ്ങളേക്കാൾ കൂടുതൽ നിശബ്ദതയ്ക്കും ആവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്നവയാണ് അവരുടെ രീതികൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.